ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിയതിനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തികച്ചും ഭരണഘടനാവിരുദ്ധമായാണ് 370-ാം റദ്ദാക്കിയതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനാധിപത്യത്തിന്‍റെ എല്ലാ മര്യാദകളും ലംഘിച്ചായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കമെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ജമ്മു കശ്മീർ വിഷയത്തിൽ ആദ്യമായാണ് പ്രിയങ്ക പ്രതികരിച്ചിരിക്കുന്നത്.

“ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിയ വിതം തികച്ചും ഭരണഘടന വിരുദ്ധമാണ്. ജനാധിപത്യത്തിന്റെ എല്ലാ മര്യാദകൾക്കും എതിരായിരുന്നു അത്. ഇത്തരത്തിൽ ഒരു ഭേദഗതി വരുത്തുമ്പോൾ പാലിക്കേണ്ട ചട്ടങ്ങളുണ്ട്, അതൊന്നും പാലിക്കപ്പെട്ടട്ടില്ല.” പ്രിയങ്ക പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ 370 വകുപ്പ് റദ്ദാക്കിയത്. ഇത് സംബന്ധിച്ച പ്രമേയവും ജമ്മു കശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കാനുള്ള ബില്ലും പാർലമെന്റ് പാസാക്കിയിരുന്നു. ലോക്‌സഭയിലും രാജ്യസഭയിലും ബില്ല് പാസാക്കാൻ സർക്കാരിന് സാധിച്ചു. കോൺഗ്രസിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഇത് സംബന്ധിച്ച് ഉയർന്ന് വന്നത്. കോൺഗ്രസിന്റെ രാജ്യസഭ ചീഫ് വിപ്പ് ബില്ലിനെ അനുകൂലിക്കുകയും കോൺഗ്രസിൽ നിന്ന് രജിവച്ച് ബിജെപിയിൽ ചേരുകയും ചെയ്തിരുന്നു. രാഹുലുമായും പ്രിയങ്കയുമായും അടുത്ത ബന്ധം പുലർത്തുന്ന ജ്യോതിരാധിത്യ സിന്ധ്യയും ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

Also Read: ‘സർക്കാരിന് സമയം നൽകണം’; ജമ്മു കശ്മീർ വിഷയത്തിൽ ഉടൻ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

അതേസമയം ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന് സര്‍ക്കാരിന് കൂടുതല്‍ സമയം നല്‍കണമെന്ന് സുപ്രീം കോടതി. വിഷയത്തിൽ നിയന്ത്രണങ്ങൾ പിൻവലിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ഉടൻ ഉത്തരവുകൾ ഒന്നും ഇറക്കില്ലെന്നും കോടതി വ്യക്തമാക്കി. വാർത്താ വിനിമയം ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിയന്ത്രണം പിൻവലിക്കുന്നതിന് സർക്കാരിന് സമയം അനുവദിക്കണമെന്ന് കോടതി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook