ന്യൂഡൽഹി: രാഷ്ട്രപതിയായതിനുശേഷം കോൺഗ്രസിന്റെ നേതൃത്വത്തിന് രാഷ്ട്രീയ ശ്രദ്ധ നഷ്ടപ്പെട്ടുവെന്നും യുപിഎ സഖ്യം സംരക്ഷിക്കുന്നതിലുള്ള മൻമോഹൻ സിങ്ങിന്റെ താൽപര്യം ഭരണത്തെ സ്വാധീനിച്ചുവെന്നും അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജി തന്റെ ഓർമ്മക്കുറിപ്പിൽ പറയുന്നു. അദ്ദേഹത്തിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച്, പുറത്തിറങ്ങാനിരിക്കുന്ന ഓർമക്കുറിപ്പിൽ നിന്നുള്ള ചില ഭാഗങ്ങൾ പുസ്തക പ്രസാധകരായ രൂപ പ്രസിദ്ധീകരിച്ചു.
2004 ൽ താൻ പ്രധാനമന്ത്രിയായിരുന്നെങ്കിൽ 14 ലെ തിരിച്ചടിയിൽ നിന്ന് പാർട്ടി രക്ഷപ്പെടുമായിരുന്നു, എന്ന് നിരീക്ഷിക്കുന്ന കോൺഗ്രസുകാരുണ്ടെന്നും പക്ഷേ, തനിക്ക് ആ അഭിപ്രായമില്ലെന്നും പ്രണബ് ദ് പ്രസിഡൻഷ്യൽ ഇയേഴ്സിൽ കുറിച്ചിട്ടുണ്ട്.
“2004 ൽ ഞാൻ പ്രധാനമന്ത്രിയായിരുന്നുവെങ്കിൽ, 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി പാർട്ടിക്ക് ഒഴിവാക്കാമായിരുന്നുവെന്ന് കോൺഗ്രസിലെ ചില അംഗങ്ങൾ സിദ്ധാന്തിച്ചിട്ടുണ്ട്. ആ അഭിപ്രായത്തോട് യോജിക്കുന്നില്ലെങ്കിലും, ഞാൻ രാഷ്ട്രപതിയായതിന് ശേഷം പാർട്ടി നേതൃത്വത്തിന് രാഷ്ട്രീയ ശ്രദ്ധ നഷ്ടപ്പെട്ടുവെന്ന് വിശ്വസിക്കുന്നു. പാർട്ടിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സോണിയ ഗാന്ധിക്ക് കഴിഞ്ഞില്ല. ഡോ. സിങ്ങിന്റെ ദീർഘകാല സഭാ അഭാവം മറ്റ് എംപിമാരുമായുള്ള വ്യക്തിപരമായ സമ്പർക്കത്തിൽ വിള്ളൽ വീഴ്ത്തി,” പ്രണബ് മുഖർജി കുറിച്ചു.
രൂപ പ്രസിദ്ധീകരിച്ച പ്രസിഡന്റിന്റെ ഓർമ്മക്കുറിപ്പുകൾ അടുത്ത മാസം വിൽപ്പനയ്ക്കെത്തും. ഓഗസ്റ്റ് 31 ന് തന്റെ 84-ാം വയസ്സിലാണ് പ്രണബ് മുഖർജി അന്തരിച്ചത്.
സഖ്യം സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ മൻമോഹൻ സിങ്ങിന് ഭരണ നിർവഹണത്തിൽ വീഴ്ച പറ്റി. ആദ്യ കാലയളവിൽ മോദിയുടെ സ്വേച്ഛാധിപത്യശൈലി, സർക്കാരും പാർലമെന്റും ജുഡീഷ്യറിയും തമ്മിലുള്ള ബന്ധം മോശമാക്കി. രണ്ടാം മോദി സർക്കാരിൽ സ്ഥിതി മാറുമോ എന്ന് കണ്ടെറിയണം.”
ദ ഡ്രമാറ്റിക് ഡികേഡ്: ദ ഇന്ദിര ഗാന്ധി ഇയേഴ്സ്, ദ ടർബുലൻഡ് ഇയേഴ്സ്, ദ കോയിലേഷൻ ഇയേഴ്സ് എന്നിവയാണ് നേരത്തെ, പുറത്തിറങ്ങിയ മൂന്നുഭാഗങ്ങൾ. നാലാം ഭാഗം പ്രസിഡൻഷ്യൽ ഇയേഴ്സ് ജനവുരി ആദ്യം പുറത്തിറങ്ങുമെന്ന് പ്രസാധകരായ രൂപ പബ്ലിക്കേഷൻ വ്യക്തമാക്കി.
ദ കോയിലേഷൻ ഇയേഴ്സിൽ, 2012ൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസിന് തന്നെ തിരഞ്ഞെടുക്കാമായിരുന്നു എന്ന് താൻ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
“പ്രധാനമന്ത്രിയാകുന്നതിന് (2004 ൽ) എന്നെക്കാൾ യോഗ്യൻ താനാണെന്ന് അദ്ദേഹത്തിന് തോന്നാൻ കാരണങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, ഈ വിഷയത്തിൽ എനിക്ക് മറ്റ് മാർഗമില്ലെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹം പ്രധാനമന്ത്രിയാകണമെന്ന് വിശ്വസിക്കാൻ അദ്ദേഹത്തിന് കാരണങ്ങൾ ഉണ്ടായിരുന്നു, അത് സംഭവിച്ചില്ലെങ്കിലും. പക്ഷേ അത് ഞങ്ങളുടെ ബന്ധത്തെ ബാധിച്ചില്ല,” മുഖർജിയുടെ ഓർമ്മക്കുറിപ്പിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേ മൻ മോഹൻ സിങ് പറഞ്ഞു.