മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളുമായി കോണ്‍ഗ്രസും എന്‍സിപിയും. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ഇന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയ്ക്ക് പിന്തുണ നല്‍കണോ എന്ന കാര്യത്തില്‍ ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്താനാണ് സാധ്യത. ഡല്‍ഹിയിലാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുക. മഹാരാഷ്ട്രയില്‍ ഒരു സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ്-എന്‍സിപി നേതാക്കള്‍ പറയുന്നു.

കോണ്‍ഗ്രസും എന്‍സിപിയും മുന്നോട്ടുവച്ച പൊതു മിനിമം പരിപാടിയെ കുറിച്ചുള്ള ആലോചനയിലാണ് ശിവസേന. പൊതു മിനിമം പരിപാടി അംഗീകരിക്കണോ എന്ന കാര്യത്തില്‍ സേന ഇതുവരെ തീരുമാനമെടുത്തിട്ടില്ല. തങ്ങളുടെ ആവശ്യങ്ങള്‍ ശിവസേന അംഗീകരിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും പിന്തുണ നല്‍കും. സോണിയ ഗാന്ധിയും പവാറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസിലെയും എന്‍സിപിയിലെയും മറ്റു നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തും. നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചയില്‍ പൊതുധാരണയായാല്‍ സംസ്ഥാനത്ത് ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യ സര്‍ക്കാര്‍ ചുമതലയേല്‍ക്കും.

Read Also: അതിലൊരു തീരുമാനമായി; മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം

ശിവസേനയും എൻസിപിയും കോൺഗ്രസും ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം എൻസിപി അധ്യക്ഷൻ ശരദ് പവാർ പ്രഖ്യാപിച്ചിരുന്നു. സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നേരത്തെ സഖ്യ സർക്കാരിന് ആറുമാസം പോലും ഭരണത്തിൽ തുടരാനാകില്ലെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായി ദേവന്ദ്ര ഫട്നാവിസ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു ശരദ് പവാറിന്റെ പ്രസ്താവന.

നേരത്തെ ഭൂരിപക്ഷം തെളിയിക്കാൻ മൂന്ന് പാർട്ടികൾക്കും സാധിക്കാതെ വന്നതോടെയാണ് മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി എൻഡിഎ വിട്ട ശിവസേനയ്ക്ക് എൻസിപിയുടെയും കോൺഗ്രസിന്റെയും പിന്തുണ ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല. ശിവസേന പോയതോടെ ബിജെപി സാധ്യതകളും അവസാനിച്ചു. ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റകക്ഷിയായ എൻസിപിക്കും തിരിച്ചടിയായത് ശിവസേനയുമായുള്ള ചർച്ചകൾ തീരുമാനത്തിലെത്താത്തതായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം. കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിക്ക് 3 സീറ്റ് കിട്ടി. മജ്‍ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്‍വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook