മേയ് മൂന്നിനുശേഷം ലോക്ക്ഡൗൺ നീട്ടുന്നത് കൂടുതൽ തകർച്ചയുണ്ടാക്കുമെന്ന് സോണിയ ഗാന്ധി

വർഗീയതയുടെയും വിദ്വേഷത്തിന്റെയും വൈറസ് പരത്തുകയാണ് ബിജെപിയെന്നും സോണിയ ആരോപിച്ചു

ന്യൂഡൽഹി: ലോക്ക്ഡൗൺ കഴിഞ്ഞാലും കോവിഡ്-19 നെ തുടർന്നുണ്ടായ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കേന്ദ്രസർക്കാരിന് യാതൊരു ഐഡിയയും ഇല്ലെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോവിഡ്-19 നെ പ്രതിരോധിക്കാൻ ഒട്ടേറെ നിർദേശങ്ങൾ കോൺഗ്രസ് സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ ഭാഗികമായി മാത്രമേ സർക്കാർ ഇക്കാര്യം പരിഗണിച്ചുളളൂവെന്ന് സോണിയ പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തെ വീഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ.

”മാർച്ച് 23 ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം പലതവണ ഞാൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഞങ്ങളുടെ മുഴുവൻ സഹകരണം വാഗ്‌ദാനം ചെയ്യുകയും ഗ്രാമീണ, നഗര കുടുംബങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് നിരവധി നിർദേശങ്ങൾ നൽകുകയും ചെയ്തു. നമ്മുടെ മുഖ്യമന്ത്രിമാർ ഉൾപ്പെടെ വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭിച്ച ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശങ്ങൾ രൂപീകരിച്ചത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, സര്‍ക്കാര്‍ ഭാഗികമായി മാത്രമേ അവ പരിഗണിച്ചുള്ളൂ. പിശുക്കന്‍മാരുടെ സ്വഭാവമാണ് അവര്‍ കാണിച്ചത്. ഈ ഘട്ടത്തില്‍ വിശാലമായ മനസും ഇടപെടലുമാണ് വേണ്ടത്,” സോണിയ പറഞ്ഞു.

Read Also: സോണിയ ഗാന്ധിയെ അധിക്ഷേപിച്ചു; അർണബ് ഗോസ്വാമിക്കെതിരെ എഫ്ഐആർ

കോവിഡ് പരിശോധന വളരെ കുറഞ്ഞ അളവിലാണ് ഇന്ത്യയിൽ നടക്കുന്നത്. ടെസ്റ്റിങ് കിറ്റുകളുടെ ദൗർലഭ്യമുണ്ടെന്നും, ഗുണമേന്മ കുറഞ്ഞ ടെസ്റ്റിങ് കിറ്റുകളാണ് കിട്ടുന്നതെന്നും സോണിയ യോഗത്തിൽ വ്യക്തമാക്കി. മേയ് 3 ന് ശേഷം ലോക്ക്ഡൗൺ നീട്ടിയാൽ അത് കൂടുതൽ വിനാശകരമാകുമെന്നും സോണിയ അഭിപ്രായപ്പെട്ടു.

വർഗീയതയുടെയും വിദ്വേഷത്തിന്റെയും വൈറസ് പരത്തുകയാണ് ബിജെപിയെന്നും സോണിയ ആരോപിച്ചു. യോഗത്തിൽ ഭക്ഷ്യ ക്ഷാമം, തൊഴിലില്ലായ്മ, കർഷകരുടെ ദുരിതങ്ങൾ എന്നിവയെക്കുറിച്ചും സോണിയ സംസാരിച്ചു.

കൊറോണ വൈറസ് ബാധയെത്തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ അഞ്ച് നിര്‍ദേശങ്ങള്‍ കോൺഗ്രസ് മുന്നോട്ടുവച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെഴുതിയ കത്തിലാണു സോണിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. സര്‍ക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും കോവിഡ് -19 സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഒഴികെയുള്ള മാധ്യമ പരസ്യങ്ങള്‍ക്കു പൂര്‍ണമായും നിരോധനമേര്‍പ്പെടുത്താന്‍ സോണിയ നിര്‍ദേശിച്ചു. ഇതുവഴി കേന്ദ്രം പ്രതിവര്‍ഷം ചെലവഴിക്കുന്ന കുറഞ്ഞത് 1250 കോടി രൂപയെങ്കിലും ആവശ്യത്തിനു ലഭിക്കുമെന്ന് അവര്‍ പറഞ്ഞു.

ചെലവ് ബജറ്റില്‍ (ശമ്പളം, പെന്‍ഷന്‍, കേന്ദ്ര പദ്ധതികള്‍ ഒഴികെ) 30 ശതമാനം ആനുപാതികമായി കുറയ്ക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിലൊഴികെ രാഷ്ട്രപതി, പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരുടെ വിദേശ സന്ദര്‍ശനം റദ്ദാക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

Read in English: Sonia Gandhi targets Centre over Covid-19 response, says it acted ‘miserly’ on Congress’ suggestions

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Sonia gandhi targets centre over covid 19 response

Next Story
സോണിയ ഗാന്ധിയെ അധിക്ഷേപിച്ചു; അർണബ് ഗോസ്വാമിക്കെതിരെ എഫ്ഐആർArnab Goswami, അർണബ് ഗോസ്വാമി, Sonia Gandhi, സോണിയ ഗാന്ധി, Republic tv editor, റിപ്പബ്ലിക് ടിവി എഡിറ്റർ, congress, കോൺഗ്രസ്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com