ഷിംല: പ്രിയങ്ക ഗാന്ധിയുടെ വേനൽക്കാല വസതി നിർമ്മാണം കാണാനെത്തിയ സോണിയ ഗാന്ധി, ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഡൽഹിയിലേക്ക് മടങ്ങി. ബുധനാഴ്ച രാത്രി റോഡ് മാർഗം ഷിംലയിലെത്തിയ സോണിയയും പ്രിയങ്കയും വ്യാഴാഴ്ച രാവിലെ നിർമ്മാണം നടക്കുന്ന സ്ഥലത്തെത്തിയപ്പോഴാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

രണ്ട് തവണ നിർമ്മാണ സ്ഥലം സന്ദർശിച്ച ശേഷമാണ് സോണിയക്ക് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടത്. ഇതേ തുടർന്ന് സോണിയ ഗാന്ധി വേഗം താമസ സ്ഥലത്തേക്ക് പോയി. ഷിംലയിൽ നിന്ന് 14 കിലോമീറ്റർ അകലെ ഛരബ്ര വില്ലേജിലാണ് പ്രിയങ്ക ഗാന്ധിയുടെ വേനൽക്കാല വസതി.

സുരക്ഷാ വിഭാഗം ഉടൻ തന്നെ ഷിംലയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ബന്ധപ്പെട്ട് വൈദ്യസംഘത്തെ എത്തിച്ചു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം സോണിയ തന്നെയാണ് ഡൽഹിയിലേക്ക് മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ചത്. ഇതേ തുടർന്ന് കാർ മാർഗം സോണിയയും പ്രിയങ്കയും ഛണ്ഡീഗഡിലേക്ക് മടങ്ങി. ഇവരെ മെഡിക്കൽ സംഘം ആംബുലൻസിൽ അനുഗമിച്ചു. ഇവിടെ നിന്ന് ഹെലികോപ്റ്റർ വഴി സോണിയ ഗാന്ധിയെ ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു.

ഷിംലയിൽ ഇന്ത്യൻ രാഷ്ട്രപതിയുടെ വേനൽക്കാല വസതിക്ക് സമീപമാണ് പ്രിയങ്കയ്ക്കും കുടുംബത്തിനുമായി പണികഴിപ്പിക്കുന്ന വേനൽക്കാല വസതിയും. കഴിഞ്ഞ ഒക്ടോബറിലും സോണിയ ഇവിടെ വന്നിരുന്നു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് തിരികെ പോവുകയായിരുന്നു.

കാറ്റാടി മരങ്ങളും ദേവദാരു മരങ്ങളും ഇടതൂർന്ന് നിൽക്കുന്ന ഒന്നര ഹെക്‌ടർ പ്രദേശത്താണ് പ്രിയങ്കയുടെ വേനൽക്കാല വസതി പണികഴിപ്പിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 8000 അടി ഉയരത്തിലാണ് ഈ വസതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook