ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍. പാര്‍ട്ടിയെ നയിക്കാന്‍ ആരുമില്ലാത്ത അവസ്ഥ തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം. എത്രയും പെട്ടന്ന് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികളിലേക്ക് പാര്‍ട്ടി കടന്നതായാണ് സൂചന.

അതേസമയം, ഇടക്കാല അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് സോണിയ ഗാന്ധിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍, തനിക്ക് സാധിക്കില്ലെന്ന് സോണിയ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകത്തിലും ഗോവയിലും പാര്‍ട്ടിക്ക് തിരിച്ചടിയായി എംഎല്‍എമാര്‍ കൂറുമാറിയ സാഹചര്യത്തിലാണ് സോണിയയോട് ഇടക്കാല അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. രാഹുല്‍ ഗാന്ധിക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തി വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന നേതാക്കളുടെ ആവശ്യവും സോണിയ തള്ളി.

Read Also: രാഹുല്‍ ഗാന്ധി ‘വ്യാജ’ ഗാന്ധി; പരിഹാസവുമായി ശിവരാജ് സിങ് ചൗഹാന്‍

രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ കര്‍ണാടകയിലും ഗോവയിലും എംഎല്‍എമാര്‍ രാജിവച്ചത് പാര്‍ട്ടിക്ക് ക്ഷീണമായിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയാണ് പാര്‍ട്ടി എംഎല്‍എമാർക്ക് രാജി സമര്‍പ്പിക്കാന്‍ മാതൃകയായതെന്ന് ബിജെപി പരിഹസിക്കുന്നുണ്ട്. രാഹുലിനൊപ്പം മറ്റ് നേതൃനിരയിലുള്ള നേതാക്കളും രാജിവച്ചത് കോണ്‍ഗ്രസിന് വലിയ ആഘാതമായി. പ്രിയങ്ക ഗാന്ധിയും രാജിയെ കുറിച്ച് ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ എത്രയും പെട്ടന്ന് ഒരു അധ്യക്ഷനെ തിരഞ്ഞെടുക്കുക മാത്രമാണ് കോണ്‍ഗ്രസിന് മുന്‍പിലുള്ള പോംവഴി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook