ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മുതിർന്ന പാർട്ടി നേതാവ് പി.ചിദംബരത്തെ കാണാൻ കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയും മുൻ പ്രധാനമന്ത്രി ഡോ. മൻ‌മോഹൻ സിങ്ങും തിഹാർ ജയിലിലെത്തി. ചിദംബരത്തിന്റെ മകൻ കാർത്തിയും തിഹാർ ജയിലിൽ പിതാവിനെ സന്ദർശിച്ചു.

Read More: ജയിലില്‍ തലയിണയോ കസേരയോ ഇല്ല; നടുവേദനയുണ്ടെന്ന് ചിദംബരം

കൂടിക്കാഴ്ചയ്ക്ക് ശേഷം ചിദംബരം ട്വിറ്ററിലൂടെ ഇരു നേതാക്കളേയും നന്ദി അറിയിച്ചു. ചിദംബരത്തിന്റെ കുടുംബമാണ് അദ്ദേഹത്തിന്റെ ട്വിറ്റർ ഹാൻഡിൽ കൈകാര്യം ചെയ്യുന്നത്. ഇതുവഴിയാണ് സോണിയയ്ക്കും മൻമോഹനും നന്ദി അറിയിച്ചത്.

“സോണിയ ഗാന്ധിയും ഡോ. ​മൻ‌മോഹൻ സിങ്ങും എന്നെ കാണാനെത്തി. കോൺഗ്രസ് പാർട്ടിക്ക് ശക്തിയും ധൈര്യവുമുള്ളിടത്തോളം കാലം ഞാനും ശക്തനും ധീരനുമായിരിക്കും,” ട്വിറ്ററിലൂടെ ചിദംബരം പറഞ്ഞു.

“ഇന്ത്യയിൽ എല്ലാം നല്ലതാണ്. തൊഴിലില്ലായ്മ, നിലവിലുള്ള തൊഴിൽ നഷ്ടം, കുറഞ്ഞ വേതനം, ആൾക്കൂട്ട അക്രമം, കശ്മീരിൽ പൂട്ടിയിടൽ, പ്രതിപക്ഷ നേതാക്കളെ ജയിലിൽ അടയ്ക്കൽ എന്നിവയൊഴികെ,” അദ്ദേഹം പറഞ്ഞു.

പിതാവിന് പിന്തുണ നൽകിയതിന് ഇരു നേതാക്കൾക്കും കാർത്തി ചിദംബരം നന്ദി അറിയിച്ചു. “എന്റെ പിതാവിനെ സന്ദർശിച്ചതിനും അദ്ദേഹത്തിന് പിന്തുണ അറിയിച്ചതിനും കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയോടും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനോടും, എന്റെ പിതാവിനും കുടുംബത്തിനും നന്ദിയുണ്ട്. ഈ രാഷ്ട്രീയ പോരാട്ടത്തിൽ ഞങ്ങൾക്ക് ഇത് വലിയ പ്രോത്സാഹനമാണ്,” കാർത്തി ചിദംബരത്തെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

ഐഎന്‍എക്സ് അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്ര മന്ത്രി പി.ചിദംബരത്തെ ഓഗസ്റ്റ് 21 നാണ് സിബിഐ അറസ്റ്റു ചെയ്തത്. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ചിദംബരം തിഹാര്‍ ജയിലിലാണ്. 2007ല്‍ പി.ചിദംബരം ധനമന്ത്രിയായിരിക്കേ ഐഎന്‍എക്സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook