ബെംഗളൂരു: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഡല്‍ഹിയിലേക്ക് മടങ്ങുന്നതിന് മുന്‍പായാണ് സോണിയ യാത്രയില്‍ പങ്കുചേര്‍ന്നത്. ആദ്യം കാല്‍നടയായി രാഹുലിന്റെ ഒപ്പമായിരുന്ന സോണിയ പിന്നീട് യാത്ര കാറിലാക്കി. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കാറില്‍ വന്നാല്‍ മതിയെന്ന് രാഹുല്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നായിരുന്നു തീരുമാനം.
ദസറ പ്രമാണിച്ച് കഴിഞ്ഞ രണ്ട് ദിവസം ഭാരത് ജോഡൊ യാത്ര താത്കാലികമായി നിര്‍ത്തി വച്ചിരുന്നു. ഇന്ന് മാണ്ഡ്യ ജില്ലയില്‍ നിന്ന് യാത്ര പുനരാരംഭിക്കുകയായിരുന്നു. തിങ്കളാഴ്ച മൈസൂരിലെത്തിയ സോണിയ വിജയദശമി ദിനത്തില്‍ എച്ച് ഡി കോട്ടയിലുള്ള ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. വരും ദിവസങ്ങളില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും യാത്രയുടെ ഭാഗമാകുമെന്നാണ് വിവരം.
സെപ്തംബര്‍ 30-നാണ് ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ പ്രവേശിച്ചത്. ഗുണ്ഡല്‍പ്പേട്ടില്‍ ആരംഭിച്ച യാത്ര ഒക്ടോബര്‍ 19-ന് റായ്ചൂരില്‍ അവസാനിക്കും. 21 ദിസമാണ് കര്‍ണാടകയിലൂടെ മാത്ര യാത്ര കടന്നുപോകുന്നത്. പ്രതിദിനം 25 കിലോമീറ്റര്‍ വീതമാണ് രാഹുല്‍ ഗാന്ധിയും പ്രമുഖ നേതാക്കളും താണ്ടുന്നത്. റായ്ചൂരില്‍ നിന്ന് തെലങ്കാനയിലേക്ക് ഭാരത് ജോഡോ യാത്ര പ്രവേശിക്കും. ഒക്ടോബര്‍ 24-നായിരിക്കും തെലങ്കാനയിലേക്ക് കടക്കുന്നത്.
രാജ്യത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് കശ്മീരില്‍ സമാപിക്കുന്ന യാത്ര സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് തുടങ്ങിയത്. 150 ദിവസം കൊണ്ട് 3,500 കിലോ മീറ്ററായിരിക്കും യാത്ര പിന്നിടുക. രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ജനസമ്പര്‍ക്ക പരിപാടിയായാണ് യാത്ര വിലയിരുത്തപ്പെടുന്നത്.