ന്യൂഡൽഹി: അടുത്ത ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, പ്രതിപക്ഷത്തെ നേതാക്കളെ അത്താഴ വിരുന്നിന് ക്ഷണിച്ചു. മാർച്ച് 13 നാണ് വിരുന്ന്. വിശാല സഖ്യം ലക്ഷ്യമിട്ടാണ് കോൺഗ്രസ് ചർച്ചകൾ തുടരുന്നത്. ഈ സാഹചര്യത്തിൽ വിരുന്നിന് വലിയ രാാഷ്ട്രീയ പ്രാധാന്യമുണ്ട്.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ നേതൃത്വത്തില്‍ ബിജെപിക്ക് എതിരായി വിശാല പ്രതിപക്ഷ മഹാസഖ്യം രൂപവത്കരിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. പ്രതിപക്ഷത്ത് ഭിന്നതയും പുതിയ കൂടിച്ചേരലുകളും ഉണ്ടാകുന്നത് ഇതിനെ ബാധിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. മൂന്നാം മുന്നണിക്കുള്ള തെലങ്കാന രാഷ്ട്രസമിതി നീക്കത്തോട് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി താത്പര്യം പ്രകടിപ്പിച്ചിരുന്നു. മറ്റുചില പ്രതിപക്ഷ പാര്‍ട്ടികളും ഈ ആശയത്തില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം തൃണമൂൽ കോൺഗ്രസിനെ ഉൾപ്പടെ വിരുന്നിന് സോണിയ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ തെലങ്കാന രാഷ്ട്രസമിതി, ഡിഎംകെ കക്ഷികളുമായി യോജിച്ച് പ്രവർത്തിക്കാനുളള നീക്കമാണ് മമത ആരംഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിനുമായും തെലങ്കാന രാഷ്ട്രസമിതി നേതാവ് കെ.ചന്ദ്രശേഖർ റാവുവുമായും മമത ചർച്ച നടത്തിയിരുന്നു.