ന്യൂഡൽഹി: സോണിയാഗാന്ധി കോൺഗ്രസ് ഇടക്കാല അധ്യക്ഷയായി തുടരും. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലെ ഏഴ് മണിക്കൂറിലധികം നീണ്ട ചർച്ചകൾക്കൊടുവിലാണ് തീരുമാനം. ആറുമാസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്നും യോഗത്തിൽ തീരുമാനമായി. പാര്‍ട്ടിയില്‍ പരിഷ്‌കരണം ആവശ്യപ്പെട്ട് 23 നേതാക്കള്‍ പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കത്തെഴുതിയതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേർന്നത്.

കോൺഗ്രസ് നേതൃസ്ഥാനത്തുനിന്ന് താൻ ഒഴിയാമെന്ന് യോഗത്തിൽ സോണിയ പറഞ്ഞിരുന്നു. തന്നെ ചുമതലകളിൽ നിന്ന് മോചിപ്പിക്കുന്നതിനായി “പരിവർത്തന” പ്രക്രിയ ആരംഭിക്കാൻ ഗാന്ധി സിഡബ്ല്യുസിയോട് ആവശ്യപ്പെട്ടിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് ഈ വിഷയത്തിൽ വിശദമായ മറുപടി നൽകിയതായി സോണിയ ഗാന്ധി പറഞ്ഞു.

അധ്യക്ഷ പദവിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് സോണിയ കോൺഗ്രസ് ഉന്നതാധികാര സമിതിയെ അറിയിച്ചിരുന്നു. യോഗത്തിൽ സോണിയ ഗാന്ധിക്ക് ശേഷം സംസാരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും മുൻ പ്രതിരോധ മന്ത്രി എകെ ആന്റണിയും സോണിയ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടതിന്റ് പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി രാജിവച്ചതിനെത്തുടർന്നാണ് കഴിഞ്ഞ വർഷം സോണിയ ഗാന്ധിയെ ഇടക്കാല പ്രസിഡന്റായി തിരഞ്ഞെടുത്തത്.

Read More: ഇനിയും ഇത് തുടരാനാകില്ല; മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് മുതിർന്ന നേതാക്കളുടെ കത്ത്

ഇന്ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. യോഗത്തിൽ പാർട്ടി നേതാക്കൾക്കിടയിൽ വാക്‌പോര് നടന്നിരുന്നു.

പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളുടെ നടപടിയെ രാഹുൽ വിമർശിച്ചിരുന്നു. രാജസ്ഥാനില്‍ പാര്‍ട്ടി പ്രതിസന്ധിയെ നേരിടുകയും ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി രോഗ ബാധിതയായിരിക്കുകയും ചെയ്യുന്ന വേളയിലാണ് നേതാക്കൾ കത്തെഴുതിയതെന്ന് രാഹുല്‍ കുറ്റപ്പെടുത്തിയെന്നും റിപ്പോർട്ടുകളുണ്ട്. കത്തെഴുതിയവര്‍ ബിജെപിയുമായി ഒത്തുചേരുകയാണെന്ന് രാഹുല്‍ പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

രാഹുൽ ഉന്നയിച്ചതായി പറഞ്ഞ കാര്യങ്ങൾക്കെതിരേ മുതിർന്ന നേതാക്കളായ കപില്‍ സിബലും ഗുലാം നബി ആസാദും അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു.

Read More: നേതൃമാറ്റം; രാഹുലിനും സോണിയക്കും പിന്തുണയായി മുഖ്യമന്ത്രിമാരും സംസ്ഥാന നേതാക്കളും

”ഞങ്ങള്‍ ബിജെപിയുമായി കൂട്ടുകൂടുകയാണെന്നു രാഹുല്‍ ഗാന്ധി പറയുന്നു. കോണ്‍ഗ്രസിനുവേണ്ടി വാദിച്ച് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ വിജയിച്ചു. ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ മണിപ്പൂരില്‍ പാര്‍ട്ടിക്കുവേണ്ടി നിലകൊള്ളുന്നു. കഴിഞ്ഞ 30 വര്‍ഷമായി ഒരിക്കലും ഏതെങ്കിലും വിഷയത്തില്‍ ബിജെപിയെ അനുകൂലിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ല. എന്നിട്ടും ‘ഞങ്ങള്‍ ബിജെപിയുമായി കൂട്ടുകൂടുകയാണോ?’,” എന്ന് ചോദിച്ച് കപില്‍ സിബല്‍ ഒരു ട്വീറ്റ് ചെയ്തിരുന്നു.

എന്നാൽ അല്‍പ്പസമയത്തിനുശേഷം കപില്‍ സിബല്‍ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. രാഹുൽ ഗാന്ധി അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്നു മാധ്യമ വാർത്തകൾ കണ്ട് തെറ്റിധരിച്ചതാണെന്നുമാണ് ട്വീറ്റ് പിൻവലിച്ചതുമായി ബന്ധപ്പെട്ട് രാഹുൽ വിശദീകരണം നൽകിയത്.

Read More: കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നാടകീയ സംഭവങ്ങൾ; പദവി ഒഴിയാമെന്ന് ഗുലാം നബി ആസാദ്

രാഹുല്‍ ഗാന്ധി തന്റെ ആരോപണങ്ങൾ തെളിയിച്ചാൽ താൻ എല്ലാ സ്ഥാനങ്ങളും ഒഴിയാമെന്നായിരുന്നു ഗുലാം നബി ആസാദ് പറഞ്ഞത്. എന്നാല്‍ നേതൃമാറ്റത്തിനുവേണ്ടി കത്തെഴുതിയവര്‍ക്കെതിരെ രാഹുല്‍ ഗാന്ധി ബിജെപി ബന്ധം സംബന്ധിച്ച് പരാമര്‍ശം നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, പാർലമെന്റ് അംഗങ്ങളും മുൻ കേന്ദ്ര മന്ത്രിമാരുമായ ആനന്ദ് ശർമ, കപിൽ സിബൽ, മനീഷ് തിവാരി, ശശി തരൂർ എഐസിസി ഭാരവാഹി മുഖുൾ വാസ്നിക്, ജിതിൻ പ്രസന്ത, പിജെ കുര്യൻ തുടങ്ങിയ 23 നേതാക്കളാണ് പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ചിരുന്നത്. “ഫലപ്രദമായ മുഴുവൻ സമയ നേതൃത്വം” പാർട്ടിക്ക് വേണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു.

ഈ കത്തിന് പിന്നാലെ ഗാന്ധി കുടുംബത്തെ പിന്തുണച്ച് നിലവിലെ മുഖ്യമന്ത്രിമാർ അടക്കമുള്ള അനവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.  മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗൽ, ക്യാപ്റ്റൻ അമരീന്ദർ സിങ് എന്നിവരും സംസ്ഥാന നേതാക്കളായ ഡി കെ ശിവകുമാർ (കർണാടക), റിപ്പൺ ബോറ (അസം) എന്നിവരും അടക്കമുള്ളവരാണ് രാഹുലിനും സോണിയക്കും പിന്തുണ അറിയിച്ചത്.

Read More: CWC meeting: Sonia Gandhi to continue as interim Congress chief

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook