ന്യൂഡല്‍ഹി: യുപിഎ അധ്യക്ഷയും റായ്ബറേലി മണ്ഡലത്തിലെ എംപിയുമായ സോണിയ ഗാന്ധിയെ കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. മന്‍മോഹന്‍ സിങാണ് സോണിയ ഗാന്ധിയുടെ പേര് നിര്‍ദേശിച്ചത്. നേരത്തെയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധിയാണ് കൈകാര്യം ചെയ്തിരുന്നത്. എല്ലാ എംപിമാരും ഒറ്റക്കെട്ടായി സോണിയയെ പിന്തുണച്ചു.

Read More: ലോക്‌സഭ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസ്; ഇന്ന് പർലമെന്ററി പാർട്ടി യോഗം

ലോക്‌സഭാ, രാജ്യസഭാ കക്ഷി നേതാക്കളെ സോണിയ ഗാന്ധി തിരഞ്ഞെടുക്കും. രാജ്യസഭാ കക്ഷി നേതാവായി ഗുലാം നബി ആസാദിനെ തന്നെ തിരഞ്ഞെടുക്കാനാണ് സാധ്യത. ലോക്‌സഭാ കക്ഷി നേതാവായിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇത്തവണ തിരഞ്ഞെടുപ്പില്‍ തോറ്റതിനാല്‍ പകരം മറ്റൊരാളെ തിരഞ്ഞെടുക്കും. യോഗത്തെ അഭിസംബോധന ചെയ്ത് സോണിയ ഗാന്ധി സംസാരിക്കും. രാഹുല്‍ ഗാന്ധിയും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗം ഇപ്പോഴും തുടരുകയാണ്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുകയാണെന്ന രാഹുൽ ഗാന്ധിയുടെ ഉറച്ച നിലപാട് തുടരുന്നതിനിടയിലാണ് യോഗം ചേർന്നിരിക്കുന്നത്. രാവിലെ പത്തരയ്ക്കാണ് യോഗം ആരംഭിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് സജീവമാക്കുന്നുണ്ട്. മാത്രമല്ല, രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയരുതെന്ന് മുതിർന്ന നേതാക്കൾ അടക്കം ആവശ്യപ്പെടും.

കോൺഗ്രസിന്റെ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ലോക്‌സഭ നേതൃപദവി ഏറ്റെടുക്കാമെന്നാണ് മുതിർന്ന നേതാക്കളോട് രാഹുൽ പറഞ്ഞതെന്നാണ് സൂചന. അങ്ങനെയെങ്കിൽ മറ്റ് മുതിർന്ന എംപിമാരെ മാറ്റി നിർത്തി രാഹുൽ തന്നെ ലോക്‌സഭ കക്ഷി നേതാവായി എത്തും. എന്നാൽ അധ്യക്ഷസ്ഥാനം ഒഴിയാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാരടക്കം പാർലമെന്‍ററി പാർട്ടി യോഗത്തിലും രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടേക്കും.

Read More: കർഷക ആത്മഹത്യ: രാഹുൽ ആവശ്യപ്പെട്ടു, മുഖ്യമന്ത്രി ഉത്തരവിട്ടു

പ്രതിപക്ഷ നിരയിൽ ശക്തമായ ഒരുക്കങ്ങൾ രാഹുൽ ആരംഭിച്ചു കഴിഞ്ഞു. രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞക്ക് പിന്നാലെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി എന്‍സിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. ശരദ് പവാറിന്റെ വീട്ടിലെത്തിയ രാഹുല്‍ ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചു. ഇരു പാര്‍ട്ടികളും തമ്മിലുളള ലയന സാധ്യതയാണ് ചര്‍ച്ച ചെയ്തതെന്നാണ് സൂചന. ലയനം സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ശരദ് പവാര്‍ പറഞ്ഞു.

എന്നാൽ നിലവിലെ സാഹചര്യത്തിൽ അത്തരത്തിൽ ലയനം നടന്നാൽ പ്രതിപക്ഷ സ്ഥാനം ഉറപ്പിക്കാൻ കോൺഗ്രസിന് സാധിക്കും. പ്രതിപക്ഷ കക്ഷി പദവിക്ക് ആകെ അംഗസംഖ്യയുടെ 10 ശതമാനവും നേതൃപദവിക്ക് 55 സീറ്റും വേണം. കോണ്‍ഗ്രസിന് ലഭിച്ച 52 സീറ്റും എന്‍സിപിയുടെ 5 ഉം ചേർന്നാൽ ലോക്സഭ പ്രതിപക്ഷ കക്ഷി, നേതൃപദവികൾക്ക് അർഹരാകും. ആറുമാസത്തിനകം വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിലും ഗുണം ചെയ്യും എന്നാണ് കണക്കുകൂട്ടൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook