/indian-express-malayalam/media/media_files/uploads/2022/07/Rahul-Gandhi-detained-.jpg)
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നതിനിടെ രാജ്യവ്യാപക പ്രതിഷധവുമായി കോൺഗ്രസ്. വിജയ് ചൗക്കിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുലിനെ പൊലീസ് സംഘം വളയുകയും അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എംപിമാരായ മല്ലികാർജുന ഖാർഗെ, ബെന്നി ബഹനാൻ, വി കെ ശ്രീകണ്ഠൻ, ആന്റ്റോ ആന്റണി, എംകെ രാഘവൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജെബി മേത്തർ തുടങ്ങിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എംപിമാരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സോണിയ ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായത്. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ എത്തിയത്. രാവിലെ മുതൽ തന്നെ പ്രതിഷേധവുമായി പ്രവത്തകർ എഐസിസി ആസ്ഥാനത്ത് ഉൾപ്പെടെ തടിച്ചു കൂടിയിരുന്നു. ഓൾ ഇന്ത്യ മഹിളാകോൺഗ്രസിന്റെ നേതൃത്വത്തിലും ഡൽഹയിൽ പ്രതിഷേധം നടന്നു .
അതിനിടെ, കേരളത്തിലെ വിവിധയിടങ്ങളിലും യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞു പ്രതിഷേധമുണ്ടായി. കാസർഗോഡ്, കണ്ണൂർ., പാലക്കാട്, കോട്ടയം ജില്ലകളിലാണ് ട്രെയിൻ തടഞ്ഞത്. പാലക്കാട് പ്രവർത്തകർ ട്രെയിനിനു മുകളിൽ കയറി പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കഴിഞ്ഞ 21ന് രണ്ടര മണിക്കൂറോളം ഇഡി സോണിയയെ ചോദ്യം ചെയ്‌തിരുന്നു. അതിനു പിന്നാലെയാണ് ഇന്ന് വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.