ന്യൂഡൽഹി: ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ കെടുകാര്യസ്ഥതയുടേയും സർക്കാർ പിന്തുടരുന്ന തെറ്റായ നയങ്ങളുടെയും ഫലമാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിയും ചൈനയുമായുള്ള അതിർത്തിയിലെ സംഘർഷവുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലായിരുന്നു സോണിയയുടെ വിമര്‍ശനം.

“ഭീകരമായ സാമ്പത്തിക പ്രതിസന്ധിയും കോവിഡ് മഹാമാരിയും ഇപ്പോൾ ചൈനയുമായുള്ള അതിർത്തി തർക്കവുമെല്ലാം വലിയ രീതിയിൽ ഇന്ത്യയെ ബാധിച്ചു. ഓരോ പ്രതിസന്ധിയുടെയും പ്രധാന കാരണം ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌എ സർക്കാരിന്റെ കെടുകാര്യസ്ഥതയും അവർ പിന്തുടരുന്ന തെറ്റായ നയങ്ങളുമാണ്,” അവർ പറഞ്ഞു.

Read More: ഗൽവാൻ ഏറ്റുമുട്ടലിന് ശേഷം ആദ്യമായി ഇന്ത്യൻ ചൈനീസ് കമാൻഡർമാർ കൂടിക്കാഴ്ച നടത്തി

“ഇപ്പോൾ നിയന്ത്രണ രേഖയിൽ ചൈനയുമായി കടുത്ത പ്രതിസന്ധിയിലാണ് നാം. 2020 ഏപ്രിൽ-മേയ് മുതൽ ചൈനീസ് സൈന്യം പാംഗോങ് ട്സോ തടാക പ്രദേശത്തും ലഡാക്കിലെ ഗൽവാൻ വാലിയിലുമുള്ള നമ്മുടെ പ്രദേശത്തേക്ക് അതിക്രൂരമായ അതിക്രമങ്ങൾ നടത്തിയിട്ടുണ്ടെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. എന്നാൽ സർക്കാർ അത് നിഷേധിക്കുകയാണ്,” വീഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തിയ യോഗത്തിൽ സോണിയ ഗാന്ധി പറഞ്ഞു.

കോൺഗ്രസ് തുടക്കത്തിൽ സായുധ സേനയ്ക്കും സർക്കാരിനും പൂർണ്ണ പിന്തുണ നൽകിയെങ്കിലും സര്‍ക്കാര്‍ സാഹചര്യം മോശമായി കൈകാര്യം ചെയ്തുവെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ വർധിച്ചു വരുന്നുവെന്നും അവർ പറഞ്ഞു.

ഭാവിയിൽ എന്താണ് സംഭവിക്കാനിരിക്കുന്നതെന്ന് അറിയില്ലെങ്കിലും ഭൂപ്രദേശപരമായ നമ്മുടെ അഖണ്ഡത കാത്തു സൂക്ഷിക്കാനുള്ള സര്‍ക്കാരിന്റെ കര്‍മ്മപരിപാടികള്‍ തീരുമാനിക്കേണ്ടത് പക്വത നിറഞ്ഞ നയതന്ത്രവും കരുത്തുറ്റ നേതൃത്വവുമാണ്. നിയന്ത്രണ രേഖയിൽ സമാധാനവും ശാന്തതയും പുനഃസ്ഥാപിക്കണമെന്നും അതിർത്തിയിലെ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നത് തുടരുമെന്നും സോണിയ ഗാന്ധി പറഞ്ഞു.

അതേസമയം, ഗൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിന് ശേഷം ആദ്യമായി ഇന്ത്യൻ ഇന്ത്യൻ ചൈനീസ് സൈന്യങ്ങളുടെ കോർപ്സ് കമാൻഡർമാർ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് 14 കോർപ്സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിങ്, ചൈനയ്ക്കു വേണ്ടി സൗത്ത് സിൻജിയാങ് മിലിട്ടറി ഡിസ്ട്രിക്ട് കമാൻഡർ മേജർ ജനറൽ ലിയു ലിൻ എന്നിവരാണ് ചുഷുലുൽ അതിർത്തിയിലെ മോൾഡോയിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.

ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽ‌എസി) മേഖലയിലെ സംഘർഷാവസ്ഥ കുറയ്ക്കുന്നതിനുള്ള മാർഗരേഖ ചർച്ച ചെയ്യുന്നതിനായി രണ്ട് കമാൻഡർമാരും ജൂൺ ആറിന് ആദ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഗൽവാൻ ഏറ്റുമുട്ടലിനു ശേഷം സാഹചര്യങ്ങൾ മാറുകയായിരുന്നു.

കോർപ്സ് കമാൻഡർമാർ തമ്മിൽ രണ്ടാം വട്ട കൂടിക്കാഴ്ച നടത്തണമെന്ന് ചൈന കുറച്ചുകാലമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജൂൺ 6 ലെ യോഗത്തിൽ ധാരണയിലെത്തിയ കരാറുകളിൽ നടപടിയെടുക്കാൻ ഇന്ത്യ കാത്തിരിക്കുകയായിരുന്നു. രണ്ടാംവട്ട കൂടിക്കാഴ്ചയ്ക്ക് മുൻപായി പ്രദേശത്തെ 14, 15, 17 എ പട്രോൾ പോയിന്റുകളിൽ നിന്നുള്ള പിൻമാറ്റത്തിനായും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

Read in English: Sonia Gandhi: Crisis along LAC, economy attributable to mismanagement of Modi govt

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook