ന്യൂഡൽഹി: കേന്ദ്രസർക്കാർ ഇന്ത്യ എന്ന ആശയവും അതിന്‍റെ സാരാംശവും തകർക്കാനാണ് ശ്രമിക്കുന്നു എന്ന് സോണിയാ ഗാന്ധിയുടെ ആരോപണം. സാമ്പത്തികം, സമാധാനം, നനാത്വം തുടങ്ങിയ എല്ലാവശങ്ങളിലും സർക്കാർ അധോഗതിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സോണിയ വിമർശിച്ചു.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് പാഠമാകണം. ഗുജറാത്ത്, കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പ് സംഘടനയെ ശക്തിപ്പെടുത്തണമെന്നും സോണിയ പറഞ്ഞു. വിദേശത്ത് ചികിത്സ നടത്തിയതിന് ശേഷം തിരിച്ചെത്തിയ സോണിയ ഗാന്ധി ആദ്യമായി പങ്കെടുക്കുന്ന യോഗമാണ് ഇത്. രാഹുൽ ഗാന്ധി, മൻമോഹൻസിങ്, പി ചിദംബരം തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

കാശ്മീർ വിഷയത്തിൽ മോദി സർക്കാർ സ്വീകരിക്കുന്ന നിലപാട് തെറ്റാണ് എന്നും പ്രകോപനപരമായ നടപടികൾ കലാപങ്ങളിലേക്ക് വഴിവെക്കുമെന്നും സോണിയ ഗാന്ധി യോഗത്തിൽ പറഞ്ഞു. ഇന്ത്യൻ സാമ്പത്തിക രംഗം തകർച്ചയെ അഭിമുഖീകരിക്കുകായാണ് എന്നും നോട്ട് നിരോധനമാണ് ഈ പ്രശ്നങ്ങൾക്ക് വഴിവെച്ചത് എന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ