ന്യൂഡൽഹി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായിരുന്നെന്ന് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. പാർട്ടിയുടെ മുന്നോട്ടുള്ള പാത ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്നും അത് പാർട്ടിയുടെ നിശ്ചയദാർഢ്യവും അർപ്പണബോധവും സഹിഷ്ണുതയും പരീക്ഷിക്കുമെന്നും സോണിയ പറഞ്ഞു.
ജി23 നേതാക്കളുമായുള്ള സ്വരച്ചേർച്ച എടുത്ത് പറയാതെ, പാർട്ടിയിൽ ഐക്യം നിലനിർത്താൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് സോണിയ ഗാന്ധി പറഞ്ഞു.
“കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിധിയിൽ നിങ്ങൾ എത്രമാത്രം ദുഃഖിതരാണെന്ന് എനിക്ക് അറിയാം, അത് ഒരുപോലെ ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. പ്രകടനം വിലയിരുത്താൻ സിഡബ്ള്യുസി ഒരിക്കെ ഒത്തുകൂടിയിരുന്നു. ഞാൻ മറ്റ് പ്രവർത്തകരെയും കണ്ടിരുന്നു. നമ്മുടെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് നിരവധി നിർദേശങ്ങൾ ലഭിച്ചു.” കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ ജനറൽ ബോഡി മീറ്റിംഗിൽ സോണിയ പറഞ്ഞു. ‘ചിന്തൻ ശിവർ’ അത്യാവശ്യമാണെന്നും ഉടൻ ഉണ്ടാവുമെന്നും വ്യക്തമാക്കി.
“മുന്നോട്ടുള്ള പാത എന്നത്തേതിലും വെല്ലുവിളി നിറഞ്ഞതായിരിക്കും. നമ്മുടെ സഹിഷ്ണുത വലിയ രീതിയിൽ പരീക്ഷിക്കപ്പെടും. എന്നെ സംബന്ധിച്ച് ഏതൊരു സംഘടനയിലും എല്ലാ രീതിയിലുമുള്ള ഐക്യം നിർബന്ധമാണ്. അത് ഉറപ്പാക്കാൻ ആവശ്യമായതെല്ലാം ചെയ്യാൻ ഞാൻ തയ്യാറാണ്.” സോണിയ കൂട്ടിച്ചേർത്തു.
ബിജെപിയുടെ നയങ്ങളെയും ഭിന്നിപ്പിച്ച് ഭരിക്കുന്ന രീതിയെയും സോണിയ ഗാന്ധി കടന്നാക്രമിച്ചു. ദുരുദ്ദേശത്തോടെ വസ്തുതകളെ വളച്ചൊടിക്കുന്നത് കണ്ടുപിടിക്കുകയും നൂറ്റാണ്ടുകളായി നമ്മുടെ വൈവിധ്യമാർന്ന സമൂഹത്തെ നിലനിറുത്തുകയും സമ്പന്നമാക്കുകയും ചെയ്ത സൗഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും ബന്ധങ്ങൾ തകർക്കാനുള്ള അവരുടെ ശ്രമങ്ങളെ തകർക്കുമെന്നും സോണിയ പറഞ്ഞു.
പ്രതിപക്ഷത്തെയും അതിന്റെ നേതാക്കളെയും പ്രവർത്തകരെയും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരിന്റെ ആക്രമണം തുടരുകയാണെന്നും സോണിയ പറഞ്ഞു.