ന്യൂഡല്‍ഹി: ബി ജെ പി നേതാവും നടിയുമായ സോണാലി ഫോഗട്ടിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണത്തിനു ശിപാര്‍ശ ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വാര്‍ത്താ ഏജന്‍സിയായ പി ടി ഐ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണു മന്ത്രാലയത്തിന്റെ നീക്കം.
മൂന്നാഴ്ചയ്ക്കു മുന്‍പാണു സോണാലി ഫോഗട്ടിനെ ഗോവയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്നു സൊണാലിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഗോവ പൊലീസ് നീക്കം നടത്തുന്നതിനിടെയാണു അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചത്.
”സോണാലി ഫോഗട്ട് കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ഹരിയാനയില്നിന്നുള്ളവര് തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. അവരുടെ മകളും ഇതേ ആവശ്യം ഉന്നയിച്ചു. ഞങ്ങള്‍ക്ക് ഞങ്ങളുടെ പൊലീസിലും പൂര്‍ണ വിശ്വാസമുണ്ട്. അവര്‍ കേസ് നന്നായി അന്വേഷിച്ചു.അവര്‍ക്ക് നല്ല സൂചനകളും ലഭിച്ചു. എന്നാല്‍ ജനങ്ങളുടെയും മകളുടെയും നിരന്തര ആവശ്യം മനസില്‍ വെച്ചുകൊണ്ട് കേസ് സി ബി ഐക്കു വിടുകയാണ്. കേസ് സി ബി ഐക്കു കൈമാറണമെന്നാവശ്യപ്പെട്ട് ഞാന്‍ കേന്ദ്രത്തിനു കത്തെഴുതും,”സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന പ്രമോദ് സാവന്ത് പറഞ്ഞു.
കേസില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട കുറ്റാരോപിതരായ സാണാലി ഫോഗട്ടിന്റെ പഴ്സണല്‍ അസിസ്റ്റന്റ് സുധീര്‍ സാങ്വാന്, സുഖ്വീന്ദര് സിങ് എന്നിവര്‍ക്കെതിരെ ഗോവ പൊലീസ് സംഘം ഹരിയാനയില്‍ അന്വേഷണം നടത്തിയതിനു പിന്നാലെയാണു സി ബി ഐ ചിത്രത്തിലേക്കു വരുന്നത്. അന്വേഷണം സി ബി ഐക്കു വിട്ട ഗോവ മുഖ്യമന്ത്രിയുടെയും അതിന് അംഗീകാരം നല്കിയ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും തീരുമാനത്തെ സൊണാലി ഫോഗട്ടിന്റെ കുടുംബം സ്വാഗതം ചെയ്തു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും ആഭ്യന്തരമന്ത്രി അനില്‍ വിജും കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
ഓഗസ്റ്റ് 22 ന് സുധീര്‍ സാങ്വാന്, സുഖ്വീന്ദര് സിങ്ങിനുമൊപ്പം ഗോവയിലെത്തിയ സൊണാലി ഫോഗട്ട് അതേ രാത്രി അഞ്ചുനയിലെ കുര്‍ലീസ് ബീച്ച് ഷാക്ക് സന്ദര്‍ശിച്ചിരുന്നു. സി സി ടിവി ദൃശ്യങ്ങളില്‍ പ്രതി ഒരു കുപ്പിയില്‍നിന്ന് എന്തോ എന്ന് സൊണാലിയെ കുടിപ്പിക്കുന്നത് വ്യക്തമാണ്. പ്രതികള്‍ ഫോഗട്ടിനു ബലമായി മയക്കുമരുന്ന് നല്‍കിയെന്നാണ് പൊലീസിന്റെ കേസ്. ഇതത് മെത്താംഫെറ്റാമൈനാണെന്നു പിന്നീട് തിരിച്ചറിഞ്ഞിരുന്നു. പിറ്റേദിവസം പുലർച്ചെയാണു സൊണാലി മരിച്ചത്