കൊല്‍ക്കത്ത: സാനിറ്ററി നാപ്കിനുകള്‍ക്ക് 12 ശതമാനം ജിഎസ്ടി (ചരക്കുസേവന നികുതി) ചുമത്തിയതോടെ ഏറ്റവും കൂടുതല്‍ തിരിച്ചടി ലഭിച്ചത് ഏഷ്യയിലെ ഏറ്റവും വലിയ ചുവന്നതെരുവായ സോനാഗച്ചിയിലെ ലൈംഗിക തൊഴിലാളികള്‍ക്കാണ്. സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കാതിരുന്ന പഴയ കാലത്തേക്ക് തന്നെ തിരിച്ചുപോവാന്‍ ഒരുങ്ങുകയാണ് ഇവരെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വൃത്തിയേയും ആരോഗ്യത്തേയും കുറിച്ച് സന്നദ്ധ സംഘടനകളുടെ വര്‍ഷങ്ങള്‍ നീണ്ട ബോധവത്കരണത്തിനൊടുവിലാണ് 10 വര്‍ഷം മുമ്പ് സോനാഗച്ചിയിലെ ലൈംഗികതൊഴിലാളികള്‍ നാപ്കിനുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. എന്നാല്‍ വില കൂടിയതോടെ പഴയകാലത്തെ പോലെ നാപ്കിനുകള്‍ ഉപേക്ഷിക്കാനാണ് ഇവരുടെ ആലോചനയെന്ന് ദര്‍ബാര്‍ മഹിളാ സമന്‍വായ കമ്മിറ്റി വ്യക്തമാക്കുന്നു.
ഈ കമ്മിറ്റിയുടെ കീഴില്‍ 1,30,000ത്തില്‍ പരം ലൈംഗികതൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്ത് ജോലി ചെയ്യുന്നുണ്ട്. അതേസമയം കോണ്ടത്തിന് മുകളില്‍ ജിഎസ്ടിയൊന്നും ചുമത്താത്തത് ഇവര്‍ക്ക് ആശ്വാസമാണ്. സാനിറ്ററി നാപ്കിനുകളുടെ വില കൂടിയത് ഇവരുടെ ആരോഗ്യത്തേയും മോശമായി ബാധിക്കാന്‍ പോകുന്നെന്ന ആശങ്കയാണ് ഇവര്‍ പങ്കുവെക്കുന്നത്.
2000ത്തില്‍ വെറും 20 ശതമാനം പേര്‍ മാത്രമാണ് നാപ്കിനുകള്‍ ഉപയോഗിച്ചിരുന്നതെന്ന് ദര്‍ബാര്‍ മഹിളാ സമന്‍വായ കമ്മിറ്റി അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇപ്പോള്‍ 85 ശതമാനത്തിന് മുകളിലുളളവര്‍ നാപ്കിനുകള്‍ ഉപയോഗിക്കുന്നുണ്ട്. വില കൂടിയാല്‍ താന്‍ ഉപയോഗം നിര്‍ത്തുമെന്ന് ലൈംഗികതൊഴിലാളിയും രണ്ട് കുട്ടികളുടെ അമ്മയുമായ 34കാരി സോമ പറയുന്നു. നാപ്കിനുകള്‍ അത്യാവശ്യമാണെന്നും എന്നാല്‍ വില കൂടിയാല്‍ ഉപേക്ഷിക്കാതെ മറ്റ് വഴികളിലെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ കോണ്ടത്തിന് നികുതി ഏര്‍പ്പെടുത്താത്തിനെ ഇവര്‍ സ്വീകരിക്കുന്നു. എയ്ഡ്സിന്റെ വ്യാപനത്തെ തടയാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായും 2025ഓടെ പൂര്‍ണമായും ഇത് തടയാനാകുമെന്നുമാണ് ഇവരുടെ പക്ഷം.