ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ മുന്‍ ബി ജെ പി എം എല്‍ എയുടെ മകന്‍ വെടിയേറ്റു മരിച്ചു. ടുമൊരെയാഗഞ്ച് മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന പ്രേം പ്രകാശ് തിവാരിയുടെ മകന്‍ വൈഭവ് തിവാരി(36)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയായിരുന്നു സംഭവം. ഉത്തര്‍പ്രദേശ് നിയമസഭാ മന്ദിരത്തിന് സമീപത്തു വച്ചാണ് വൈഭവിന് വെടിയേറ്റത്.

വീട്ടില്‍നിന്ന് വൈഭവിനെ പരിചയക്കാരില്‍ ചിലര്‍ ചേര്‍ന്ന് വിളിച്ചിറക്കുകയായിരുന്നെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് അഭയ് പ്രസാദ് പറഞ്ഞു. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവില്‍ വൈഭവിന് വെടിയേല്‍ക്കുകയായിരുന്നു.

ഐ ഐ എം അഹമ്മദാബാദില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയ വൈഭവ് റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

1989, 1991, 1993 വര്‍ഷങ്ങളില്‍ ടുമൊരെയാഗഞ്ച് മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു പ്രേം പ്രകാശ് തിവാരി. 2014 ല്‍ ഇദ്ദേഹം സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. എന്നാല്‍ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ബി ജെ പിക്കു വേണ്ടിയായിരുന്നു പ്രേം പ്രകാശ് പ്രചരണത്തിന് ഇറങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ