/indian-express-malayalam/media/media_files/uploads/2018/12/rahul-ddSonia-Gandhi-Rahul-Gandhi-002.jpg)
ന്യൂഡല്‍ഹി: ഹിന്ദി ഹൃദയഭൂമിയിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് ബിജെപി നേതാവ്. ഇന്‍ഡോറില്‍ നിന്നുളള ബിജെപി എംഎല്‍എ ആയ കൈലാഷ് വിജയ്‍വര്‍ഗിയ ആണ് അധിക്ഷേപപരമായ പരാമര്‍ശവുമായി രംഗത്തെത്തിയത്. 'വിദേശ വനിതയ്ക്ക് ജനിച്ച കുഞ്ഞിന് രാജ്യസ്നേഹം ഉണ്ടാവില്ല' എന്നാണ് കൈലാഷ് രാഹുലിനെതിരെ നടത്തിയ അധിക്ഷേപം. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു കൈലാഷ് രാഹുലിനെതിരെ രംഗത്ത് വന്നത്. വൈകാതെ അദ്ദേഹം ഈ ട്വീറ്റ് മുക്കുകയും ചെയ്തു.
'ഒരു വിദേശ വനിതയ്ക്ക് ജനിച്ച കുഞ്ഞിന് ഒരിക്കലും രാജ്യസ്നേഹം ഉണ്ടാവില്ല. കൂടാതെ രാജ്യതാത്പര്യവും ഉണ്ടാവില്ല', കൈലാഷ് ട്വീറ്റ് ചെയ്തു.' 'ശനിയാഴ്ചയിലെ പ്രചോദനം' എന്ന ഹാഷ്ടാഗോടെ ആയിരുന്നു ബിജെപി നേതാവിന്റെ ട്വീറ്റ്. രാഹുലിന്റെ മാതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സോണിയ ഗാന്ധി ഇറ്റലിയിലാണ് ജനിച്ചത്. എന്നാല്‍ തന്റെ 'യഥാര്‍ത്ഥ രാജ്യം' ഇന്ത്യയാണെന്ന് സോണിയ മുമ്പ് പ്രഖ്യാപിച്ചിരുന്നു.
പതിറ്റാണ്ടുകളായി രാജ്യത്തിനായി കോണ്‍ഗ്രസിനൊപ്പം അണി ചേര്‍ന്നാണ് സോണിയ പ്രവര്‍ത്തിക്കുന്നത്. കൈലാഷിന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം പുകഞ്ഞതോടെ അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചു. എന്നാല്‍ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദിയാണ് കൈലാശിന്റെ ട്വീറ്റിനെതിരെ ആദ്യം രംഗത്ത് വന്നവരില്‍ ഒരാള്‍. മധ്യപ്രദേശ് തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് കരകയറാനാവാത്ത കൈലാശിന് എത്രയും പെട്ടെന്ന് മാനസിക ചികിത്സ ആവശ്യമാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കൈലാഷ് ആയിരുന്നു. 109 സീറ്റ് ബിജെപി നേടിയപ്പോള്‍ 114 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കമല്‍നാഥാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. അതിര് കടക്കുന്ന സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുമെന്ന് 2013ല്‍ പറഞ്ഞ് വിവാദം സൃഷ്ടിച്ച വ്യക്തിയാണ് കൈലാഷ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.