ഭഗ്‌പാട്ട്/ഷംലി: ഡിസംബര്‍ 19-ാം തീയതി ഉച്ചയ്ക്ക് 45വയസ്സുകാരിയായ ദലിത്‌ സ്ത്രീയുടെ വീട്ടിലേക്കൊരു ഫോണ്‍ കോള്‍ വന്നു. ഒരു ബന്ധുവായിരുന്നു ഫോണില്‍. ഉത്തര്‍പ്രദേശിലെ ഭഗ്‌പാട്ടിലുള്ള വീട്ടില്‍ നിന്നും അമ്പത് കിലോമീറ്റര്‍ മാറിയുള്ള പെട്രോള്‍ പമ്പില്‍ ചെന്ന് അവരെ കാണണം എന്നാണ് അറിയിച്ചത്. ഞങ്ങളോട് അകല്‍ച്ചയിലായിരുന്ന എന്‍റെ മൂത്തമകനും അവരുടെ മകളും ഗാസിയാബാദില്‍ വച്ച് കാണാതായി എന്നാണ് അവര്‍ പറഞ്ഞത്. നമുക്ക് ഒരുമിച്ച് ചേര്‍ന്ന് അവരെ തിരയാം എന്നും അവര്‍ പറഞ്ഞു.” സ്ത്രീ പറഞ്ഞു.

കുടുംബം സമ്മതിച്ചു. പക്ഷെ അന്നേ ദിവസം വൈകുന്നേരം മുതല്‍ ഡിസംബര്‍ 25നു രാത്രി പൊലീസ് വന്നു രക്ഷപ്പെടുത്തുന്നത് വരെ നരകതുല്യമായ യാതനകളിലൂടെയാണ് അവര്‍ക്ക് കടന്നുപോകേണ്ടിവന്നത്. ഷംലി നോജാല്‍ ഗ്രാമത്തിലെ ഒരു വീട്ടില്‍ തടവില്‍ കഴിയുകയായിരുന്ന ആ സ്ത്രീയും ഭര്‍ത്താവും ഇളയ മകനും മരുമകനും അടങ്ങുന്ന കുടുംബം. പൊലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം പുരുഷന്മാരെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും സ്ത്രീയേ ക്രൂരമായി പീഡിപ്പിക്കുകയും കൂട്ട ബലാൽസംഗം ചെയ്യുകയുമായിരുന്നു.

ബദൗത്തിലെ അവരുടെ വീട്ടിലെ കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും പരസഹായം വേണ്ട അവസ്ഥയിലാണ് സ്ത്രീ. നടക്കണം എങ്കില്‍ അവര്‍ക്ക് കൈത്താങ്ങ് വേണം. അവരുടെ ഭര്‍ത്താവ് തനിക്കേറ്റ മര്‍ദ്ദനത്തിന്‍റെ പാട് പൈജാമ ഉയര്‍ത്തികാണിച്ചു.

“ഡിസംബര്‍ 19-ാം തീയതി വൈകീട്ട് 8 മണിയോടെയാണ് ഞങ്ങള്‍ പെട്രോള്‍ പമ്പില്‍ എത്തുന്നത്. അവിടെയെത്തിയ ഞങ്ങളെ അവര്‍ ബലംപ്രയോഗിച്ച് നോജാലിലുള്ള അവരുടെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. വീട്ടില്‍ എത്തിയ ഉടനെ തന്നെ അവര്‍ ഞങ്ങളുടെ വസ്ത്രം അഴിപ്പിച്ചു വെവ്വേറെ മുറിയില്‍ കൊണ്ടുപോയി അടച്ചു. അവരുടെ മകളെ കണ്ടെത്തുന്നത് വരെ ഞങ്ങളെ പുറത്തേക്ക് വിടില്ലെന്നും അവര്‍ പറഞ്ഞു. എന്‍റെ മൂത്ത മകന്‍ ശഹിബാബാദില്‍ നിന്നും അവരുടെ മകളുമായി കടന്നുകളഞ്ഞു എന്നാണ് അവര്‍ പറഞ്ഞത്. ” ആറുദിവസം അനുഭവിച്ച യാതനകള്‍ ഓര്‍ത്തെടുത്തുകൊണ്ട് സ്ത്രീ പറഞ്ഞു.

” അവര്‍ ഞങ്ങളെ പൊതിരെ തല്ലി. മാനുഷികമായ ഒരു പരിഗണനയും ഇല്ലാതെയായിരുന്നു മര്‍ദ്ദനം”പണിയുള്ള ദിവസങ്ങളില്‍ 100രൂപ വേതനം ലഭിക്കുന്ന ദിവസക്കൂലിക്കാരനായ ഭര്‍ത്താവ് പറഞ്ഞു.

തങ്ങളുടെ മൂത്തമകന്‍ കുറഞ്ഞത് അഞ്ച് വര്‍ഷം മുന്‍പ് കുടുംബമുപേക്ഷിച്ചു പോയതാണ് എന്ന്‍ കുടുംബം പറയുന്നു. സഹിബാബാദിലെ ബന്ധുവിന്‍റെ വീട്ടിലായിരുന്നു കുറച്ചുകാലം മകന്‍ താമസിച്ചത്. “ആ സ്ത്രീയുടെ മകനും കുറ്റാരോപിതരുടെ മകളും സഹിബാബാദില്‍ ഒരേ ബന്ധുവിന്‍റെ വീട്ടിലായിരുന്നു താമസം. അവരെ ഡിസംബര്‍ ആദ്യം മുതല്‍ കാണാനില്ല എന്നാണ് സഹിബാബാദ് സ്റ്റേഷനില്‍ രേഖപ്പെടുത്തിയ പരാതിയില്‍ പറയുന്നത്” താനഭവന്‍ സ്റ്റേഷന്‍ ഹൗസ് ഒഫീസറായ ഷംലി പറഞ്ഞു.

നോജാലില്‍ കുടുംബം തടവിലാക്കപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത ഷംലി പൊലീസ് സ്റ്റേഷനില്‍ എത്തുന്നത് ഡിസംബര്‍ 25നാണ്. സ്ത്രീയുടെ ഇളയമകന്‍ കുറ്റാരോപിതന്‍റെ വീട്ടില്‍ നിന്നും രക്ഷപ്പെട്ടപ്പോഴാണ് വിവരം പുറംലോകം അറിയുന്നത്. തടവില്‍ പാര്‍പ്പിച്ചവരെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയാണ് എന്നറിഞ്ഞതോടെയാണ് ഞങ്ങള്‍ ആ വീട്ടിലെത്തുന്നതും കുടുംബത്തെ രക്ഷപ്പെടുത്തുന്നതും” ഷംലിയിലെ എസ്‌പി അജയ് പാല്‍ പറഞ്ഞു.

“തട്ടിക്കൊണ്ടുപോകൽ, അനധികൃതമായി തടവില്‍ പാര്‍പ്പിക്കല്‍, ക്രിമിനൽ ഭീഷണി തുടങ്ങിയ പരാതികളില്‍ ഐപിസി വകുപ്പുകള്‍ ചാര്‍ത്തിയാണ് നാലുപേര്‍ക്കെതിരെ എഫ്ഐആര്‍ എഴുതിയിരിക്കുന്നത്. ഭയചകിതരായിരുന്ന അവരെ ഉപദ്രവങ്ങളെക്കുറിച്ച് പൊലീസില്‍ പറയരുത് എന്ന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഒരു ദിവസത്തിന് ശേഷമാണ് സ്ത്രീ മുന്നോട്ടുവരികയും കൂട്ട ബലാൽസംഗത്തെ കുറിച്ച് പരാതിപ്പെടുകയും ചെയ്യുന്നത്. ഒരാള്‍ക്കെതിരെ ബലാൽസംഗകുറ്റം ചുമത്തിയിട്ടുണ്ട്. കുറ്റാരോപിതന്‍ ഭോപാല്‍ സിങ് മുന്‍ ഗ്രാമമുഖ്യനാണ്. അയാളെ അറസ്റ്റ്ചെയ്തു, ബാക്കിയുള്ളവര്‍ ഇപ്പോഴും ഒളിവിലാണ്” അജയ് പാല്‍ പറഞ്ഞു.

“അവര്‍ നമ്മുടെ സമുദായക്കാര്‍ തന്നെയാണ് എങ്കിലും ശക്തരാണ്. സ്വന്തമായി ധാരാളം ഭൂമിയുള്ളവരാണ്. ഞാനും എന്റെ രണ്ടു മക്കളും കല്ല്‌ ചുട്ടെടുക്കുന്നിടത്താണ് പണിയെടുക്കുന്നത്. ആ പണിയില്ലാത്ത സാഹചര്യങ്ങളില്‍ ഞങ്ങള്‍ മറ്റുള്ളവരുടെ കൃഷി ഭൂമിയില്‍ എന്തെങ്കിലും പണിയുണ്ട് എങ്കില്‍ അത് ചെയ്താണ് കുടുംബം മുന്നോട്ട് പോകുന്നത്. നല്ല ദിവസമാണ് എങ്കില്‍ ഞങ്ങള്‍ 100 രൂപ സമ്പാദിക്കും. അഞ്ച് വര്‍ഷം മുന്‍പ് വീട് വിട്ടിറങ്ങിയ ഞങ്ങളുടെ മൂത്ത മകന്‍ എന്താണ് ചെയ്യുന്നത് എന്ന്‍ എനിക്കറിയില്ല.” ഭര്‍ത്താവ് പറഞ്ഞു.

പൊലീസ് രക്ഷപ്പെടുത്തിയ ശേഷം കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കുറ്റാരോപിതര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെടുന്നുണ്ട് എന്നാണ് കുടുംബം അവകാശപ്പെടുന്നത്. “അവര്‍ ഞങ്ങള്‍ക്ക് പണം വാഗ്‌ദാനം ചെയ്യുകയും കേസ് ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഒരു കോടി രൂപ നല്‍കിയാലും കേസ് പിന്‍വലിക്കില്ല എന്നാണ് ഞങ്ങള്‍ അവരോട പറഞ്ഞത്. ഞങ്ങള്‍ക്ക് സുക്ഷയെക്കുറിച്ച് ഭയമുണ്ട് എന്ന്‍ പൊലീസിനേയും അറിയിച്ചിട്ടുണ്ട്” ഭര്‍ത്താവ് പറഞ്ഞു.

പക്ഷെ ഈ കുടുംബത്തിന്‍റെ പ്രശ്നം സുരക്ഷ മാത്രമല്ല, ഇളയമകന്‍ തടവില്‍ നിന്നും രക്ഷപ്പെടുന്നതിന് ഒരു ദിവസം മുന്‍പ് മരുമകനും ഓടി രക്ഷപ്പെട്ടിരുന്നു. ഇതുവരെയും അയാള്‍ വീട്ടില്‍ എത്തിയിട്ടില്ല. “അവനെവിടെയാണ് എന്ന്‍ ഞങ്ങള്‍ക്കറിയില്ല. അവന്‍ പൊലീസിലും പോയില്ല, വീട്ടിലും എത്തിയില്ല. ഒരു കുഴപ്പവും വന്നുകാണില്ല എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ നടന്ന സംഭവങ്ങളൊക്കെ അവനെ പിടിച്ചുലച്ചു കാണും. അവന്‍റെ ഫോണ്‍ ആണെങ്കില്‍ അവര്‍ കൈവശപ്പെടുത്തിയിരുന്നു.” സ്ത്രീ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ