സോമനാഥ ക്ഷേത്രം സന്ദർശിച്ച രാഹുൽ ഗാന്ധിയുടെ പേര് രേഖപ്പെടുത്തിയത് ഹിന്ദു ഇതര രജിസ്റ്ററിലാണെന്ന വാദം കള്ളമാണെന്ന് കോൺഗ്രസ്. വ്യാജരേഖയുണ്ടാക്കി ബിജെപി വിവാദമുണ്ടാക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

ഗുജറാത്ത് തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ സിർ സോമനാഥ് ക്ഷേത്രം സന്ദർശിച്ച രാഹുൽ ഗാന്ധിയുടെയും അഹമ്മദ് പട്ടേലിന്റെയും പേര്, ഇവർക്കൊപ്പമുണ്ടായിരുന്ന ആരോ ഒരാളാണ് ഹിന്ദു ഇതര സന്ദർശക രജിസ്റ്ററിൽ രേഖപ്പെടുത്തിയത്.

“ക്ഷേത്രത്തിലെത്തുന്ന ഹിന്ദു ഇതര മതവിശ്വാസികളുടെ പേര് പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്ന് ഞങ്ങൾക്ക് നിയമമുണ്ട്. ആരോ അഹമ്മദ് പട്ടേലിന്റെയും രാഹുൽ ഗാന്ധിയുടെയും പേര് ഈ രജിസ്റ്ററിലാണ് എഴുതിയത്. ക്ഷേത്രത്തിന് ഇതിൽ ഒന്നും ചെയ്യാനില്ല”, ക്ഷേത്രം സെക്രട്ടറി സോംനാഥ് ലഹേരി പറഞ്ഞു.

ഇതര മതസ്ഥർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല. ക്ഷേത്രം അധികൃതരുടെ പ്രത്യേക അനുമതിയോട് കൂടി മാത്രമേ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാനാവൂ.

രാഹുൽ ഗാന്ധി തികഞ്ഞ ശിവ ഭക്തനാണെന്നും ഹിന്ദു ധർമ്മത്തിൽ വിശ്വസിക്കുന്നയാളുമാണെന്നും കോൺഗ്രസ് വക്താവ് ദീപേന്ദ്ര സിംഗ് ഹൂഡ ന്യൂഡൽഹിയിൽ പറഞ്ഞു.

“രാഹുൽ ഗാന്ധി ജി എന്നാണ് രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധി എന്തിന് സ്വന്തം പേരിനൊപ്പം “ജി” എന്ന് ചേർക്കണം?”, ദീപേന്ദ്ര സിംഗ് ചോദിച്ചു.

ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കേ, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് രാഹുൽ ഗാന്ധിയുടെ ക്ഷേത്ര സന്ദർശനത്തെ വിമർശിച്ച് രംഗത്ത് എത്തിയത്. “സർദാർ വല്ലഭായ് പട്ടേലാണ് ക്ഷേത്രം യാഥാർത്ഥ്യമാക്കിയത്. അന്ന് ഈ പറയുന്ന ഗാന്ധി കുടുംബാംഗങ്ങൾ എവിടെയായിരുന്നു? ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട് എന്തായിരുന്നു?” പ്രധാനമന്ത്രി ചോദിച്ചു.

ഗുജറാത്ത് മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലും രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ വിമർശിച്ചിരുന്നു. “രാഹുൽ ഗാന്ധി സോമനാഥ ക്ഷേത്രം സന്ദർശിച്ചിരിക്കുകയാണ്. കോൺഗ്രസ് ഗുജറാത്ത് ഭരിച്ചിരുന്ന കാലത്ത് ക്ഷേത്രത്തിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് അദ്ദേഹത്തോട് ചോദിക്കണം”, അവർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook