കൊൽക്കത്ത: മുൻ ലോക്സഭ സ്പീക്കർ സോമനാഥ് ചാറ്റർജിയുടെ നില അതീവ ഗുരുതരം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വെളളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിലാണ്.
ജൂണിൽ സ്ട്രോക് നേരിട്ടതിന് ശേഷമാണ് സോമനാഥ് ചാറ്റർജിയുടെ നില വഷളായത്. 2014 ൽ നേരിയ സ്ട്രോക്ക് ഇദ്ദേഹം മറികടന്നതാണ്. എന്നാൽ ജൂണിൽ ഉണ്ടായ ശാരീരിക അസ്വാസ്ഥ്യം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയിരുന്നു.
മുൻ സിപിഎം നേതാവും പത്ത് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗവുമായിരുന്നു സോമനാഥ് ചാറ്റർജി. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് 2004 മുതൽ 2009 വരെ അദ്ദേഹമായിരുന്നു ലോക്സഭ സ്പീക്കർ.
ഇന്ത്യയും അമേരിക്കയും തമ്മിലുളള ആണവ കരാറിന് പിന്നാലെയാണ് യുപിഎ കരാറിനുളള പിന്തുണ സിപിഎം പിൻവലിച്ചത്. അന്ന് സോമനാഥ് ചാറ്റർജിയോട് സ്പീക്കർ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. ഇതേ തുടർന്ന് അദ്ദേഹത്തെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു.
1971 മുതൽ 2009 വരെ പാർലമെന്റംഗമായിരുന്ന അദ്ദേഹത്തിന് ഒരിക്കൽ മാത്രമാണ് പരാജയം നേരിട്ടത്. അന്ന് മമത ബാനർജിയായിരുന്നു അദ്ദേഹത്തെ തോൽപ്പിച്ചത്. സോമനാഥ് ചാറ്റർജിയുടെ ആരോഗ്യനില വഷളായത് അറിഞ്ഞ് ഇടത് നേതാക്കളടക്കം നിരവധി പേരാണ് ഇതിനോടകം ആശുപത്രിയിലെത്തിയത്.