ന്യൂഡല്‍ഹി: ഇന്ത്യയിലെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്തെങ്കിലുമൊക്കെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഭീകര സംഘടനകളെ ഇനി രാജ്യത്ത് വച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

‘സായുധ സംഘങ്ങള്‍ പാക്കിസ്ഥാനില്‍ തമ്പടിക്കുന്ന ഒരു സാഹചര്യം ഇനിയും ഞങ്ങള്‍ക്ക് അനുവദിക്കാനാകില്ല. പുല്‍വാമ പോലുള്ള ഭീകരാക്രമണങ്ങള്‍ക്ക് ഇനിയും പഴി കേള്‍ക്കാന്‍ ഞങ്ങള്‍ക്കാകില്ല,’ ഇമ്രാന്‍ പറഞ്ഞു.

Read: ഇന്ത്യ ആക്രമിച്ചാൽ നോക്കിയിരിക്കില്ല, പാക്കിസ്ഥാൻ തിരിച്ചടിക്കും: പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

പുതിയ പാക്കിസ്ഥാനില്‍ ഭീകരര്‍ക്ക് യാതൊരു സ്ഥാനവുമില്ല. ഭീകരപ്രവര്‍ത്തനങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ഏറ്റവും ശക്തമായ നടപടികളാണ് തന്റെ ഗവണ്‍മെന്റ് സ്വീകരിച്ചുവരുന്നതെന്നും ഇത് പാക്കിസ്ഥാനില്‍ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലെന്നും ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടു. ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി എന്തെങ്കിലും സംഭവിക്കാനിടയുണ്ടെന്ന് ആശങ്കപ്പെടുന്നു എന്ന് പറഞ്ഞ ഇമ്രാന്‍ ഖാന്‍ ഇന്ത്യയ്ക്ക് ‘യുദ്ധ ഭ്രാന്ത്’ പിടിച്ചിരിക്കുകയാണ് എന്നും പറഞ്ഞു.

പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ അത് യുദ്ധ വെറി പടുത്തുയര്‍ത്താന്‍ ഉപയോഗിക്കും എന്ന് നേരത്തെ തോന്നിയിരുന്നുവെന്ന് ഇമ്രാന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ജയിക്കാനാണ് സര്‍ക്കാര്‍ ഇതെല്ലാം ചെയ്യുന്നതെന്ന് ഇന്ത്യയിലെ ജനങ്ങള്‍ മനസിലാക്കണമെന്നും ഉപഭൂഖണ്ഡത്തെ ബാധിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളുമായി ഇതിന് ബന്ധമില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Read: പാക് മണ്ണിൽ തീവ്രവാദം അനുവദിക്കില്ല, ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നത്: ഇമ്രാൻ ഖാൻ

കശ്മീരില്‍ മോദിയുടെ മുസ്‌ലിം വിരുദ്ധ സര്‍ക്കാര്‍ പിന്തുടരുന്ന തെറ്റായ നയങ്ങളാണ് പുല്‍വാമയിലേതു പോലുള്ള അക്രമങ്ങള്‍ക്ക് കാരണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പാക്കിസ്ഥാന്‍ ജയ്ഷെ മുഹമ്മദിനെ സംരക്ഷിക്കുന്നു എന്ന ആരോപണവും ഇമ്രാന്‍ നിഷേധിച്ചു.

‘ഇന്ത്യയില്‍ ജയ്ഷെ മുഹമ്മദ് ഉണ്ട്. സ്വയം കത്തിത്തീര്‍ന്ന 19കാരന്‍ കശ്മീരിയായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ പീഡനത്തെ തുടര്‍ന്നാണ് അവന്‍ ഭീകരപ്രവര്‍ത്തനത്തിലേയ്ക്ക് പോയതെന്നാണ് അവന്റെ മാതാപിതാക്കള്‍ പറയുന്നത്. ചാവേര്‍ ഇന്ത്യക്കാരന്‍, കാര്‍ ഇന്ത്യയിലേത്, സ്ഫോടക വസ്തു ഇന്ത്യയിലേത് എന്നിട്ടും പാക്കിസ്ഥാനെ കുറ്റം പറയുന്നതെന്തിന്?,’ ഇമ്രാന്‍ ഖാന്‍ ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook