ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ പളനിസാമി വിശ്വാസ വോട്ടില്‍ ജയിച്ച് കേറിയിരിക്കുകയാണ്. 122 എംഎൽഎമാർ വിശ്വാസപ്രമേയത്തെ അനുകൂലിച്ചതോടെ അദ്ദേഹം മുഖ്യമന്ത്രി പദം ഉറപ്പിച്ചു. 11 പേർ അദ്ദേഹത്തെ എതിർത്തു. പനീർസൽവം വിഭാഗമാണ് എതിർത്ത് വോട്ട് ചെയ്തത്. ജയലളിതയുടെ സമാധിയിലെത്തിയ പളനിസാമി ശശികലയുട ശപഥം യാഥാര്‍ത്ഥ്യമായെന്ന് പറഞ്ഞു.

മണിക്കൂറുകൾ നീണ്ടുനിന്ന കയ്യാങ്കളികൾക്കൊടുവിലാണ് വോട്ടെടുപ്പ് നടന്നത്. പ്രതിപക്ഷ എംഎൽഎമാരുടെ പ്രതിഷേധത്തെത്തുടർന്ന് സഭ രണ്ടു തവണ നിർത്തിവയ്ക്കേണ്ടി വന്നു. മാത്രമല്ല സ്പീക്കർക്കുനേരെയും കയ്യേറ്റ ശ്രമമുണ്ടായി.

രാവിലെ 11 മണിക്ക് സഭ തുടങ്ങിയപ്പോൾ തന്നെ വോട്ടെടുപ്പ് രഹസ്യ ബാലറ്റിലൂടെ വേണമെന്ന് ഒ.പനീർസെൽവവും എം.കെ.സ്റ്റാലിനും ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം സ്‌പീക്കർ തളളിയതോടെയാണ് നിയമസഭയിൽ പ്രതിഷേധം തുടങ്ങിയത്. ഡിഎംകെ അംഗങ്ങൾ സ്‌പീക്കറെ ഘരാവോ ചെയ്‌തു. സ്പീക്കറുടെ മൈക്ക് തകർക്കുകയും സ്‌പീക്കർക്കു നേരെ കടലാസ് കീറിയെറിയുകയും ചെയ്‌തു.

നിയമസഭയിലെ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുകയും തുടര്‍ന്ന് പളനിസാമി വിശ്വാസ വോട്ടില്‍ ജയിക്കുകയും ചെയ്തു. നേരത്തേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ വിക്കീപീഡിയയില്‍ തമിഴ്നാട് മുഖ്യമന്ത്രിയുടെ കോളം പുതുക്കി അവിടെ പളനിസാമിയുടെ പേരും ചിത്രവും നല്‍കി. ഒദ്യോഗിക പദവിയില്‍ ഇരിക്കുന്നത് പളനിസ്വാമിയെന്ന് താഴെ എഴുതിയിട്ടുമുണ്ട്.

എന്നാല്‍ ഇതിന് താഴെയായി ‘ശശികലയുടെ അടിമ’ എന്നും എഡിറ്റ് ചെയ്ത് ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ മിനുട്ടുകള്‍ക്കകം തന്നെ ഇത് തിരുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ശശികലയുടെ അടിമ എന്ന അടിക്കുറിപ്പോടെയുള്ള വിക്കീപീഡിയ പേജിന്റെ സ്ക്രീന്‍ഷോട്ട് അതിനകം തന്നെ പ്രചരിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ വ്യാപകമായ രീതിയിലാണ് ഈ ചിത്രം പ്രചരിക്കുന്നത്.

അവിടംകൊണ്ടും തീരാതെ ട്രോളന്മാരും ഈ ചിത്രങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ‘മന്നാര്‍കുടി മാഫിയയുടെ അടിമ’ എന്ന രീതിയിലാണ് ചിത്രത്തില്‍ എഡിറ്റ് ചെയ്തിരിക്കുന്നത്. ജയിലിലുള്ള ശശികലയുടെ റിമോട്ട് കണ്‍ട്രോളിലാണ് പളനിസാമി പ്രവര്‍ത്തിക്കുക എന്ന് ഡിഎംകെ നേതാവ് എൺകെ സ്റ്റാലിന്‍ അടക്കമുള്ളവര്‍ ആരോപിക്കുന്നതിനിടെയാണ് പളനിസാമിക്ക് വിക്കിപീഡിയയിലും പണി കിട്ടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ