ചെന്നൈ: ശബരിമല സ്ത്രീ പ്രവേശനത്തിന് അനുമതി നൽകിയ സുപ്രീം കോടതി വിധിയെ ചൊല്ലി പ്രതിഷേധങ്ങൾ പുകയുന്നതിനിടെ സ്ത്രീ പ്രവേശനത്തെക്കുറിച്ച് യുവതികൾക്ക് സമ്മിശ്ര പ്രതികരണം. ബുധനാഴ്ച തുലാമാസ പൂജകൾക്കായി നട തുറക്കുമ്പോൾ തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ അയൽ സംസ്ഥാനങ്ങളിലെ യുവതികൾ ശബരിമല സന്ദർശനത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്.

വിശ്വാസകാര്യങ്ങളിൽ കോടതി കൈകടത്തേണ്ടതില്ലെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, ശബരിമല സന്ദർശിക്കാൻ താൽപര്യമുണ്ടെന്നും എന്നാൽ യാഥാസ്ഥിതികരുടെ പ്രതിഷേധങ്ങളെ ഭയന്നാണ് സന്ദർശനത്തിൽ നിന്നും പിൻവലിയുന്നതെന്ന് ഒരുകൂട്ടം യുവതികൾ അഭിപ്രായപ്പെട്ടു. കോടതി വിധി നടപ്പിലാക്കൽ പ്രയാസമായിരിക്കുമെന്നും അഭിപ്രായമുയർന്നു.

ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായതിനാൽ യുവതികളെ പ്രവേശിപ്പിക്കാനാവില്ലെന്നാണ് തന്ത്രി സമൂഹത്തിന്റെ അഭിപ്രായം.

ചെന്നൈ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ലത സുബ്രഹ്മണ്യം ശബരിമലയിൽ പോകാൻ തയ്യാറാണെന്നാണ് അഭിപ്രായപ്പെട്ടത്. നാൽപ്പതുകളുടെ അവസാനത്തിലെത്തിയ ലത സുബ്രഹ്മണ്യം പ്രായം വിശ്വാസത്തിന് തടസ്സമാണെന്ന് കരുതുന്നില്ലെന്നും, അശുദ്ധി മുതൽ മലകയറാനുള്ള ബുദ്ധിമുട്ടടക്കമുള്ള കാര്യങ്ങളാണ് സ്ത്രീ പ്രവേശനത്തിന് വിലക്കായ് പറയുന്നതെന്നും, വനിതകൾക്ക് ബഹിരാകാശത്ത് പോകാമെങ്കിൽ എന്തുകൊണ്ട് ശബരിമലയിൽ പോകാനാകില്ലെന്നും അതിനായ് ക്ഷേത്രാധികാരികൾ സംരക്ഷണം നൽകുകയല്ലേ വേണ്ടതെന്നും ചോദിച്ചു.

മുപ്പത് വയസ്സുകാരിയായ ചെന്നൈ സ്വദേശി രശ്മി രമേഷ് താൻ 50 വയസ്സ് വരെ കാത്തിരിക്കുമെന്ന് പറഞ്ഞു. കോടതിക്ക് വിശ്വാസകാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ല, ക്ഷേത്രാചാരങ്ങൾ പാലിക്കാനുള്ളതാണെന്നും രശ്മി പറഞ്ഞു.

തമിഴ്നാട് റവന്യൂ വകുപ്പിൽ എൻജിനീയറായ എസ്.പൂചെണ്ട് പറയുന്നത് ശബരിമല സന്ദർശിക്കാൻ അവസരം കിട്ടിയാൽ നഷ്ടപ്പെടുത്തില്ലെന്നാണ്. 40 വയസ്സുള്ള താൻ വിശ്വാസിയാണെന്നും എന്നാൽ ഭീഷണികളെ ഭയന്നാണ് ശബരിമലയിൽ പോകാത്തതെന്നും പറഞ്ഞു.

ഭരതനാട്യം നർത്തകിയും തമിഴ്നാട് സർക്കാർ ജീവനക്കാരിയുമായ കവിത രാമു പ്രതികരിച്ചത് ശബരിമല സന്ദർശിക്കാൻ ആഗ്രഹമുണ്ടാവുകയാണെങ്കിൽ താൻ സുഹൃത്തുകളുമായി മല കയറുമെന്നാണ് പ്രതികരിച്ചത്.

നിലവിൽ 10-നും 50 വയസ്സിനിടയിലെ വനിതകളെ പമ്പയിൽ തടയുകയാണ് ചെയ്യുന്നത്. പമ്പയിൽ നിന്ന് അഞ്ച് കിലോമീറ്റർ മലകയറി വേണം ശബരിമല സന്നിധാനത്തെത്താൻ. അയ്യപ്പ ഐക്യ വേദിയുടെ ആഭിമുഖ്യത്തിൽ തെലങ്കാനയിലും, ആന്ധ്രപ്രദേശിലും ‘സേവ് ശബരിമല’ എന്ന പേരിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.

ആന്ധ്രയിൽ നിന്നുള്ള കെ.പദ്മാവതി പറയുന്നത് അയ്യപ്പ വിശ്വാസികളായ നിരവധി വനിതകൾ ശബരിമല സ്ത്രീ പ്രവേശനത്തെ എതിർക്കുന്നുണ്ടെന്നാണ്.

പുരോഗമന വനിതാ സംഘടന നേതാവായ കെ.സന്ധ്യ പറയുന്നത് പ്രതിഷേധക്കാരുടെ ഭീഷണിയെത്തുടർന്നാണ് ആന്ധ്രയിൽ നിന്നും തെലങ്കാനയിൽ നിന്നുമുളള സ്ത്രീകൾ ശബരിമലയിൽ വരാത്തതെന്നും, ആളുകളുടെ മനോഭാവത്തിന് മാറ്റം വരാൻ സമയമെടുക്കുമെന്നും, തീർത്ഥാടനകേന്ദ്ര ടൂറിസം വളരുകയാണെന്നുമാണ്. വനിതകളെ പ്രവേശിപ്പിക്കുകയാണെങ്കിൽ സ്ത്രീകൾ തീർച്ചയായും പോകും. പക്ഷേ ഇപ്പോൾ അതിനെക്കുറിച്ച് വ്യക്തതയില്ലെന്നും അവർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook