ന്യൂഡൽഹി: പാർലമെന്റിൽ അവിശ്വാസ പ്രമേയത്തിന്മേലുളള ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചത് ബിജെപി നേതാക്കൾക്ക് മാത്രമല്ല തന്റെ തന്നെ പാർട്ടിയിലെ ചിലർക്കും ഇഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജർമ്മനിയിലെ ഹംബർഗിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. ‘പാര്‍ലമെന്റില്‍ ഞാന്‍ മോദിയെ ആലിംഗനം ചെയ്തത് ഞങ്ങളുടെ പാര്‍ട്ടിയിലെ ചിലര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല’, രാഹുൽ പറഞ്ഞു.

ഇന്ത്യയിൽ തൊഴിലില്ലായ്മ അതിരൂക്ഷമാണെന്നും പ്രധാനമന്ത്രി അത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും രാഹുൽ പറഞ്ഞു. ഈ പ്രശ്നത്തെ ഉൾക്കൊണ്ട് അത് പരിഹരിക്കുകയാണ് മോദി ചെയ്യേണ്ടതെന്നും രാഹുൽ പറഞ്ഞു. തന്റെ പിതാവ് രാജീവ് ഗാന്ധിയുടെ കൊലപാതകികളെക്കുറിച്ചും രാഹുൽ സംസാരിച്ചു. എന്റെ പിതാവിനെ കൊന്നയാൾ ശ്രീലങ്കയിൽ മരിച്ചു കിടക്കുന്നത് ഞാൻ കണ്ടു. അപ്പോഴും അദ്ദേഹത്തിന്റെ കരയുന്ന മക്കളെയാണ് ഞാൻ അദ്ദേഹത്തിൽ കണ്ടത് എന്നായിരുന്നു രാഹുൽ പറഞ്ഞത്.

പാർലമെന്റിൽ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചുളള പ്രസംഗത്തിനുശേഷമാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തേക്കെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്തത്. ”ഞാൻ ഇത്രയും നേരം നിങ്ങളെ വിമർശിച്ചു, വ്യക്തിപരമായി നിങ്ങളോട് എനിക്ക് ദേഷ്യമില്ല, കാരണം എന്റേത് കോൺഗ്രസ് സംസ്കാരമാണ്”, ഇത് പറഞ്ഞ് സ്വന്തം ഇരിപ്പിടത്തിൽനിന്ന് പ്രധാനമന്ത്രിയുടെ സമീപം എത്തിയാണ് ആലിംഗനം ചെയ്തത്. അപ്രതീക്ഷിതമായുണ്ടായ സംഭവത്തിൽ നരേന്ദ്ര മോദി ഒന്നു പതറിയെങ്കിലും മടങ്ങിപ്പോകാൻ പോയ രാഹുലിനെ അടുത്തേക്ക് വിളിച്ച് സംസാരിച്ചും ഹസ്തദാനം നൽകിയുമാണ് മടക്കി അയച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook