ന്യൂഡൽഹി: കഴിഞ്ഞ നവംബറിൽ കേന്ദ്രം എക്സൈസ് തീരുവ കുറച്ചിട്ടും ചില സംസ്ഥാനങ്ങൾ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചില്ലെന്നും ആനുകൂല്യങ്ങൾ കൈമാറാതെ ജനങ്ങളോട് അനീതി കാട്ടിയെന്നും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ലക്ഷ്യം വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്ത് ഉയർന്നുവരുന്ന കോവിഡ് -19 സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രിമാരുമായുള്ള ആശയവിനിമയത്തിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഈ കാര്യം പറഞ്ഞത്.
“യുദ്ധത്തിന്റെ സാഹചര്യം ഉടലെടുത്തത്, വിതരണ ശൃംഖലയെ ബാധിച്ചു, അത്തരമൊരു പരിതസ്ഥിതിയിൽ, വെല്ലുവിളികൾ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്,” റഷ്യ-യുക്രൈൻ സംഘർഷത്തെക്കുറിച്ച് വ്യക്തമായ പരാമർശത്തിൽ മോദി പറഞ്ഞു.
“ഈ ആഗോള പ്രതിസന്ധി നിരവധി വെല്ലുവിളികൾ കൊണ്ടുവരുന്നു. അത്തരമൊരു സാഹചര്യത്തിൽ, സഹകരണ ഫെഡറലിസത്തിന്റെയും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനത്തിന്റെയും ചൈതന്യം കൂടുതൽ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമായിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.
പെട്രോളിന്റെയും ഡീസലിന്റെയും വില വർധിച്ച വിഷയത്തിം പറഞ്ഞ മോദി, കഴിഞ്ഞ നവംബറിൽ ജനങ്ങളുടെ മേലുള്ള പെട്രോളിന്റെയും ഡീസലിന്റെയും വിലഭാരം കുറയ്ക്കാൻ കേന്ദ്രം എക്സൈസ് തീരുവ കുറച്ചതായി പറഞ്ഞു.
നികുതി കുറയ്ക്കാനും ആനുകൂല്യം പൗരന്മാർക്ക് കൈമാറാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ചില സംസ്ഥാനങ്ങൾ നികുതി കുറച്ചെങ്കിലും ചില സംസ്ഥാനങ്ങൾ ഇതിന്റെ ഒരു പ്രയോജനവും ജനങ്ങൾക്ക് നൽകിയില്ല. ഇതോടെ ഈ സംസ്ഥാനങ്ങളിൽ പെട്രോൾ, ഡീസൽ വില ഉയർന്ന നിലയിൽ തുടരുകയാണ്. ഒരു തരത്തിൽ പറഞ്ഞാൽ, ഇത് ഈ സംസ്ഥാനങ്ങളിലെ ജനങ്ങളോടുള്ള അനീതി മാത്രമല്ല, അയൽ സംസ്ഥാനങ്ങളിലും ഇത് സ്വാധീനം ചെലുത്തുന്നു, ”അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, ജാർഖണ്ഡ്, തമിഴ്നാട് തുടങ്ങി പല സംസ്ഥാനങ്ങളും ചില കാരണങ്ങളാൽ കേന്ദ്രസർക്കാരിനെ ചെവിക്കൊണ്ടില്ലെന്നും ആ സംസ്ഥാനങ്ങളിലെ പൗരന്മാർക്ക് അത് ഭാരമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.