കൊച്ചി: വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം കടൽകൊള്ളക്കാർ വീണ്ടും കടൽ ഗതാഗത വഴിയിൽ കൊളളയ്ക്കിറങ്ങി. ആഴ്ചകൾക്കിടയിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. വ്യാവസായിക സുരക്ഷാ കേന്ദ്രങ്ങളിൽ നിന്നാണ് ഇന്ത്യയിൽ നിന്നുളള ചരക്കുകപ്പൽ സൊമാലിയൻ കടൽ കൊളളക്കാർ റാഞ്ചിയതായി റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്.
ദുബൈയിൽ നിന്ന് ബൊസാസോയിലേക്ക് പോയ “അൽ കൗസർ” എന്ന ചരക്കുകപ്പലാണ് ഇതെന്ന് സംശയിക്കുന്നു. കപ്പലിൽ പതിനൊന്ന് ജീവനക്കാർ ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. ഏദൻ കടലിടുക്കിലെ ചരക്കു കപ്പലുകളുടെ ഗതാഗതം സംബന്ധിച്ച സുരക്ഷാ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്ന യുണൈറ്റഡ് കിംഗ്‌ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് നൽകിയ വിവരം അനുസരിച്ച് അറേബ്യൻ മാതൃകയിലുള്ള ഒരു പായ്ക്കപ്പലാണ് ഇപ്പോൾ കൊളളസംഘത്തിന്റെ പിടിയിലായിട്ടുള്ളത്.
സൊമാലിയൻ പ്രദേശത്തെ സൊക്കോത്ര ദ്വീപിന്റെ പരിസരത്ത് വച്ചാണ് പായ്ക്കപ്പൽ കൊളളസംഘത്തിന്റെ പിടിയിലായിട്ടുളളതെന്നും ഇവർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പായ്ക്കപ്പൽ ഇപ്പോൾ എവിടെയാണെന്ന് സ്ഥിരീകരിക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല. അതേസമയം അൽ കൗസർ എന്ന ഇന്ത്യൻ പായ്ക്കപ്പലാണ് ഇതെന്ന് യുണൈറ്റഡ് കിംഗ്‌ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസിന്റെ വക്താവ് സ്ഥിിരീകരിച്ചിട്ടുണ്ട്.
മുൻ ഇന്ത്യൻ ആന്റി പൈറസി വിഭാഗത്തിന്റെ ഡയറക്ടർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം പുറത്തുവിട്ടത്.
“സൊമാലിയൻ കൊളളക്കാർ ഒരു ഇന്ത്യൻ കപ്പൽ റാഞ്ചിയതായും അത് തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഞങ്ങൾക്ക് മനസിലായിട്ടുണ്ട്” എന്ന് അബ്‌ദിരിസാക് മുഹമ്മദ് ദിരിർ ആണ് വ്യക്തമാക്കിയത്. ഇദ്ദേഹം സൊമാലിയയിലെ അർദ്ധ സ്വയംഭരണ പ്രദേശമായ പുന്റ്ലാന്റിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ആന്റി പൈറസി വിഭാഗത്തിലെ മുൻ ഡയറക്ടറാണ്.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിരാഡ് മാരിടൈം സെക്യൂരിറ്റിയിലെ അംഗമായ ഗ്രയിം ഗിബ്ബൺ കപ്പൽ കൊളളക്കാർ പിടിച്ചെടുത്ത വിവരം സ്ഥിരീകരിച്ചു. ബൊസാസോയിൽ നിന്ന് ദുബൈയിലേക്ക് പോവുകയായിരുന്ന കപ്പലാണ് കൊളളക്കാർ പിടിച്ചെടുത്തത്. ഇതിപ്പോൾ പുന്റ്ലാന്റിലേക്ക് കൊണ്ടുപോയെന്ന് അദ്ദേഹം പറഞ്ഞു.
സൊമാലിയൻ കടൽഭാഗത്തിലൂടെ നീങ്ങുമ്പോഴാണ് കപ്പൽ കൊളളസംഘത്തിന്റെ പിടിയിലായത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. കൊളളസംഘം പുന്റ്ലാന്റിലെ എയിൽ തീരത്തേക്ക് പതിനൊന്ന് ക്രൂ അംഗങ്ങളടങ്ങിയ കപ്പലുമായി പോയെന്നാണ് ലഭിക്കുന്ന വിവരം.