മുംബൈ: എത്ര സമര്‍ഥമായി കുറ്റകൃത്യം നടത്തിയാലും എവിടെയെങ്കിലും ഒരു തെളിവ് അവശേഷിക്കുമെന്നാണു കുറ്റാന്വേഷകര്‍ക്കിടയില്‍ പൊതുവെയുള്ള വിശ്വാസം. അത് എത്രമാത്രം ശരിയാണെന്നു തെളിയിക്കുകയാണ് ഈ കൊലപാതകക്കേസ്. തെളിവില്ലാതെ എഴുതിത്തള്ളിയ കേസില്‍ 16 വര്‍ഷത്തിനു ശേഷമാണു മുംബൈ പൊലീസ് പ്രതികളെ കണ്ടെത്തിയത്.
മുംബൈ സയണിലെ വീട്ടില്‍ 1997-ലാണു അന്‍പത്തിയെട്ടുകാരി ഭാനുമതി താക്കറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിക്കാതിരുന്നതോടെ പിറ്റേവര്‍ഷം കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍, കൊലപാതകം പ്രതികളിലൊരാള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചതാണു 2013ല്‍ കേസ് തെളിയിക്കുന്നതിലേക്കു നയിച്ചത്.
ഉറക്കമില്ലാത്ത രാത്രികളെത്തുടര്‍ന്നു കൊലയാളികളിലൊരാള്‍ ഇരയുടെ പ്രതിമ ഉണ്ടാക്കിയെന്നും പുരോഹിതന്റെ ഉപദേശപ്രകാരം ആചാരങ്ങള്‍ നടത്തുന്നുവെന്നും മുംബൈ ക്രൈംബ്രാഞ്ചിനു വിവരം ലഭിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹദ് ഗ്രാമത്തിലെ പ്രതിമയെക്കുറിച്ച് ക്രൈംബ്രാഞ്ചിന്റെ യൂണിറ്റ് നാലില്‍ 2013ല്‍ നിയമിതനായ പൊലീസ് കോണ്‍സ്റ്റബിള്‍ക്കാണു വിവരം ലഭിച്ചത്. ഇതോടെ കേസിന്റെ രേഖകള്‍ തപ്പിയെടുക്കാന്‍ ഒരു പ്രത്യേക സംഘത്തെ ക്രൈംബ്രാഞ്ച് നിയോഗിച്ചു. തുടര്‍ന്നു കൊലയാളികള്‍ താനാജി പവാറും ശംഭാജി ഷെലാറുമാണെന്നു തിരിച്ചറിഞ്ഞ ക്രൈം ബ്രാ്ഞ്ച് 2013 സെപ്റ്റംബറില്‍ ഇരുവയെും അറസ്റ്റ് ചെയ്യുകയായിരുന്നു.
വിവരം നല്‍കിയ ആള്‍ പറഞ്ഞ കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് ആദ്യം വിശ്വാസമുണ്ടായിരുന്നില്ല. എന്നാല്‍ ഇയാള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയതോടെ അന്വേഷണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കൊലപാതകം നടക്കുന്നതിന് ആറ് മാസം മുന്‍പ് പ്രവര്‍ത്തമാനരംഭച്ച പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും നവരാത്രി ഉത്സവത്തിന് തൊട്ടുപിന്നാലെയാണു സംഭവം നടന്നതെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. സിയോണ്‍ പൊലീസ് സ്റ്റേഷനിലെ കേസ് രേഖകള്‍ നോക്കിയാണ് അന്വേഷണം ആരംഭിച്ചതെന്നും ഗോഡൗണിലുടനീളം 20 ദിവസം തിരഞ്ഞശേഷമാണ് അവ കണ്ടെത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു.
സയണിലെ വൃന്ദാവന്‍ സൊസൈറ്റിയിലെ രണ്ടാം നിലയിലുള്ള വീട്ടില്‍ 1997 ഒക്ടോബര്‍ 14-നു ഭാനുമതി താക്കര്‍ എന്ന വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭാനുമതി താക്കര്‍ മാത്രമായിരുന്നു ആ വീട്ടില്‍ സ്ഥിരമായി താമസിച്ചിരുന്നത്. സ്വര്‍ണവ്യാപാരിയായ ഭര്‍ത്താവ് അമൃത്ലാല്‍ ദുബായില്‍ താമസിക്കുന്നതിനാല്‍ വര്‍ഷത്തിലൊരിക്കല്‍ മുംബൈ സന്ദര്‍ശിച്ചിരുന്നത്. മകന്‍ പൂണെയിലായിരുന്നു താമസം.
വീട്ടുവേലക്കാരി മായ പവാറിന്റെ ബെല്‍ അടിച്ചെങ്കിലും ഭാനുമതി തക്കര്‍ വാതില്‍ തുറന്നില്ല. ഇതോടെയാണു കൊലപാതകം അറിഞ്ഞത്. അറസ്റ്റിലായ താനാജിയുടെ ഭാര്യയാണു മായ. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതു മായയുടെ ശ്രദ്ധയില്‍ പെട്ടു. നിരവധി തവണ വിളിച്ചിട്ടും ഉത്തരം ലഭിക്കാത്തതിനെത്തുടര്‍ന്ന് അയല്‍ക്കാരാണു പൊലീസിനെ അറിയിച്ചത്. തുടര്‍ന്നു വാതിലിന്റെ പൂട്ടുതകര്‍ത്ത് അകത്തുകടക്കുകയായിരുന്നുവെന്നും എഫ് ഐ ആറില്‍ പറയുന്നു.
അടുക്കളയുടെ ഒരു മൂലയില്‍, ഒന്നിലധികം കുത്തേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണു ഭാനുമതി താക്കറിന്റെ മൃതദേഹം പൊലീസ് കണ്ടത്. വീട് കൊള്ളയടിച്ചതായി പൊലീസ് കണ്ടെത്തി. ഫര്‍ണിച്ചറുകള്‍ മറിച്ചിടുകയും അലമാരകള്‍ തുറന്ന് അവയിലെ സാധനങ്ങള്‍ നിലത്ത് വിതറുകയും ചെയ്ത നിലയിലായിരുന്നു. വീട്ടില്‍നിന്ന് 2.55 ലക്ഷം രൂപയുടെ സ്വര്‍ണവും പണവും നഷ്ടപ്പെട്ടിരുന്നു. അന്വേഷണം കൊലപാതകികളെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതോടെ കേസ് അവസാനിപ്പിക്കാനയി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
കൊലപാതക ദിവസം മുതല്‍ താനാജി പവാറിന് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. കൊല്ലപ്പെട്ട ഭാനുമതി താക്കര്‍ പലപ്പോഴും താനാജിയുടെ സ്വപ്നത്തില്‍ വരാറുണ്ടെന്നും വിവരം നല്‍കിയ ആള്‍ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ”താനാജി ഒരു പുരോഹിതനെ സമീപിച്ചു. അയാള്‍, സ്ത്രീയുടെ പ്രതിമ ഉണ്ടാക്കാനും ചില പരിഹാര ക്രിയകള്‍ നടത്താനും ഉപദേശിച്ചു,” ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
”പുരോഹിതന്റെ ഉപദേശ പ്രകാരം താനാജി ഒരു പ്രതിമ ഉണ്ടാക്കുകയും പലപ്പോഴും ചില ആചാരക്രിയകള്‍ നടത്തുകയും ചെയ്യുമായിരുന്നു. ഇത് ആരുടെ പ്രതിമയാണെന്നു ഗ്രാമവാസികള്‍ ചോദിച്ചപ്പോള്‍ മുംബൈയില്‍ ആകസ്മികമായി മരിച്ച ഒരു സ്ത്രീയാണെന്നും അവര്‍ തന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്നുമാണു താനാജി മറുപടി നല്‍കിയത്,” ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മറ്റൊരു പ്രതി ശംഭാജി ഷെലാറിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കണ്ടെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍, മൊബൈല്‍ നെറ്റ്വര്‍ക്ക് സേവന ദാതാവിനെ സമീപിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ഇതനുസരിച്ച് ഇയാള്‍ ഗോരേഗാവിലെ ഭഗത് സിങ് നഗറിലാണ് താമസിച്ചിരുന്നതെന്നു കണ്ടെത്തി. അന്വേഷണം സംഘം അവിടെ എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്നു മൊബൈല്‍ ഫോണ്‍ കമ്പനിയില്‍നിന്നുള്ള ആളാണെന്ന വ്യാജേന പൊലീസ് ഉദ്യോഗസ്ഥന്‍ ശംഭാജിയെ വിളിച്ച് വെരിഫൈ ചെയ്യാനായി വിലാസം പറയാന്‍ ആവശ്യപ്പെട്ടു. നവി മുംബൈയുടെ പ്രാന്തപ്രദേശമായ തുര്‍ഭെയിയില്‍ ജോലി ചെയ്യുകയാണെന്ന് ഉദ്യോഗസ്ഥനോട് ശംഭാജി വെളിപ്പെടുത്തി. വൈകാതെ ഇവിടെയെത്തിയ പൊലീസ് സംഘം ഇയാളെ ഓഫീസിനു പുറത്തേക്കു വരുത്തി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കേസിലെ പങ്ക് വെളിപ്പെടുത്തിയതോടെ അറസ്റ്റ് ചെയ്തു.
1997-ല്‍ തന്നെ ഭാനുമതി താക്കര്‍ അപമാനിച്ചതിനെത്തുടര്‍ന്ന് അവരുടെ വീട്ടില്‍ മോഷണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി അറസ്റ്റിലായതിനെത്തുടര്‍ന്നു താനാജി അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.
”താനാജിയുടെ ഭാര്യ മായ ഭാനുമതിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്നു. മായയെ കൂട്ടിക്കൊണ്ടുവരാന്‍ താനാജി ഇടയ്ക്കിടെ ആ വീട്ടില്‍ പോകുമായിരുന്നു. ഭാനുമതിക്കും താനാജിക്കും പരസ്പരം അറിയാമായിരുന്നു. ഭാനുമതി ചിലപ്പോള്‍ അയാള്‍ക്ക് പണം നല്‍കുമായിരുന്നു. എന്നാല്‍ ഒരു തവണ പണം ചോദിച്ച താനാജിയെ ഭാനുമതി അപമാനിച്ചു. അന്നു വൈകുന്നേരം ശംഭാജി ഷെലാര്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളെയും കൊലപാതകത്തെക്കുറിച്ച് പൊലീസിനു വിവരം നല്‍കിയ വ്യക്തിയെയും കണ്ട താനാജി തന്റെ പദ്ധതിയെക്കുറിച്ച് പറയുകയും തനിക്കൊപ്പം ചേരാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, വിവരദാതാവ് നിരസിക്കുകയായിരുന്നു” ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
താനാജി പ്രതിമ നിര്‍മിച്ചതു മുതല്‍ ഗ്രാമത്തിലുണ്ടായ പ്രശ്‌നങ്ങളാണു വിവരദാതാവിനെ ക്രൈംബാഞ്ചിനെ സമീപിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്. ”പ്രതിമ നിര്‍മിച്ചതുമുതല്‍ ഗ്രാമത്തില്‍ താമസിക്കുന്ന ആളുകള്‍ കഷ്ടപ്പെടാന്‍ തുടങ്ങി. അവരുടെ മൃഗങ്ങള്‍ ചത്തൊടുങ്ങുകയും അവരുടെ കുട്ടികള്‍ പലപ്പോഴും രോഗബാധിതരാകുകയും ചെയ്തു. ഭാനുമതിയുടെ ആത്മാവ് തങ്ങളെ വിഷമിപ്പിക്കുകയാണെന്നു അന്ധവിശ്വാസിയായ വിവരദാതാവ് കരുതി. അങ്ങനെ 16 വര്‍ഷം കഴിഞ്ഞ് അയാള്‍ പൊലീസിനെ വിവരം അറിയിച്ചതോടെ കേസ് തെളിയുകയായിരുന്നു,” ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.