ജനീവ: പുറത്തുവരുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ, കോവിഡ് രോഗികളുടെ ചികിത്സയ്ക്കായുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ താല്‍ക്കാലിക വിലക്ക്. മരുന്ന് ഉപയോഗിക്കുന്നതിലെ സുരക്ഷ സംബന്ധിച്ച ആശങ്കയാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

കോവിഡ് രോഗികളില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് യാതൊരു ഗുണവും ചെയ്യുന്നതായി കണ്ടെത്താത്തതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. അതേസമയം, ഇന്ത്യയിൽ ആരോഗ്യപ്രവർത്തകർക്കും കോവിഡ് പോസിറ്റീവ് രോഗികളുടെ കുടുംബാംഗങ്ങൾക്കും ഇടയിൽ രോഗപ്രതിരോധത്തിനായി മരുന്ന് ഉപയോഗിക്കുന്നത് തുടരുന്നു.

മരുന്നിന്റെ ഉപയോഗം മരണസാധ്യത വര്‍ധിപ്പിക്കുന്നതായുള്ള ലാന്‍സെറ്റ് പഠനം കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഡബ്ല്യുഎച്ച്ഒ ഇത്തരമൊരു മുന്‍കരുതല്‍ സ്വീകരിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Read More: അഞ്ച് ദിവസത്തിനിടെ മൂന്ന് മരണം; കോവിഡ് ആശങ്കയിൽ സംസ്ഥാനം

മുന്‍കരുതല്‍ നടപടിയെന്നോണം കോവിഡ് രോഗികള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കിയുള്ള പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനം ഗബ്രിയേസിസ് അറിയിച്ചു. മലേറിയ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡിനെതിരായ അത്ഭുത മരുന്നായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ചതോടെ ലോകമാകെ അതേറ്റുപിടിക്കുകയായിരുന്നു.

കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ‘ഗെയിം ചെയ്ഞ്ചർ’ എന്നാണ് ട്രംപ് ഹൈഡ്രോക്സിക്ലോറോക്വിനെ വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യയിലാണ് ഈ മരുന്ന് ഏറ്റവുമധികം ഉത്പാദിപ്പിക്കുന്നത്. എന്നാൽ ഇതിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു. അതിന് പിന്നാലെ ഭീഷണിയുമായി ട്രംപ് എത്തിയിരുന്നു.

മലേറിയക്കെതിരായ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതിക്കുള്ള വിലക്ക് ഇന്ത്യ നീക്കിയില്ലെങ്കിൽ പ്രതികാര നടപടിയുണ്ടാകുമെന്നാണ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. തുടർന്ന് മണിക്കൂറുകൾക്കകം കോവിഡ്-19 ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മരുന്ന് ഉല്‍പാദനത്തില്‍ മുന്നിലുള്ള ഇന്ത്യയില്‍നിന്ന് നിരവധി രാജ്യങ്ങള്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വാങ്ങിക്കൂട്ടിയിരുന്നു. കോവിഡ് പ്രതിരോധത്തിന് താനും ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞതോടെ മരുന്നിന്റെ ആവശ്യക്കാരും ഏറിയിരുന്നു.

Read in English: Solidarity trial: WHO suspends allocation of patients to HCQ arm for now

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook