ശ്രീനഗർ: മധ്യകാശ്മീരിലെ ഗന്ധർബൽ ജില്ലയിൽ സിവിൽ വസ്ത്രം ധരിച്ച സൈനികരുടെ ആക്രമണത്തിൽ ഏഴ് പൊലീസുകാർക്ക് പരിക്ക്. ചെക്പോസ്റ്റിൽ സൈനികരുടെ വാഹനങ്ങൾ തടഞ്ഞതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. 24 രാഷ്ട്രീയ റൈഫിൾസിലെ ഉദ്യോഗസ്ഥർക്കെതിരെ കാശ്മീർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അമർനാഥ് തീർത്ഥാടകരുടെ സുരക്ഷ ചുമതലയുണ്ടായിരുന്ന എഎസ്ഐ അടകക്കമുള്ള ഏഴ് പേർക്കാണ് പരിക്കേറ്റത്. ലഫ്റ്റനന്റ് ജനറൽ ജെ.എസ്.സന്ധുവുമായി, ജമ്മു കാശ്മീർ ഡിജിപി എസ്.പി.വൈദ് ഇക്കാര്യം ചർച്ച ചെയ്തിരുന്നു. സംഭവം വളരെ നിസാരമായ തർക്കമാണെന്ന് ചർച്ചയ്ക്ക് ശേഷം സൈന്യം വിശദീകരിച്ചു.

ബൽതൽ ബേസ് ക്യാംപിൽ നിന്നും സ്വകാര്യ വാഹനത്തിൽ സിവിൽ വസ്ത്രത്തിലെത്തിയ സൈനികരെ സോനാമാർഗിലെ ചെക്പോസ്റ്റിൽ തടയാൻ ശ്രമിച്ചിരുന്നു. എന്നാൽ സൈനികർ വാഹനം നിർത്താതെ പോയതിനെ തുടർന്ന് തൊട്ടടുത്ത ചെക്പോസ്റ്റായ ഗുണ്ടിൽ വാഹനം നിർത്താനുള്ള നിർദ്ദേശം പൊലീസ് കൈമാറി.

ഗുണ്ട് ചെക്പോസ്റ്റിൽ വാഹനം തടഞ്ഞ പൊലീസുകാർ സൈനികരെ മുന്നോട്ട് പോകാൻ അനുവദിച്ചില്ല. അമർനാഥ് യാത്രികർക്കുള്ള പാസിംഗ് സമയം കഴിഞ്ഞതിനാലായിരുന്നു ഇത്. കടുത്ത നിയന്ത്രണങ്ങളുള്ളതിനാൽ വാഹനം മുന്നോട്ട് പോകാൻ അനുവദിക്കാൻ സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

പിന്നീട് 24 രാഷ്ട്രീയ റൈഫിൾസിലെ തങ്ങളുടെ സഹപ്രവർത്തകരെ സൈനികർ വിളിച്ചുവരുത്തി. ഇവരെത്തിയാണ് പൊലീസുകാരെ മർദ്ദിച്ചത്. സംഭവം കണ്ടുനിന്ന നാട്ടുകാരാണ് പൊലീസിനെ രക്ഷിക്കാൻ രംഗത്തെത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

പിന്നീട് സൈനിക ഉദ്യോഗസ്ഥരെ ഗുണ്ട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. എന്നാൽ ഇവിടെയും അക്രമം തുടർന്ന സൈനികർ ലാപ്ടോപ്പുകളും കംപ്യൂട്ടറുകളും ഫയലുകളും ഷെൽഫുകളും നശിപ്പിച്ചു. പൊലീസിന്റെ ഡെയ്‌ലി ഡയറിയും നശിപ്പിക്കപ്പെട്ടു.

ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഈ സംഭവത്തിൽ ശക്തമായ നടപടി സൈനികർക്കെതിരെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അമർനാഥ് സന്ദർശനത്തിന് ശേഷം മടങ്ങിയ സൈനികരും ഗുണ്ട് ചെക്പോസ്റ്റിലെ പൊലീസുകാരും തമ്മിൽ ചെറിയൊരു തർക്കം ഉണ്ടായെന്നാണ് സൈനിക വക്താവിന്റെ വിശദീകരണം.

ഇക്കഴിഞ്ഞ ജൂലൈ പത്തിന് നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമർനാഥ് യാത്രയുടെ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. കനത്ത സുരക്ഷയ്ക്ക് പുറമേ യാത്രാസംഘത്തിന് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഭീകരാക്രമണത്തിൽ ഏഴ് സ്ത്രീകളടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook