1984 ലെ ഓപ്പറേഷന് മേഘദൂതിൽ കാണാതായ സൈനികരില്‍ ഒരാളുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇന്ത്യന്‍ സൈന്യം കണ്ടെടുത്തതായി റിപ്പോർട്ട്. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ സിയാച്ചിന്‍ ഹിമാനിയുടെ നിയന്ത്രണം ഏറ്റെടുത്ത് മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണിത്.
സൈന്യം കണ്ടെത്തിയ ഭൗതികാവശിഷ്ടം 19 കുമയൂണ്‍ റെജിമെന്റിലെ സൈനികനായ ലാന്‍സ് നായിക് ചന്ദ്രശേഖര്‍ സിങ്ങിന്റേതാണെന്നാണ് ഉധംപൂര്‍ ആസ്ഥാനമായുള്ള ഡിഫന്‍സ് പിആര്‍ഒ ലഫ്റ്റനന്റ് കേണല്‍ അഭിനവ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. 1984 മേയ് 29 ന് ഹിമപാതത്തില്‍ കുടുങ്ങിയ 20 അംഗ ആര്‍മി പട്രോളിങ്ങിന്റെ ഭാഗമായിരുന്നു ചന്ദ്രശേഖര്‍. ഹിമപാതത്തിലെ പട്രോളിങ്ങിനിടെയാണ് അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സിയാച്ചിനിലെ പഴയ ബങ്കറിനുള്ളിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സൈനികനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ആര്‍മി രേഖകളില്‍ നിന്ന് ശേഖരിച്ചയായും പ്രസതാവന പറയുന്നു.
ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ ചന്ദ്രശേഖറിന്റെ കുടുംബത്തിന് ഭൗതികാവശിഷ്ടങ്ങള്‍ ഉടന്‍ കൈമാറും. അല്‍മോറ സ്വദേശിയായ ലാന്‍സ് നായിക് ചന്ദ്രശേഖറിന്റെ ഭാര്യ ശാന്തി ദേവി നിലവില്‍ ഹല്‍ദ്വാനിയിലെ സരസ്വതി വിഹാര്‍ കോളനിയിലാണ് താമസിക്കുന്നത്. പൂര്‍ണ സൈനിക ബഹുമതികളോടെയാണ് ചന്ദ്രശേഖറിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തുകയെന്ന് ശാന്തി ദേവിയുടെ വീട്ടിലെത്തിയ ഹല്‍ദ്വാനി സബ് കലര് മനീഷ് കുമാറും തഹസില്‍ദാര്‍ സഞ്ജയ് കുമാറും അറിയിച്ചു
ലഭ്യമായ വിവരമനുസരിച്ച് ലാന്‍സ് നായിക് ചന്ദ്രശേഖര്‍ 1975 ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. 1984 ഏപ്രില്‍ 13 ന് രാവിലെ സിയാച്ചിന്‍ ഹിമാനിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇന്ത്യന്‍ സായുധ സേന ഓപ്പറേഷന് മേഘ്ദൂത് ആരംഭിച്ചു. 20 സൈനികരില്‍ 12 പേരുടെ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും അന്ന് ലാന്‍സ് നായിക് ചന്ദ്രശേഖര്‍ സിങ്ങിന്റേത് അടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായില്ലെന്ന് ആര്‍മി പിആര്‍ഒ പറഞ്ഞു.
‘ഈ സൈനികന് നടത്തിയ ത്യാഗം ഇന്ത്യന്‍ സൈന്യത്തിന്റെ ആത്മാവിനെ കാണിക്കുന്നു, ഭൂപ്രകൃതി സഹിക്കാനാവാത്തതാണെങ്കിലും, കാലാവസ്ഥ ഭയാനകമാണെങ്കിലും, അദ്ദേഹം മുന്നേറി, ഒടുവില്‍ പരമമായ ത്യാഗം ചെയ്യുകയും ചെയ്തു. ഈ കണ്ടെത്തല്‍ നിലവില്‍ സിയാച്ചിന്‍ ഹിമാനിയില്‍ സേവനമനുഷ്ഠിക്കുന്ന ഓരോ സൈനികന്റെയും കര്‍ത്തവ്യബോധം വര്‍ധിപ്പിച്ചു,” ലഫ്റ്റനന്റ് കേണല്‍ അഭിനവ് പറഞ്ഞു.