ശ്രീനഗർ: അവധിയിലായിരുന്ന സൈനികനെ ഭീകരർ വീട്ടിൽനിന്നും തട്ടിക്കൊട്ടു പോയി. ബുദ്ഗാം ജില്ലയിലെ ഖ്വാസിപോരയിലെ വീട്ടിൽനിന്നും ഇന്നലെ വൈകീട്ടാണ് ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രിയിലെ മുഹമ്മദ് യാസിൻ ഭട്ടിനെ ഭീകരർ തട്ടിക്കൊണ്ടു പോയതെന്ന് സീനിയർ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ”അവധിക്ക് വീട്ടിൽ എത്തിയതായിരുന്നു മുഹമ്മദ് യാസിൻ. വൈകീട്ട് അജ്ഞാതരായ ചിലർ വീട്ടിലെത്തി യാസിനെ വിളിച്ചു കൊണ്ടു പോവുകയായിരുന്നു. സൈനികനായുളള തിരച്ചിൽ തുടരുകയാണ്,” ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇതിനു മുൻപും അവധിയിൽ പോയ സൈനികരെ ഭീകരർ ഉന്നം വച്ചിട്ടുണ്ട്. 2018 ജൂണിൽ പുൽവാമയിൽ അവധിക്ക് വീട്ടിലെത്തിയ രാഷ്ട്രീയ റൈഫിൾസിലെ സൈനികൻ ഔറംഗസീബിനെ ഭീകരർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു. 2017 സെപ്റ്റംബറിൽ ബന്ദിപോരിലെ ഹാജിനിൽ ബിഎസ്എഫ് കോൺസ്റ്റബിൾ മുഹമ്മദ് റംസാൻ പാരിയെ ഭീകരർ വീട്ടിൽനിന്നും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി.
രണ്ടു മാസത്തിനുശേഷം നവംബറിൽ ഷോപ്പിയാനിലെ സസാനിൽനിന്നും സൈനികൻ ഇർഫാൻ അഹമ്മദ് ദറിനെ ഭീകരർ വീട്ടിൽനിന്നും തട്ടിക്കൊണ്ടുപോയി. ഏതാനും ദിവസങ്ങൾക്കുശേഷം വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി.
2017 മേയിൽ സൈനിക ഉദ്യോഗസ്ഥൻ ലഫ്.ഉമർ ഫയാസ് പരയ്യെ ഷോപ്പിയാനിൽനിന്നും ഭീകരർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. അടുത്ത ബന്ധുവിന്റെ വിവാഹത്തിന് ഷോപ്പിയാനിൽ എത്തിയതായിരുന്നു ഉദ്യോഗസ്ഥൻ. ഭീകരർ വീട്ടിൽ അതിക്രമിച്ചു കടന്ന് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.