പാരിസ്: പാരിസിലെ ലൂവര്‍ മ്യൂസിയത്തിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാള്‍ക്ക് നേരെ ഫ്രഞ്ച് സൈനികൻ വെടിയുതിർത്തതായി റിപ്പോര്‍ട്ട്. കൈയില്‍ കത്തിയും പെട്ടിയുമായി അകത്തു കടക്കാന്‍ ശ്രിച്ചയാളെയാണ് വെടിവെച്ചതെന്നാണ് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ഇയാള്‍ അറബിയില്‍ അളളാഹു അക്ബറെന്നും ദൈവം വലിയവനാണെന്നും ഉറക്കെ ചൊല്ലിയതായും സൈന്യം വ്യക്തമാക്കി. അഞ്ചു തവണയാണ് സൈനികന്‍ ഇയാള്‍ക്കെതിരെ വെടിയുതിര്‍ത്തത്. അക്രമി തിരിച്ച് ആക്രമിച്ചപ്പോള്‍ സൈനികന് നേരിയ പരുക്കേറ്റു. ലൂവര്‍ മ്യൂസിയത്തില്‍ നിന്നും അടുത്തുള്ള ഷോപ്പിങ് മാളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്.
അക്രമി ആരാണെന്നും പെട്ടിയില്‍ എന്താണ് കൊണ്ടു വന്നതെന്നും ഇതുവരെയും വ്യക്തമായിട്ടില്ല. കനത്ത സുരക്ഷാ വീഴ്‌ചയാണ് നടന്നിരിക്കുന്നതെന്ന് ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അക്രമി ഭീകരാക്രമണം നടത്താനാണ് ഉദ്ദേശിച്ചതെന്നാണ് പാരിസ് പൊലീസ് വിഭാഗം വ്യക്തമാക്കിയതെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
സംഭവസ്ഥലത്ത് പൊലീസും സൈന്യവും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്ക് അക്രമിയുമായി ബന്ധമുണ്ടോയെന്ന് വ്യക്തമായിട്ടില്ല.

ഫ്രാൻസിന്റെ തലസ്ഥാനത്ത് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന മ്യൂസിയമാണ് ലൂവര്‍. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി 2015ലും 2016ലും നടന്ന ഭീകരാക്രമണങ്ങളെ തുടർന്ന് സുരക്ഷ ശക്തമാക്കിയതിനിടെ വീണ്ടുമൊരു ഭീകരാക്രമണത്തിനാണ് ശ്രമം നടന്നതെന്നാണ് സൂചന.