ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയ സൈനികനെ വെടിവെച്ചു കൊന്നു. 44 രാഷ്ട്രീയ റൈഫിള്‍സിലെ ഔറംഗസേബാണ് കൊല്ലപ്പെട്ടത്. തലയ്‌ക്കും കഴുത്തിനും വെടിയേറ്റ നിലയില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുല്‍വാമ ജില്ലയിലെ ഗുസ്സു ഗ്രാമത്തില്‍ ഇന്നു രാവിലെയാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്.

സംഘര്‍ഷബാധിത പ്രദേശമായ ദക്ഷിണ കശ്‌മീരിലെ ഷോപിയാനില്‍ സൈനിക ചുമതലയിലുണ്ടായിരുന്ന ഔറംഗസീബിനെയാണ് വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയത്.

പെരുന്നാള്‍ അവധിക്ക് കശ്‌മീരിലെ രജൗരിയിലെ വീട്ടിലേക്ക് മടങ്ങിയ ഔറംഗസീബിനെ പുല്‍വാമയിലെ കലംപൊര പ്രദേശത്ത് വച്ചാണ് തട്ടിക്കൊണ്ടുപോയത്. നാലാം നമ്പര്‍ ജമ്മു കശ്‌മീര്‍ ലൈറ്റ് ഇന്‍ഫാന്‍ട്രിയിലെ അംഗമായിരുന്നു ഇദ്ദേഹം.

ഇന്നലെ രാവിലെ 9 മണിയോടെയാണ് ഔറംഗസീബിന്റെ സഹപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ ഒരു കാറില്‍ കയറ്റിവിട്ടത്. എന്നാല്‍ വഴിമധ്യേ വിഘടനവാദികള്‍ കാര്‍ തടഞ്ഞുനിര്‍ത്തി ഔറംഗസീബിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഔറംഗസേബിനായി പൊലീസും സൈന്യവും തിരച്ചില്‍ നടത്തി വരികയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook