ഭാഗിക സൂര്യഗ്രഹണം ദര്‍ശിച്ച് ലോകം. റഷ്യയിലാണ് ഗ്രഹണം ഏറ്റവും വ്യക്തമായി ദൃശ്യമായത്. യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്കയുടെ വടക്കു-കിഴക്കന്‍ ഭാഗങ്ങള്‍, പടിഞ്ഞാറന്‍ ഏഷ്യ, വടക്കന്‍ അറ്റ്ലാന്റിക് സമുദ്രം, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം എന്നിവ ഉള്‍ക്കൊള്ളുന്ന മേഖലയ്ക്കൊപ്പം ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഗ്രഹണം ദൃശ്യമായി.

ഇന്ത്യയില്‍ ന്യൂ ഡല്‍ഹി, ലേ എഎന്നിവ ഉള്‍പ്പെടുന്ന ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലാണ് ഗ്രഹണം ഏറ്റവും വ്യക്തമായി കാണാന്‍ കഴിഞ്ഞത്. ഇന്ത്യയില്‍ സൂര്യാസ്തമനത്തിനു മുന്‍പാണ് ഗ്രഹണം വ്യക്തമായത്.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, അജ്മീര്‍, ജയ്പുര്‍, അമൃത്സര്‍, ഭോപാല്‍, ചണ്ഡീഗഡ്, ഹരിദ്വാര്‍, ഡെറാഡൂണ്‍, ചെന്നൈ, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ ഗ്രഹണം ദര്‍ശിച്ചു.

സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ വരുന്ന ചുരുങ്ങിയ സമയത്തെയാണു സൂര്യഗ്രഹണമെന്നു പറയുന്നത്.

എന്നാല്‍, സൂര്യനെ ഭാഗികമായി മാത്രം ചന്ദ്രന്‍ മറയ്ക്കുമ്പോള്‍ അതിനെ ഭാഗിക ഗ്രഹണമെന്നു പറയുന്നത്. ഭാഗിക സൂര്യഗ്രഹണത്തിന്റെ ശരാശരി സമയം ഒരു മണിക്കൂര്‍ 39 മിനുറ്റ് 31 സെക്കന്‍ഡാണ്.

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഗ്രഹണത്തിന്റെ ഉയര്‍ന്ന സമയത്ത് ചന്ദ്രന്‍ സൂര്യനെ മറച്ചത് 40 മുതല്‍ 50 ശതമാനം വരെയായിരുന്നു. ഡല്‍ഹിയില്‍ 44 ശതമാനവും മുംബൈയില്‍ 24 ശതമാനവും ആയിരുന്നു ഇത്.

ന്യൂഡല്‍ഹിയില്‍ വൈകുന്നേരം 4.29 മുതലും മുംബൈയില്‍ 4.49 മുതലും ഗ്രഹണം ദൃശ്യമായി. ഗ്രഹണത്തിന്റെ അവസാനഘട്ടം ഇന്ത്യയില്‍ സൂര്യാസ്തമയത്തിനു ശേഷമായിരുന്നു. അതിനാല്‍ ഈ ദൃശ്യം ലഭ്യമായില്ല.

ഗ്രഹണത്തെിന്റെ സാഹചര്യത്തില്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളായ ബദ്രിനാഥും കേദാര്‍നാഥും അടച്ചിട്ടു. രാജ്യത്തിന്റെ പല ഭാഗടങ്ങളിലും വിശ്വാസികള്‍ പ്രാര്‍ഥനകളിലും മറ്റ് ആചാരാനുഷ്ഠാനങ്ങളിലും ഏര്‍പ്പെട്ടു.

ഗ്രഹണദൃശ്യങ്ങള്‍ നൈനിറ്റാളിലെ ആര്യഭട്ട ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സര്‍വേഷണല്‍ സയന്‍സും (എ ആര്‍ ഐ ഇ എസ്) ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്സും(ഐ എ എ) യൂട്യൂബ് ചാനലുകള്‍ വഴി തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.

ലഡാക്കിലെ ഇന്ത്യന്‍ അസ്‌ട്രോണോമിക്കല്‍ ഒബ്സര്‍വേറ്ററിയില്‍നിന്നുള്ള ഗ്രഹണ ദൃശ്യങ്ങളാണ് ഐ ഐ എ ബെംഗളൂരു സംപ്രേക്ഷണം ചെയ്തത്.
ഭാഗിക സൂര്യഗ്രഹണത്തിന്റെ ഭാഗമായി ദുബൈയിലെ പള്ളികളിലുടനീളം പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.42 നും 4.54 നും ഇടയിലാണു യു എ ഇയില്‍ ഗ്രഹണം ദൃശ്യമായത്.

അസര്‍ നമസ്‌കാരാനന്തരം ഗ്രഹണ നമസ്‌കാരം നടത്തുമെന്ന് ദുബായ് ഇസ്ലാമിക അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്‌മെന്റ് (ഐ എ സി ഐ ഡി) സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

ഗ്രഹണം ഉച്ചസ്ഥിതിയില്‍ എത്തുമ്പോഴാണു ”ഖുസൂഫ് എന്ന അറിയപ്പെടുന്ന ഗ്രഹണ നമസ്‌കാരം നടത്തുന്നത്. ഇസ്ലാം മത വിശ്വാസപ്രകാരം സന്മാര്‍ഗത്തില്‍ ജീവിക്കാനുള്ള ദൈവികമായ ഓര്‍മപ്പെടുത്തലായാണ് ഗ്രഹണത്തെ കണക്കാക്കുന്നത്. അതിനാല്‍ പ്രായപൂര്‍ത്തിയായ വിശ്വാസികള്‍ സാധാരണ നിര്‍വഹിക്കാറുള്ള അഞ്ച് നേരത്തെ പ്രാര്‍ത്ഥനയില്‍നിന്നു വ്യത്യസ്തമാണ് ഖുസൂഫ്.

സാധാരണ നമസ്‌കാര രീതികളില്‍നിന്ന് അല്‍പ്പം വ്യത്യസ്തമായി ഗ്രഹണ നമസ്‌കാരങ്ങളില്‍ ദീര്‍ഘമായ ഖുര്‍ആന്‍ പാരായണമുണ്ടാവും. പ്രാര്‍ത്ഥനാ ദൈര്‍ഘ്യവും കൂടുതലായിരിക്കും.

