ബോംബെ : സൊഹറാബുദ്ദീന്‍ ഷെയ്ഖ് ഏറ്റുമുട്ടല്‍ കൊലക്കേസില്‍ കോടതി വ്യവഹാരം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കിക്കൊണ്ടുള്ള കീഴ്ക്കോടതി വിധി നീക്കിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ വിധി. സൊഹറാബുദ്ദീന്‍ ഷെയ്ഖിനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതാണ് എന്നായിരുന്നു കേസിലുയര്‍ന്ന ആരോപണം. ” കേസില്‍ എന്താണ് നടക്കുന്നത് എന്നറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട് ” എന്ന്‍ വിധിയില്‍ പ്രസ്താവിച്ച ജസ്റ്റിസ് രേവതി മോഹിതെ ദേരെ വിധിയില്‍ മാധ്യമസ്വാതന്ത്ര്യത്തിന്‍റെ പ്രസക്തിയും അടിവരയിട്ടു.

ഇന്ത്യന്‍ എക്‌സ്പ്രസ്സ് അടക്കം ഒമ്പത് മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിമേല്‍ വിധി പറയുകയായിരുന്നു രേവതി മോഹിതേ ദേരെ. നവംബര്‍ 29നാണ് സൊഹറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കി കൊണ്ട് പ്രത്യേക സിബിഐ കോടതി വിധി പുറപ്പെടുവിക്കുന്നത്.

സമൂഹത്തില്‍ നിലനില്‍ക്കുന്ന ഏറ്റവും ശക്തമായ നിരീക്ഷണ സംവിധാനമാണ് മാധ്യമങ്ങള്‍ എന്ന് വിധിയില്‍ പറഞ്ഞ ജസ്റ്റിസ് ദേരെ. പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ എളുപ്പം ലഭിക്കാത്ത വിവരങ്ങളെ പ്രചരിപ്പിക്കുക എന്ന വലിയൊരു കടമയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത് എന്നും കൂട്ടിച്ചേര്‍ത്തു.

സൊഹറാബുദ്ദീന്‍ കേസില്‍ കുറ്റാരോപിതനായ ഒരു വ്യക്തിയുടെ പരാതിമെലാണ് സിബിഐ മാധ്യാമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. കുറ്റാരോപിതന്റെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി സുരക്ഷാ കാരണങ്ങള്‍ കാണിച്ചാണ് വിലക്കേര്‍പ്പെടുത്തിയത്. മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താവുന്ന “അസാധാരണമായ സാഹചര്യങ്ങൾ” എന്താണെന്ന് മനസ്സിലാക്കാന്‍ കീഴ്ക്കോടതിക്ക് സാധിച്ചില്ല എന്നും ബോംബെ ഹൈക്കോടതിയുടെ വിധിയില്‍ പറയുന്നു.

കേസിലെ ആദ്യ പ്രോസിക്യൂഷന്‍ സാക്ഷികളെ വിചാരണ ചെയ്യുവാനിരുന്ന ദിവസമാണ് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിധി വരുന്നത്. ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പൊലീസുകാരടക്കം 22 പേര്‍ക്കെതി കേസെടുക്കുന്നതിന് നേരത്തെ കോടതി മുന്‍കൈയെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ