മുംബൈ: സൊഹറബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിലെ 22 പ്രതികളേയും വെറുതെവിട്ടു. മുംബൈയിലെ സിബിഐ പ്രത്യേക കോടതി ജഡ്ജി എസ്.ജെ.ശർമ്മയാണ് പ്രതികളെ വെറുതെ വിട്ടത്. കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ കോടതി വെറുതെ വിട്ടത്.
മൂന്ന് അന്വേഷണങ്ങൾ നടന്നിട്ടും തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മൊഴി വീണ്ടും രേഖപ്പെടുത്തണമെന്ന സാക്ഷിയുടെ ആവശ്യവും കോടതി തള്ളി.
സൊഹറബുദ്ദീൻ ഷെയ്ഖിനെയും ഭാര്യ കൗസർബിയെയും ഡ്രൈവർ തുളസിറാം പ്രജാപതിയെയും 2005 നവംബർ മൂന്നിനാണ് ഹൈദരാബാദിൽനിന്നും മഹാരാഷ്ട്രയിലെ സംഗ്ലിയിലേക്കുളള യാത്രാമധ്യേ തട്ടിക്കൊണ്ടുപോയത്. ഷെയ്ഖിനെയും ഭാര്യയെയും ഗുജറാത്തിലേക്കാണ് കൊണ്ടുപോയത്. പ്രജാപതിയെ രാജസ്ഥാനിലെ ഭീർവാരയിൽനിന്നും അറസ്റ്റ് ചെയ്തു. ഷെയ്ഖ് ലഷ്കറെ തയിബ ഭീകരനാണെന്നും ഗുജറാത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്താനാണ് ഇയാൾ പോയതെന്നുമാണ് ആരോപണം.
ഷെയ്ഖ് 2005 നവംബർ 26 നാണ് അഹമ്മദാബാദിൽ വച്ച് കൊല്ലപ്പെടുന്നത്. പിന്നീട് ഭാര്യ കൗസർബിയും മൂന്നു ദിവസത്തിനുശേഷം ഗുജറാത്ത-രാജസ്ഥാൻ അതിർത്തിയിൽവച്ച് പ്രജാപതിയും കൊല്ലപ്പെട്ടു. സൊഹറബുദ്ദീൻ ഷെയ്ഖിനെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നാണ് സിബിഐ ആരോപണം. 2010 ലാണ് സിബിഐ കേസന്വേഷണം ഏറ്റെടുത്തത്.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കം 38 പ്രതികളാണ് ഉണ്ടായിരുന്നത്. 2014 നും 17 നും ഇടയ്ക്കായി ഇതിൽ ഷാ അടക്കമുളള 16 പേരെ കോടതി വെറുതെ വിട്ടു. ഇതിൽ ഐപിഎസ് ഉദ്യോഗസ്ഥരും മന്ത്രിമാരും ഉൾപ്പെട്ടിരുന്നു. കേസിന്റെ വിചാരണ 2017 നവംബറിലാണ് തുടങ്ങിയത്. 210 പേരായിരുന്നു സാക്ഷികൾ. ഇതിൽ 92 പേർ വിചാരണയ്ക്കിടെ കൂറുമാറി.