/indian-express-malayalam/media/media_files/uploads/2017/11/Amit-Shah_0-horzOut.jpg)
മുംബൈ: സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ വിധിയെ സ്വാധീനിക്കാന്‍ ഉന്നത ഇടപെടല്‍ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി അന്തരിച്ച മുന്‍ സിബിഐ ജഡ്ജി ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ സഹോദരി അനുരാധ ബിയാനി രംഗത്ത്. കേസില്‍ അമിത് ഷായ്ക്ക് അനുകൂലമായി വിധി പറയുന്നതിന് ലോയയ്ക്ക് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മൊഹിത് ഷാ നൂറു കോടി രൂപ കോഴ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് ബിയാനിയുടെ വെളിപ്പെടുത്തല്‍.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കുറ്റാരോപിതനായ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സിബിഐ ജഡ്ജി ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ കാരവന്‍ മാഗസിന്‍ ഇന്നലെ പുറത്തു വിട്ടിരുന്നു. മരണകാരണവും ചികിത്സ നല്‍കിയ രീതിയും സംശയകരമാണെന്നും ജഡ്ജിയുടെ മൊബൈല്‍ മെസേജുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നെന്നും സഹോദരിയും ഡോക്ടറുമായ അനുരാധ ബിയാനി പറഞ്ഞതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് തുടർച്ചയായാണ് കാരവൻ പുതിയ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.
2014-ലെ ദീപാവലി ആഘോഷങ്ങള്‍ക്കായി കുടുംബാംഗങ്ങള്‍ ഒത്തുകൂടിയപ്പോള്‍ ആണ് ലോയ തനിക്ക് കിട്ടിയ വാഗ്ദാനം കാര്യം കുടുംബാംഗങ്ങളോട് വെളിപ്പെടുത്തിയതെന്നാണ് വാര്‍ത്ത പുറത്തു വിട്ട കാരവന്‍ മാസികയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അനുകൂലമായി വിധി പ്രസ്താവിച്ചാല്‍ പണവും ഒരു വീടും കിട്ടുമെന്ന ഓഫര്‍ ലഭിച്ച കാര്യം മകന്‍ തന്നോട് പങ്കുവച്ചെന്ന് ബി.എച്ച്.ലോയയുടെ പിതാവ് ഹരികൃഷ്ണനും കാരവന്‍ റിപ്പോര്‍ട്ടറോട് വെളിപ്പെടുത്തുന്നുണ്ട്.
തന്റെ വസതിയിലേക്ക് വിളിച്ചു വരുത്തിയാണ് ചീഫ് ജസ്റ്റിസ് മൊഹിത് ഷാ ലോയക്ക് കോഴ വാഗ്ദാനം ചെയ്തതെന്ന് അനുരാധ പറയുന്നു. സിവില്‍ ഡ്രസ്സില്‍ തന്നെ വന്നു കാണാനായിരുന്നു മൊഹിത് ഷാ ലോയയോട് ആവശ്യപ്പെട്ടത്. ഡിസംബര്‍ 30-ന് വിധി വരികയാണെങ്കില്‍ അത് വലിയ വാര്‍ത്തയാവില്ലെന്നും അതിനേക്കാള്‍ ജനശ്രദ്ധ നേടുന്ന മറ്റൊരു വാര്‍ത്ത വരുമെന്നും മൊഹിത് ഷാ പറഞ്ഞതായും അനുരാധ വെളിപ്പെടുത്തുന്നു.
എന്നാല്‍ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാന്‍ ലോയ തയ്യാറായില്ല. ഒന്നുകില്‍ ജോലി ഉപേക്ഷിക്കുക അല്ലെങ്കില്‍ സ്ഥലംമാറ്റത്തിന് തയാറാകുക എന്നതാണ് തനിക്കു മുന്നിലുള്ള വഴിയെന്ന് മകന്‍ ഒരിക്കല്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് പിതാവ് ഹര്‍കിഷനും പറഞ്ഞു.
മരിക്കുന്ന സമയത്ത് ജസ്റ്റിസ് ലോയ പരിഗണിച്ചിരുന്നത് രാജ്യത്തെ ഞെട്ടിച്ച കേസുകളിലൊന്നായ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസായിരുന്നു. സൊഹ്റാബുദ്ദീന്‍ കൊല്ലപ്പെടുമ്പോള്‍ ഗുജറാത്തിലെ ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ ജസ്റ്റിസ് ലോയ മരിക്കുമ്പോള്‍ ബിജെപി അദ്ധ്യക്ഷനായിരുന്നു. 2005 നവംബര്‍ 26നാണ് സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്കിനെയും ഭാര്യ കൗസര്‍ബിയെയും ലഷ്‌കര്‍ ഇ തോയ്ബ ഭീകരരാണെന്ന് ആരോപിച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തട്ടിക്കൊണ്ടുപോകുകയും വെടിവെച്ച് കൊല്ലുകയും ചെയ്തത്. കേസിലെ ദൃക്‌സാക്ഷിയായിരുന്ന തുളസീറാം പ്രജാപതിയെയും കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഗുജറാത്ത് പോലീസ് പിന്നീട് വധിച്ചിരുന്നു.
രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സുപ്രീംകോടതി ഇടപെട്ട് 2012ല്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് കേസ് മുംബൈയിലേക്ക് മാറ്റി. 2013 സെപ്തംബറില്‍ അമിത് ഷാ ഉള്‍പ്പെടെ 36 പേരെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 2014 ജൂണ്‍ 6ന് കോടതിയില്‍ ഹാജരാകാതിരുന്നതിന് അമിത് ഷായെ ശാസിച്ച ജഡ്ജി ജെ ടി ഉത്പതിനെ ജൂണ്‍ 25ന് സ്ഥലം മാറ്റി. തുടര്‍ന്നാണ് ജസ്റ്റിസ് ലോയയെ നിയമിച്ചത്.
കേസില്‍ അമിത് ഷാ കോടതിയില്‍ നേരിട്ട് ഹാജരാകാതിരുന്നതെന്തുകൊണ്ടെന്ന് ആരാഞ്ഞ ജസ്റ്റിസ് ലോയ കേസ് പരിഗണിക്കുന്നത് 2014 ഡിസംബര്‍ 15ലേക്ക് മാറ്റിയിരുന്നു. കേസ് പരിഗണിക്കാനിരിക്കെയാണ് ഡിസംബര്‍ 1ന് ജസ്റ്റിസ് ലോയയുടെ മരണവാര്‍ത്ത പുറത്തുവരുന്നത്. ലോയ മരിച്ച് ഒരു മാസത്തിനുള്ളില്‍ ഈ കേസില്‍ അമിത് ഷാക്കെതിരെ തെളിവുകളില്ല എന്ന് ചൂണ്ടിക്കാട്ടി കോടതി ഷായെ കുറ്റവിമുക്തനാക്കുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.