ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയം ഉണ്ടാക്കിവെച്ച പൊല്ലാപ്പ് ചെറുതൊന്നുമല്ല. അനധികൃതമായി കുടിയേറുന്നവരെ മാത്രമല്ല, അമേരിക്കയിലേക്ക് സന്ദര്‍ശനത്തിനെത്തുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരേയും ഇത് പ്രതികൂലമായാണ് ബാധിക്കുന്നത്. ട്രംപിന്റെ നയങ്ങളുടെ ചുവടുപിടിച്ച് അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ ദിനംപ്രതി ‘സെലക്ടീവ്’ ആയ വിദേശരാജ്യങ്ങളിലെ യാത്രക്കാര്‍ മോശമായാണ് കൈകാര്യം ചെയ്യപ്പെടുന്നത്. അവസാനത്തെ ഇര നൈജീരിയയില്‍ നിന്നുള്ള 28കാരനായ ഒരു സോഫ്റ്റ്‍വെയര്‍ എഞ്ചിനീയര്‍ ആണ്.

സ്റ്റാര്‍ട്ട് അപ് കമ്പനിയായ അണ്ടേലയിലെ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ സെലസ്റ്റിന്‍ ഒമിനെ ആണ് ജോണ്‍ എഫ് കെന്നഡിയെ വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞുവെച്ചത്. നിങ്ങളെ കണ്ടാല്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണെന്ന് തോന്നുന്നില്ലെന്നും അത് തെളിയിക്കാന്‍ പരീക്ഷ എഴുതണമെന്നും വിമാനത്താവള അധികൃതര്‍ ഒമിനോട് ആവശ്യപ്പെട്ടു.

വിമാനത്താവളത്തിലെത്തിയ ഒമിനോട് ആദ്യം ഒരു ഉദ്യോഗസ്ഥനാണ് ജോലി എന്താണെന്ന് വ്യക്തമാക്കാന്‍ പറഞ്ഞത്. സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണെന്ന് ഒമിന്‍ വ്യക്തമാക്കിയപ്പോള്‍ സംശയത്തോടെയാണ് വിമാനത്താവള ഉദ്യോഗസ്ഥന്‍ ഒമിനെ വീക്ഷിച്ചത്. മിനുറ്റുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ ഒമിനെ ഉദ്യോഗസ്ഥന്‍ ഒരു റൂമിലേക്ക് കൊണ്ടു പോയി.

തുടര്‍ന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞ് ആദ്യത്തെ ഉദ്യോഗസ്ഥന്‍ മറ്റൊരു കസ്റ്റംസ് ഓഫീസറേയും കൂട്ടിക്കൊണ്ട് വന്നു. വിസയില്‍ താങ്കള്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണെന്ന് പറയുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് അത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഒമിന്റെ കൈയില്‍ ഒരു പേനയും പേപ്പറും നല്‍കി തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതണമെന്നും അറിയിച്ചു.

തുടര്‍ന്നാണ് സോഫ്റ്റ്‍വെയര്‍ സംബന്ധമായ ചോദ്യങ്ങള്‍ ഒമിനോട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദിച്ചത്. എന്നാല്‍ അവ്യക്തവും ഒന്നില്‍ കൂടുതല്‍ ഉത്തരങ്ങളും സാധ്യമായ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഒമിന് സാധിച്ചില്ല. തന്നെ ചോദ്യം ചെയ്യുന്നതിന്റെ കാരണമെന്താണെന്ന് തനിക്ക് അറിയണമെന്ന് കുപിതനായ ഒമിന്‍ ചോദിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ ഉത്തരം നല്‍കാന്‍ തയ്യാറായില്ല.

ഇത്തരത്തിലൊരു പരീക്ഷ വിമാനത്താവളത്തില്‍ ഉണ്ടാകുമെന്ന് അറിയുമായിരുന്നെങ്കില്‍ താന്‍ പഠിച്ചിട്ട് വരുമായിരുന്നെന്ന് കുപിതനായ ഒമിന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. തുടര്‍ന്നാണ് ഒമിനെ ഉദ്യോഗസ്ഥര്‍ പോകാന്‍ അനുവദിച്ചത്. നിങ്ങള്‍ക്ക് പോകാമെന്നും, തങ്ങളെ ബോധ്യപ്പെടുത്തിയെന്ന തെറ്റിദ്ധാരണ വേണ്ടെന്നും പറഞ്ഞാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒമിനെ പറഞ്ഞയച്ചത്. തുടര്‍ന്ന് തനിക്കുണ്ടായ അനുഭവം ഒമിന്‍ ട്വിറ്റര്‍ വഴി പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

കഴിഞ്ഞയാഴ്ച്ച ഓസ്ട്രേലിയന്‍ എഴുത്തുകാരി മെം ഫോക്സിനെ അമേരിക്കയിലെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മില്‍വാക്കിയില്‍ ഒരു കോണ്‍ഫറന്‍സിനായി എത്തിയ മെം ഫോക്സിനെ ലോസ് ആഞ്ജല്‍സ് വിമാനത്താവളത്തില്‍ മണിക്കൂറുകളോളമാണ് തടഞ്ഞുവെച്ചത്. തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ മാപ്പു പറഞ്ഞാണ് കൈ കഴുകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ