ന്യൂഡല്‍ഹി: ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസം നീക്കം ചെയ്യണം എന്ന ആവശ്യവുമായി ബിജെപി രാജ്യസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഈ വാക്ക് ‘നിരര്‍ത്ഥക’മായെന്നും പകരം ‘ഒരു പ്രത്യേക ആശയവുമില്ലാത്ത സാമ്പത്തിക ചിന്തയ്ക്കുവേണ്ടിയുള്ള ഇടം’ ഒരുക്കണമെന്നുമുള്ള വാദമുയര്‍ത്തിയാണ് ബിജെപി എംപിയായ രാകേഷ് സിന്‍ഹ പ്രമേയം വെള്ളിയാഴ്ച അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയത്.

പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സ്വകാര്യ ബില്‍ അവതരിപ്പിക്കാനുള്ള സമയത്ത് ഈ പ്രമേയം അവതരിപ്പിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ടാണ് സിന്‍ഹ രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് നോട്ടീസ് നല്‍കിയത്. ഈ നോട്ടീസ് അവതരിപ്പിക്കുന്നതിന് അനുവാദം നല്‍കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യ ഒരു സ്വതന്ത്ര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് എന്നാണ് ഭരണഘടന ആമുഖത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്. സഭയില്‍ പാസാക്കുന്ന ഓരോ പ്രമേയവും ബന്ധപ്പെട്ട മന്ത്രിക്ക് അയക്കുകയും മന്ത്രി പ്രമേയത്തിന്റെ അര്‍ത്ഥമുള്‍ക്കൊള്ളുന്ന തരത്തില്‍ നിയമം കൊണ്ടുവരികയും വേണം.

Read Also: അസാധാരണ സാഹചര്യം, വേണ്ടത് അതീവ ജാഗ്രത: മുഖ്യമന്ത്രി

ഭരണഘടനാ എഴുതിയവേളയില്‍ ആമുഖത്തില്‍ ഇല്ലാതിരുന്ന സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകള്‍ അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിയാണ് 42-ാം ഭേദഗതിയിലൂടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയത്. ആദ്യ കാലത്തെ ആമുഖത്തിലേക്ക് തിരിച്ച് പോകണമെന്ന് അനവധി സംഘങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. 2015-ലെ റിപ്പബ്ലിക് ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പരസ്യത്തില്‍ ഉപയോഗിച്ചിരുന്ന ഭരണഘടനാ ആമുഖത്തില്‍ മതേതരത്വം, സോഷ്യലിസ്റ്റ് എന്നീ വാക്കുകള്‍ ഇല്ലായിരുന്നു. ഇത് ഏറെ വിവാദമുയര്‍ത്തിയിരുന്നു.

മതേതരത്വം എന്ന വാക്ക് നീക്കണമെന്ന്‌ സിന്‍ഹയ്ക്ക് അഭിപ്രായമില്ല. മതേതരത്വം എന്ന വാക്കിനെ കുറിച്ച് പല കാഴ്ചപ്പാടുകളുണ്ടാകാം. അത് ഇപ്പോഴും ആവശ്യമുണ്ടെന്ന് ചിലര്‍ക്ക് തോന്നിയേക്കാം. നമ്മുടെ സംസ്‌കാരത്തിലും പ്രവൃത്തിയിലും രൂഢമൂലമാണ് മതേതര സ്വഭാവം. എന്നാല്‍ ഇന്നത്തെ സാമൂഹിക-സാമ്പത്തിക വികസന സാഹചര്യത്തില്‍ സോഷ്യലിസം ഒരു നിരര്‍ത്ഥകമായ വാക്കാണ്, സിന്‍ഹ പറയുന്നു.

1976-ല്‍ രാജ്യത്ത് മൗലികാവകാശങ്ങള്‍ റദ്ദാക്കിയ അടിയന്തരാവസ്ഥയില്‍ ആയിരുന്നപ്പോഴാണ് സോഷ്യലിസ്റ്റ് എന്ന വാക്ക് 42-ാം ഭരണഘടനാ ഭേദഗതി നിയമ പ്രകാരം ആമുഖത്തില്‍ ചേര്‍ത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

നരേന്ദ്ര മോദി ഭരണകൂടത്തിന്റെ നയമനുസരിച്ചാണ് സോഷ്യലിസ്റ്റെന്ന വാക്ക് ഒഴിവാക്കണമെന്ന നിലപാട് സ്വീകരിച്ചതിന് മറ്റൊരു കാരണമെന്ന് സിന്‍ഹ പറഞ്ഞു.

Read in English: BJP Rajya Sabha member to move resolution for removal of ‘socialism’ from Constitution

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook