/indian-express-malayalam/media/media_files/uploads/2017/02/arun-jaitley-7591-1.jpg)
India's Finance Minister Arun Jaitley (C) arrives at the parliament where he is due to present the federal budget, in New Delhi, India, February 1, 2017. REUTERS/Adnan Abidi
ധനമന്ത്രിമാർ കണക്കുകൾ അവതരിപ്പിക്കുന്പോഴൊക്കെ ഒരു മജീഷ്യന്റെ പാടവം കാണിക്കും. ജെയ്റ്റ്‌ലിയും നല്ല മജീഷ്യൻ ആണ്. ഒരുപാട് കൊടുത്തു എന്ന് തോന്നിപ്പിക്കുക, പക്ഷെ ഒന്നു തൊട്ടുപോവുക.
ഇന്നവതരിപ്പിച്ച കേന്ദ്ര ബജറ്റ് ഗ്രാമീണ മേഖലയ്ക്കും, കൃഷിക്കും, സ്ത്രീകൾക്കും ദളിതർക്കും ആദിവാസികൾക്കും നല്ല തുക നീക്കിവെച്ചു എന്നും പറഞ്ഞാണ് കൈയടി നേടുന്നത്. ജെയ്‌റ്റ്‌ലി കൈയയച്ചു ഫണ്ട് നൽകിയെന്ന രീതിയിലാണ് ഏല്ലാവരും അഭിപ്രായപ്രകടനം നടത്തുന്നത്. യഥാർഥത്തിൽ വർധന വളരെ ചെറുതാണ്.
തൊഴിലുറപ്പും, ദളിത്, ആദിവാസി, ന്യുനപക്ഷ പരിപാടികളും ഉൾപ്പെട്ട കോർ ഓഫ് കോർ ആയ ഏഴ് കേന്ദ്ര പദ്ധതികളും, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, വീട്, റോഡ്, കുടിവെള്ളം, ഉച്ചഭക്ഷണം, അംഗനവാടി പദ്ധതികൾക്കായി കഴിഞ്ഞ ബജറ്റിലെ തുകയും റിവൈസ്ഡ് ബജറ്റ് തുകയും, ഈ ബജറ്റിലെ നീക്കിയിരുപ്പും അവലോകനം ചെയ്താൽ മനസിലാവുന്നത് യാഥാർഥ്യത്തിൽ 10 ശതമാനം വർധന മാത്രമേയുള്ളു. കഴിഞ്ഞ ബഡ്ജറ്റുമായി താരതമ്യം ചെയ്താൽ അത് 16 ശതമാനം ആവും. 6.75 - 7.75 ശതമാനം വളർച്ച നേടാൻ തയ്യാറെടുക്കുന്ന ഒരു സമ്പദ് വ്യവസ്ഥക്ക് സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കായി 20 - 25 ശതമാനം അധികം കൊടുക്കുന്നത് കൊണ്ട് നഷ്ടം ഒന്നും ഉണ്ടാവില്ല. പ്രത്യേകിച്ചും രാജ്യം ഒരു സാമ്പത്തിക മാന്ദ്യത്തെ നേരിടുമ്പോൾ - ഡിമാൻഡ് കൂട്ടാനുള്ള കെയ്‌നീഷ്യൻ തന്ത്രമാണിത്. രാജ്യത്തിനും ജനത്തിനും ഉപകരിക്കുകയും ഉത്‌പാദനം കൂടുകയും ചെലവാക്കാനുള്ള കഴിവ് ജനത്തിനുണ്ടാവുകയും ചെയ്യും.
പ്രധാനമന്ത്രി ആവാസ് യോജനയുടെയും സ്വച്ഛ ഭാരതിന്റെയും നീക്കിയിരുപ്പു മാറ്റി വച്ചാൽ റിവൈസ്ഡ് ബഡ്ജറ്റിൽ നിന്നുള്ള വർദ്ധനവ് വെറും 8 ശതമാനം മാത്രമാണ്. ഉദാഹരണം തൊഴിലുറപ്പിനു ഏറ്റവും കൂടുതൽ നീക്കിയിരുപ്പാണുള്ളത് എന്നാണ് ധനമന്തി പറഞ്ഞതു, പക്ഷെ അത് റിവൈസ്ഡ് ബഡ്ജറ്റിൽ നിന്നും വെറും 501 കോടി രൂപയും, (ഒരു ശതമാനം മാത്രം), ഗ്രാമീണ കുടിവെള്ള പദ്ധതിക്ക് 50 കോടി (ഒരു ശതമാനം വർധന പോലുമില്ല), ദേശിയ വിദ്യാഭ്യാസ മിഷന് വെറും നാല് ശതമാനവും ഉച്ചഭക്ഷണത്തിനു മൂന്ന് ശതമാനവുമാണ് വർധന.
ഐ സി ഡി എസിനു മൊത്തത്തിൽ 20 ശതമാനം വർദ്ധനവ് ഉണ്ടെങ്കിലും അംഗനവാടി സേവനങ്ങൾക്ക് തുച്ഛമായ തുകയെ നീക്കിവെച്ചിട്ടുള്ളു. വർധനവ് പ്രസവാനുകൂല്യത്തിനും പോഷകാഹാര പരിപാടിക്കും ആണ്. കഴിഞ്ഞ വർഷം നീക്കി വെച്ച തുക പരിമിതമായിരുന്നു, അതിൽ നിന്നും ഒന്നു ഭേദപ്പെട്ടെന്നു മാത്രം. ഇപ്പോഴും ശരിക്കും വേണ്ട തുകയുടെ അടുത്തുപോലും എത്തുന്നില്ല. അംഗനവാടി സേവനങ്ങളുടെ പട്ടിക ഈ ബഡ്ജറ്റും വർധിപ്പിച്ചു - ഡിജിറ്റൽ സാക്ഷരതാ നൽകുന്നത് അംഗനവാടി വഴിയെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയും മനസിലാവാത്ത ഒരുകാര്യമാണ് മാസം 3000 രൂപ പോലും വരുമാനമില്ലാത്ത പല സംസ്ഥാനങ്ങളിലെയും അടിസ്ഥാന വരുമാനത്തിന് താഴെ നിൽക്കുന്ന അങ്കണവാടികളിൽ സേവകർ ചെയ്യാൻ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ എന്ന് നോക്കേണ്ടതാണ്.
സാമൂഹ്യ ക്ഷേമ പദ്ധതികളിലെ ഈ കണക്കുകൾ പരിഗണിച്ച ശേഷം, ധനമന്ത്രി ഗ്രാമീണ ജനങ്ങൾക്കും, സ്ത്രീകൾക്കും, ദലിതർക്കും, ആദിവാസികൾക്കും ഒപ്പം എന്ന് പറഞ്ഞാൽ - അദ്ദേഹത്തിന്റെ തന്നെ കീഴിൽ പ്രവർത്തിക്കുന്ന നീതി ആയോഗ് പുറത്തിറക്കിയ സാമ്പത്തിക സർവേ പറഞ്ഞ ക്ലീവേജ്ഡ് - പിളർന്ന ഇന്ത്യ വീണ്ടും പിളർന്നുകൊണ്ടിരിക്കുകയെ ഉള്ളു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.