ബാംഗ്ലൂർ: 2021 ഫെബ്രുവരി മുതൽ 2022 ഫെബ്രുവരി വരെ, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ട്വിറ്ററിന് 10 ബ്ലോക്ക് ഓർഡറുകൾ നൽകിയതായി വിവരം. വിവര സാങ്കേതിക നിയമത്തിലെ 69 (എ) വകുപ്പ് പ്രകാരം 1,400 അക്കൗണ്ടുകളും 175 ട്വീറ്റുകളും നീക്കം ചെയ്യാൻ കേന്ദ്രം ട്വിറ്ററിനോട് നിർദ്ദേശിച്ചതായാണ് വിവരം. ഇതിനെതിരെ ട്വിറ്റർ കർണാടക ഹൈക്കോടതിയെ സമീപിച്ചു, 39 ലിങ്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഐടി മന്ത്രാലയത്തിന്റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.
ഈ അക്കൗണ്ടുകളിൽ നിന്നുള്ള പ്രത്യേക ട്വീറ്റിന് പകരം അക്കൗണ്ട് മുഴുവൻ നീക്കം ചെയ്യാനാണ് ഐടി മന്ത്രാലയത്തിന്റെ ഉത്തരവിൽ ഉള്ളതെന്ന് ട്വിറ്റർ കോടതിയെ അറിയിച്ചു. “നിരവധി ലിങ്കുകളിൽ രാഷ്ട്രീയ പ്രവർത്തകരുടെയും പത്രപ്രവർത്തകരുടെയും ഉള്ളടക്കങ്ങൾ അടങ്ങിയിരിക്കുന്നു. അത്തരം വിവരങ്ങൾ തടയുന്നത് ട്വിറ്ററിലെ പൗരന്മാർക്ക് തങ്ങൾ ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാകും, ”കമ്പനി പറഞ്ഞു.
69(എ) വകുപ്പ് പ്രകാരം എന്നല്ലാതെ ഇവ നീക്കം ചെയ്യേണ്ടതിന്റെ ശരിയായ കാരണം മന്ത്രാലയം പല കേസുകളിൽ പറഞ്ഞിട്ടില്ലെന്ന് കമ്പനി പറയുന്നു.
1,474 അക്കൗണ്ടുകളും 175 ട്വീറ്റുകളും ബ്ലോക്ക് ചെയ്യാനുള്ള ബ്ലോക്ക് ഓർഡറുകളാണ് ട്വിറ്ററിന് ലഭിച്ചത്. നിസാര കാരണങ്ങളുടെ പേരിൽ പുറപ്പെടുവിച്ച ബ്ലോക്ക് ഓർഡറുകൾ ഭരണഘടനാ വിരുദ്ധമാണെന്നും ഈ ഉത്തരവ് റദ്ദാക്കണമെന്നും കമ്പനി ആവശ്യപെടുന്നു. “ഉത്തരവ് 69 (എ) വകുപ്പ് അനുസരിക്കുന്നില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് ബ്ലോക്ക് ഓർഡറുകൾക്കെതിരെ കോടതിയെ സമീപിക്കുന്നതെന്നും
ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
69 (എ) വകുപ്പ് ലംഘിക്കുന്ന നിർദ്ദിഷ്ട ട്വീറ്റുകൾ മാത്രം ഉൾപ്പെടുത്തി മന്ത്രാലയം തടയൽ ഉത്തരവുകൾ പരിഷ്ക്കരിക്കണമെന്നും കമ്പനി നിർദ്ദേശിച്ചു.
സെക്ഷൻ 69 (എ) ഉത്തരവുകൾ രഹസ്യമായി സൂക്ഷിക്കേണ്ടതിനാൽ നീക്കം ചെയ്യാൻ മന്ത്രാലയം ഉത്തരവിട്ട അക്കൗണ്ടുകളുടേയും ട്വീറ്റുകളുടേയും വിശദാംശങ്ങൾ മുദ്രവച്ച കവറിൽ ട്വിറ്റർ കോടതിയിൽ സമർപ്പിച്ചതായാണ് വിവരം.