ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലെ വ്യക്തിഹത്യക്കും അപകീര്‍ത്തിപ്പെടുത്തലിനുമെതിരെ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖ കൊണ്ടുവരണമെന്നു സുപ്രീം കോടതി. സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണു സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതു തടയാന്‍ എന്തെല്ലാം മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം. ഇക്കാര്യങ്ങള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവർ ഉൾപ്പെട്ട ബഞ്ച്  ആവശ്യപ്പെട്ടു.

Read Also: കാസ്റ്റിങ് കൗച്ച് ആരോപണവുമായി സേക്രഡ് ഗെയിംസ് താരം സുര്‍വീന്‍ ചൗള

സമൂഹമാധ്യമ അക്കൗണ്ടുകളുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന ഹര്‍ജിയിലാണു നടപടി. നയരൂപീകരണത്തില്‍ നേരിട്ട് ഇടപെടാന്‍ പരിമിതിയുണ്ടെന്നു കോടതി വ്യക്തമാക്കി. ഓൺലെെൻ വഴിയുള്ള വ്യക്തിഹത്യകൾ തടയുന്നതിനുള്ള പദ്ധതികൾ സർക്കാർ ആലോചിക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യകൾ തടയാൻ എന്തെല്ലാം മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടുണ്ടെന്നു വ്യക്തമാക്കണം. എന്തെല്ലാം മാർഗങ്ങളാണ് ഇനി സ്വീകരിക്കേണ്ടത് എന്നതിനെക്കറിച്ച് കേന്ദ്രം വ്യക്തമാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook