ന്യൂഡല്‍ഹി: തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെങ്കില്‍ യുവാക്കള്‍ തെരുവിലിറങ്ങുമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. സമൂഹ മാധ്യമങ്ങളും വ്യാജവാര്‍ത്തകളും ഉപയോഗിച്ച് ഏറെ കാലം ശ്രദ്ധ തിരിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഭവന്‍സ് എസ്.പി.ജെ.ഐ.എം.ആര്‍ സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ സ്റ്റഡീസ് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ജോലിയില്ലാത്ത ചെറുപ്പക്കാരെ കുറച്ച് കാലത്തേക്ക് ശ്രദ്ധതിരിച്ചുവിടാനാകും. എന്നാല്‍, വേണ്ടത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെങ്കില്‍ അവര്‍ തെരുവിലിറങ്ങും. കാര്യങ്ങള്‍ വഴിതിരിച്ചുവിടാന്‍ സമൂഹ മാധ്യമങ്ങളും വ്യാജവാര്‍ത്തകളുമെല്ലാം ഉപയോഗിക്കാം, പക്ഷേ അവസാനം അത് പരാജയപ്പെടും.” അദ്ദേഹം പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങളും വ്യാജവാർത്തകളും കൊണ്ട് പ്രശ്നങ്ങളിൽനിന്ന് അധികകാലം ശ്രദ്ധതിരിക്കാനാവില്ല.

കേന്ദ്ര സര്‍ക്കാറിന്റെ ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതി സംബന്ധിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നികുതികള്‍ സ്ഥാപിച്ച് ഇറക്കുമതി കുറക്കാനാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കില്‍ അത് കഴിഞ്ഞവര്‍ഷങ്ങളില്‍ ചെയ്ത് പരാജയപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ ഉത്പാദിപ്പിക്കുന്നതിലും ലാഭകരമാണെങ്കിലാണ് ഇറക്കുമതി നടക്കുക. അതിനേക്കാൾ കുറഞ്ഞ വിലയിൽ കയറ്റുമതി നടത്താനായാലേ പ്രയോജനമുണ്ടാകൂ.

ചൈന ഉയർന്നുവന്നത് അസംബ്ലിങ് യൂണിറ്റുകളുടെ പിൻബലത്തിലായിരുന്നു. ഘടകങ്ങൾ ഇറക്കുമതിചെയ്ത് കൂട്ടിയോജിപ്പിച്ച് കയറ്റുമതി ചെയ്യണം. കയറ്റുമതി നടത്തണമെങ്കിൽ ഇറക്കുമതിയും വേണ്ടിവരും. ഇറക്കുമതിത്തീരുവ ഉയർത്തുന്നതിനു പകരം ഇന്ത്യയിൽ ഉത്പാദനത്തിനു വേണ്ട അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് വേണ്ടത്.

പണം ചെലവിടുന്നത് ശ്രദ്ധയോടും ബുദ്ധിപൂർവവുമാണെങ്കിൽ മാത്രമേ ദീർഘകാലാടിസ്ഥാനത്തിൽ പ്രതിഫലം ലഭിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ വളർച്ചയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും എന്നാൽ സാമ്പത്തിക വ്യവസ്ഥയിലെ മാന്ദ്യത്തിന്റെ അനന്തരഫലങ്ങൾ മനസിലാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook