ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില്‍ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്ക് വ്യാപക നിരോധനം. “പൊതുജനങ്ങളിൽ വിരോധം വ്യാപിപ്പിക്കുന്ന തരത്തിലുള്ള അധിക്ഷേപാര്‍ഹമായ ഉള്ളടക്കങ്ങൾ” സംപ്രേഷണം ചെയ്യുന്നു എന്നും “വിവിധങ്ങളായ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു” എന്നും കാരണങ്ങള്‍ നിരത്തിയാണ് കശ്മീരില്‍ സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച്ചയാണ്‌ വാട്ട്സപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നിവയടക്കം 22 സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. “ഒരു മാസം അല്ലെങ്കിൽ കൂടുതൽ ഉത്തരവുകൾ വരുന്നതുവരെ … പൊതുവ്യവസ്ഥയുടെ പരിപാലനമെന്ന താൽപര്യാര്‍ത്ഥം” എന്നാണ് ഉത്തരവ് അനുശാസിക്കുന്നത്.

മുഖ്യമന്ത്രി മെഹബൂബ മുഫ്‌‌തി അദ്ധ്യക്ഷതയിൽ യൂണിഫൈഡ് കമാൻഡ് ഹെഡ്ക്വാർട്ടേഴ്സില്‍ നടന്ന ചര്‍ച്ചയ്ക്കു ശേഷമാണ്  സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച നടന്ന ചർച്ചയ്ക്കുശേഷം ബുധനാഴ്ചയാാണ് നിരോധനം ഏർപ്പെടുത്തൽ പ്രഖ്യാപനം വന്നത്. നിരോധനം വരുന്നതിനും  ഒരു ദിവസം മുന്നേ താഴ്വരയിലെ 3ജി, 4ജി മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ക്ക് ജമ്മു സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

നിലവില്‍ താഴ്വരയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന അസ്വാരസ്യങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതു തടയാന്‍ സോഷ്യല്‍ മീഡിയയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണം എന്നു യൂണിഫൈഡ് കമാൻഡ് ഹെഡ്ക്വാർട്ടേഴ്സില്‍ നടന്ന ചര്‍ച്ചക്കിടയില്‍ പല ഉദ്യോഗസ്ഥരും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് ലഭ്യമായ വിവരം.

സൈറ്റ് നിരോദനത്തിന്‍റെ ഓര്‍ഡര്‍ നല്‍കിയത് അഭ്യന്തര സെക്രട്ടറി ആര്‍കെ ഗോയല്‍ ആണ്. ഫേസ്ബുക്ക്, ട്വിറ്റർ, വാട്‌സ്‌ആപ്പ്, ക്യുക്യു, വീ ചാറ്റ്, ക്യൂസോണ്‍, ടബ്ലർ, ഗൂഗിള്‍ പ്ലസ്, ബൈഡു, സ്കൈപ്പ്, വൈബര്‍, ലൈന്‍, സ്‌നാപ്‌ചാറ്റ്, പിന്‍ററസ്റ്റ്‌, ടെലിഗ്രാം, റെഡ്ഡിറ്റ്, സ്നാപ്‌ഫിഷ്, യൂട്യൂബ് (അപ്‌ലോഡ് മാത്രമാണ് നിരോധനത്തിൽ ഉൾപ്പെടുത്തിയിട്ടുളളത്), വൈന്‍, ബസ്സ്‌നെറ്റ്, ഫ്ലിക്കര്‍ എന്നീ സൈറ്റുകള്‍ക്ക് “ഒരു മാസത്തേക്കോ തുടര്‍ന്നു നിര്‍ദേശം വരുന്നതു വരേയോ” നിരോധനം എന്നാണ് നിര്‍ദേശം പറയുന്നത്.

ഇന്ത്യന്‍ ടെലിഗ്രാഫ് ആക്റ്റിന്റെ സെക്ഷന്‍ അഞ്ച്‌ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കശ്മീരില്‍ ഈ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്‍റര്‍നെറ്റിനു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തിനെതിരെ മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയും ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള രംഗത്തു വന്നു. ” ഇന്റര്‍നെറ്റിനു ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ നിരോധനം കശ്മീരിന്‍റെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കും. ഇത് കൂടുതലായും ബാധിക്കുക യുവാക്കളെയാവും. യുവാക്കള്‍ ഇ-കൊമേഴ്സ്‌ മേഖലയില്‍ ആരംഭിച്ചിട്ടുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ പ്രധാനമായും ഇന്‍റര്‍നെറ്റ് ആശ്രയിച്ചുള്ളതാണ്. ഈ നടപടി സ്വകാര്യമേഖലയിലെ തൊഴിലില്ലായ്മ വര്‍ദ്ധിപ്പിക്കും. പ്രത്യേകിച്ച് ടൂറിസം മേഖലയില്‍ ഇത് തിരിച്ചടിയാവും. ജനങ്ങള്‍ ഒട്ടും അംഗീകരിക്കാത്ത ഈ സര്‍ക്കാര്‍, ഇത്തരം നടപടികള്‍ എടുത്തുകൊണ്ടും അവരിലെ അസ്വാരസ്യങ്ങളെ അടിച്ചമർത്തുകയാണ്. ജനങ്ങളിലെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടും ഇങ്ങനെ കുറേക്കാലം അധികാരത്തില്‍ തുടരാം എന്നാണ് അവര്‍ കരുതുന്നത്.” ഫറൂഖ് അബ്ദുള്ള പറഞ്ഞു.

“ഇസ്താംബുളിൽ ഒരു മാസം വേനൽക്കാല സ്കൂളിൽ പങ്കെടുക്കുവാനായി എനിക്ക് സ്കൈപ്പ് അഭിമുഖത്തില്‍ പങ്കെടുക്കണമായിരുന്നു. ഇടപെടലുകളുടെ ജനാധിപത്യ പ്രക്രിയ. ” കശ്മീരില്‍ നിന്നുമുള്ള ഒരു ഫേസ്ബുക്ക് ഉപഭോക്താവ് തന്‍റെ വാളില്‍ കുറിച്ചിട്ടു.

ഓട്ടോമൊബീൽ കമ്പിനി ഉടമയായ അബ്ദുൾ ഹമീദ് സാമൂഹിക മാധ്യമ നിരോധനത്തിൽ നിരാശനാണ്. ഇത് തന്റെ ബിസിനസ്സിനെ ബാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ബിസിനസ് നടക്കുന്നത് വാട്‌സ്​ആപ്പും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ്. നിരോധനം അതിനെ സാരമായി ബാധിക്കുമെന്നും അദ്ദേഹം പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ