ചുമ, തുമ്മൽ എന്നിവ വഴി പുറന്തള്ളപ്പെടുന്ന ശരീര ദ്രവങ്ങൾ 20 അടി (ആറ് മീറ്റർ) വരെ അകലേക്ക് വ്യാപിക്കുമെന്ന് പഠന ഫലം. ഇത്തരത്തിൽ ശരീര ദ്രവങ്ങളിലൂടെ ആറ് മീറ്റർ അകലേക്ക് വരെ വൈറസ് വ്യാപിക്കാമെന്നുെ പഠനത്തിൽ പറയുന്നു. ആറ് മീറ്റർ വരെ ദൂരെ നിന്നുള്ള വൈറസ് ശ്വസനത്തിലൂടെ ശരീരത്തിലെത്താം. തണുത്തതും ഈർപ്പമുള്ളതുമായി അന്തരീക്ഷത്തിൽ വൈറസ് പകരാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.

യുഎസിലെ കാലിഫോർണിയ സർവകലാശാല സാന്റ ബാർബറയിൽ നിന്നടക്കമുള്ള ഗവേഷകരാണ് പഠനത്തിൽ പങ്കാളികളായത്. വൈറസ് സാന്നിദ്ധ്യമുള്ള ദ്രവങ്ങളുടെ തുള്ളികൾ 20 അടി വരെ സഞ്ചരിക്കുമെന്നും അതിനാൽ നിലവിലെ സാമൂഹി അകല ചട്ട പ്രകാരമുള്ള ആറ് അടി ദൂരം വൈറസ് പ്രതിരോധത്തിന് അപര്യാപ്തമാണെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.

Read More: കോവിഡ് കാരണം ഇന്ത്യയിലെ 70 ശതമാനത്തിലധികം ശസ്ത്രക്രിയകൾ മുടങ്ങുമെന്ന് പഠനം

വൈറസുകളടങ്ങിയ തുള്ളികൾ വായുവിലൂടെ എങ്ങനെ സഞ്ചരിക്കുന്നുവെന്നതും അന്തരീക്ഷവുമായുള്ള താപ വിനിമയവും വൈറസ് വ്യാപനത്തെ സ്വാധീനിക്കുന്നു. ദ്രാവകങ്ങൾ ബാഷ്പീകരിക്കാൻ എത്ര സമയം ആവശ്യമാണ്, ഏത് ദിശയിലാണ് ഇവ സഞ്ചരിക്കുക, താപനില വ്യത്യാസപ്പെടുന്നതനുസരിച്ച് ഇവയിലുണ്ടാവുന്ന മാറ്റം, വായു പ്രവാഹം, അന്തരീക്ഷ ബാഷ്പം എന്നിവ കണക്കാക്കിയാണ് ഈ പഠനം നടത്തിയത്.

ചുമയ്ക്കുകയും തുമ്മുകയും ചെയ്ത് ശ്വാസകോശ ദ്രവങ്ങൾ എത്ര ദൂരം സഞ്ചരിക്കുന്നുവെന്ന്  പഠനത്തിൽ പരീക്ഷിച്ചു. സെക്കൻഡിൽ ഏതാനും മീറ്റർ മുതൽ 100 മീറ്ററിലധികം വരെ വേഗത്തിൽ ഇവ സഞ്ചരിക്കുന്നു. മുൻ പഠനങ്ങളിൽ നിന്നുള്ള 40,000 സാംപിളുകളുടെ ഫലങ്ങളാണ് ഇതിനായി പരിശോധിച്ചത്. മെഡ്ആർഎക്സ്ഐവി എന്ന ജേണലിലാണ് പഠനത്തിന്റെ കരട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Read More: Explained: കോവിഡ്-19 ആഗോള സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിച്ചു?

ശരീര ദ്രവത്തിന്റെ ചെറിയ തുള്ളികളാണ് കൂടുതൽ ദൂരത്തേക്കെത്തുന്നതെന്നും വലിയവ അടുത്തുതന്നെയുള്ള ഏതെങ്കിലും പ്രതലത്തിലേക്ക് വീഴുന്നുവെന്നും പഠനത്തിൽ പറയുന്നു. ചെറിയ കണികകൾ ബാഷ്പീകരിക്കുകയും അവ വായുവുമായി ചേർന്ന് എയറോസോൾ മിശ്രിതമായി മാറുകയും ചെയ്യുന്നു. ഇങ്ങനെ മാറിയ എയറോസോൾ കണികകളും വൈറസിനെ വഹിക്കുന്നവയായിരിക്കും. മണിക്കൂറുകളോളം ഇവ വായുവിൽ തങ്ങിനിൽക്കാമെന്നും പഠനത്തിൽ പറയുന്നു.

ശരീര ദ്രവങ്ങളുടെ വലിയ കണികകൾക്ക് കുറഞ്ഞ ദൂരപരിധിയിൽ മാത്രമാണ് വൈറസ് പടർത്താനാവുക. എന്നാൽ എയറോസോൾ കണികകൾ അകലേക്കും വൈറസ് പടർത്തുന്നു. ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയിൽ എയറോസോൾ രൂപീകരണം എളുപ്പമാവും. ഇതിനാൽ ഉഷ്ണമേഖലകളിലുള്ള പ്രദേശങ്ങളിൽ ഇക്കാര്യം ശ്രദ്ധിക്കണം. ചെറിയ കണികകളാണ് ശ്വാസകോശത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുക. ഇവ വായുവിൽ കൂടുതൽ നേരം തങ്ങിനിൽക്കുന്നുവെന്നും പഠനത്തിൽ പറയുന്നു.

Read More: കോവിഡ്-19 വാക്‌സിന്‍: അന്വേഷണവഴിയില്‍ ഇന്ത്യയും

സാമൂഹിക അകലത്തിനായി നിർദേശിച്ചിരിക്കുന്ന ആറ് അടി ദൂരം വൈറസ് വ്യാപനം തടയാൻ അപര്യാപ്തമാണെന്നും ആറ് മീറ്റർ അകലം പാലിക്കണമെന്നും ഗവേഷകർ നിർദേശിക്കുന്നു. മുഖാവരണം ധരിക്കുന്നത് വായുവിൽ തങ്ങിനിൽക്കുന്ന വൈറസ് വാഹകരായ കണികകളുടെ ഭീഷണി കുറയ്ക്കാൻ സഹായകരമാണെന്നും ഗവേഷകർ വ്യക്തമാക്കി.

വ്യത്യസ്ത കാലാവസ്ഥകളിൽ പരീക്ഷണം നടത്താനായില്ല എന്ന പരിമിതി ഈ പഠനത്തിനുള്ളതായി ഗവേഷകർ പറഞ്ഞു. വൈറസുകളുടെ നിലനിൽപിനെയും വ്യാപനത്തെയും കാലാവസ്ഥാ ഘടകങ്ങൾ സ്വാധീനിക്കും. സാർസ് മഹാവ്യാധിയിലും 2002-02ലെ ഇൻഫ്ലുവൻസ വ്യാപനത്തിലും സീസണുകളനുസരിച്ച് മാറ്റങ്ങൾ വന്നിരുന്നു. എന്നാൽ കോവിഡിന്റെ കാര്യത്തിൽ ഇങ്ങനെയാണോ എന്ന് വ്യക്തമല്ലെന്ന് അവർ പറഞ്ഞു.

Read More: Social distancing norms of 6 ft insufficient, virus can travel nearly 20 ft: Study

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook