ന്യൂഡല്‍ഹി: അസംഘടിത മേഖലയിലെ തൊഴിലാളികളെയടക്കം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് രൂപംകൊടുക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. തൊഴില്‍ മന്ത്രാലയം തയ്യാറാക്കിയ കരട് രൂപരേഖയില്‍ പ്രോവിഡന്റ് ഫണ്ട്, ഇഎസ്ഐ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത തൊഴിലാളികളേയും ഉള്‍പ്പെടുത്താനുള്ള ആലോചനകളുണ്ട്. നിര്‍ബന്ധ പെന്‍ഷന്‍, അപകടം മരണം എന്നിവയ്ക്ക് ഇഷുറന്‍സ് പരിരക്ഷ, പ്രസവാവധിക്കാലത്തെ ചെലവുകള്‍ എന്നിവയ്ക്കൊപ്പം തൊഴിലില്ലായ്മ വേതനവും മരുന്നുകള്‍ക്ക് വരുന്ന ചെലവുകളും വഹിക്കുന്ന തരത്തിലാകും പുതിയ സാമൂഹ്യ സുരക്ഷാ പദ്ധതി.

ഇതുസംബന്ധിച്ച് വരുന്ന ചെലവുകള്‍ കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി വഹിക്കുന്ന തരത്തിലാവും പദ്ധതിയുടെ ആസൂത്രണം. വിവിധ സംസ്ഥാനങ്ങളിൽ 2019ലെ പൊതുതിരഞ്ഞെടുപ്പ് ആസന്നമാകുന്ന ഘട്ടത്തില്‍ ഈ വര്‍ഷം അവസാനത്തോടുകൂടി പ്രഖ്യാപനം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

“നിലവില്‍ പ്രോവിഡന്റ് ഫണ്ട്, ഇഎസ്ഐ എന്നീ ആനുകൂല്യങ്ങള്‍ നല്‍കുന്നത് തൊഴില്‍ദാതാവിന്‍റെയും തൊഴിലാളിയുടേയും കൈയ്യില്‍ നിന്ന് ഒരേ തുക ഈടാക്കികൊണ്ടാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയെടുത്താല്‍ വലിയൊരു വിഭാഗത്തിന് അതിലേക്ക് സംഭാവന ചെയ്യാനേ സാധിക്കില്ല. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആ ജനവിഭാഗത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ ഈ ബില്‍ അവതരിപ്പിക്കുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായായിരിക്കും അതിന്‍റെ ചെലവ് വഹിക്കുക. അതിനാല്‍ തന്നെ നമുക്ക് സംസ്ഥാനങ്ങളെയും ഈ തീരുമാനത്തോടൊപ്പം കൊണ്ടുവരേണ്ടതുണ്ട്” തൊഴില്‍മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പദ്ധതിക്കായുള്ള പ്രമേയം വിവിധ മന്ത്രാലയങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പിനായി വരുന്ന പ്രാഥമിക ചെലവ് നിലവിലുള്ള പല പദ്ധതികളില്‍ നിന്നും വകയിരുത്തും എന്നാണ് ഉദ്യോഗസ്ഥന്‍ അറിയിക്കുന്നത്.

“പദ്ധതിയുടെ ഫണ്ടിനായി നമ്മള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സമാന്തരമായി മറ്റ് ചില പദ്ധതികളും രൂപീകരിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല, സംസ്ഥാനസര്‍ക്കാരുകളും ചേര്‍ന്നാണ് സാമൂഹ്യ സുരക്ഷയ്ക്കുള്ള ഈ ഫണ്ട് കണ്ടെത്തുക. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന തുക 300രൂപയാണ് എങ്കില്‍ അതിലേക്ക് സംസ്ഥാനത്തിന്‍റെ വിഹിതവും ചേര്‍ന്ന ശേഷമാണ് മൊത്തം തുക നല്‍കുക. ചില സംസ്ഥാനങ്ങള്‍ വയോജന പെന്‍ഷനായി കുറഞ്ഞത് 1000 രൂപയാണ് നല്‍കുന്നത്. ഇന്‍ഷുറന്‍സ് സ്കീമുകള്‍, വൈകല്യങ്ങള്‍ക്കുള്ള ആനുകൂല്യങ്ങൾ, പ്രസവാവധി ആനുകൂല്യങ്ങൾ എന്നിവ ചേര്‍ത്താണത്.

“പുതിയൊരു പാത വെട്ടിത്തുറക്കുന്ന പദ്ധതി” എന്ന നിലയില്‍ സാമൂഹ്യ സുരക്ഷാ പദ്ധതിയ്ക്ക് “കുറച്ചുകാലം” എടുക്കും എന്ന്‍ പറഞ്ഞ ഉദ്യോഗസ്ഥന്‍ സംസ്ഥാനങ്ങളെ അഭിപ്രായ സമന്വയത്തില്‍ എത്തിക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം എന്നും വിലയിരുത്തുന്നു. 2014ല്‍ അധികാരത്തിലെത്തിയ എന്‍ഡിഎ സര്‍ക്കാര്‍ 44 തൊഴില്‍ നിയമങ്ങളെ നാല് നിയമാവലികളാക്കി മാറ്റിയിട്ടുണ്ട്. വ്യാവസായിക ബന്ധങ്ങൾ, കൂലി, സാമൂഹ്യ സുരക്ഷ, തൊഴിലധിഷ്ഠിത സുരക്ഷ, ആരോഗ്യം, തൊഴിലധിഷ്ഠിത സാഹചര്യങ്ങൾ എന്നിവയാണ് നിയമാവലികള്‍.

ട്രേഡ് യൂണിയനുകളിൽ നിന്നുമുള്ള എതിർപ്പുകള്‍ നിലനില്‍ക്കെ തന്നെ കഴിഞ്ഞ ഓഗസ്റ്റിൽ ലോക്‌സഭയിൽ വേതന ബില്‍ അവതരിപ്പിക്കാൻ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിരുന്നു. കുറഞ്ഞ വേതന നിയമം 1948, പേയ്മെന്‍റ് ഓഫ് വേജസ് ആക്റ്റ് 1936, പേയ്മെന്‍റ് ഓഫ് ബോണസ് ആക്റ്റ് 1965, തുല്യ വേതന നിയമം 1976 എന്നീ നാല് തൊഴില്‍ നിയമങ്ങളെ ഒന്നാക്കുന്നതാണ് ലോക്‌സഭ അന്ന് പാസാക്കിയ വേതന നിയമം.

നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്‍ 2011-12ല്‍ നടത്തിയ സര്‍വ്വേ പ്രകാരം രാജ്യത്തെ 47.41 കോടി തൊഴിലാളികളില്‍ 83 ശതമാനം വരുന്ന 39.14 കോടി പേർ അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവരാണ്. പ്രോവിഡന്റ് ഫണ്ട് പോലുള്ള സംവിധാനങ്ങള്‍ വഴി സംഘടിത തൊഴില്‍ മേഖലയില്‍ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട് എങ്കിലും അസംഘടിത മേഖലയില്‍ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഏറെ പിന്നോട്ടാണ് രാജ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook