മനില: വിവാദങ്ങൾ ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേർഡിന് പുത്തരിയല്ല. പൊതുചടങ്ങിൽവച്ച് യുവതിയെ പരസ്യമായി ചുംബിച്ച് പ്രസിഡന്റ് വിവാദത്തിലായിരുന്നു. സുന്ദരികളായ സ്ത്രീകൾ ഉളളിടത്തോടം പീഡന കേസുകൾ ഉണ്ടായിക്കൊണ്ടേയിരിക്കുമെന്ന് പറഞ്ഞ് ഇപ്പോൾ പുതിയ വിവാദത്തിൽ പെട്ടിരിക്കുകയാണ് ഡ്യൂട്ടേർഡ്. അടുത്തിടെ പുറത്തുവന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസിഡന്റിന്റെ പരാമർശം.

റോഡ്രിഗോ ഡ്യൂട്ടേർഡിന്റെ സ്വദേശമായ ദാവോയിൽ ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നുവെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. ദാവോയിൽ ഡ്യൂട്ടേർഡ് മേയർ ആയിരുന്നിട്ടുണ്ട്. ‘ദാവോയിൽ നിരവധി ലൈംഗിക കേസുകൾ റജിസ്റ്റർ ചെയ്യുന്നുവെന്നാണ് അവർ പറയുന്നത്. സുന്ദരികളായ സ്ത്രീകൾ ഉളള കാലത്തോളം പീഡന കേസുകൾ ഉണ്ടായിക്കൊണ്ടേയിരിക്കും’, പ്രസിഡന്റ് പറഞ്ഞു.

Read More: പുസ്തകം തരാം, ചുംബനം തരുമോ?; ഫിലിപ്പീന്‍സ് പ്രസിഡന്റ് ‘ചൂടന്‍’ വിവാദത്തില്‍

‘ലൈംഗിക ബന്ധത്തിലേർപ്പെടാൻ ആരെങ്കിലും ആദ്യമേ സമ്മതിക്കുമോ? അതിന് സ്ത്രീകൾ അനുവദിക്കുമോ? ഇല്ലേയില്ല. ആരും അതിന് തയ്യാറാവില്ല. ആദ്യ തവണ ആരും അത് ചെയ്യാൻ സമ്മതിക്കില്ല, അതാണ് ബലാത്സംഗം’, ഡ്യൂട്ടേർഡ് പറഞ്ഞതായി ഫിലിപ്പീൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്താ വെബ്സൈറ്റ് റാപ്പ്‌ലർ റിപ്പോർട്ട് ചെയ്യുന്നു.

പ്രസിഡന്റിന്റെ പരാമർശത്തിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വനിതാ സംഘടനകൾ പ്രസിഡന്റിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അതേസമയം, പ്രസിഡന്റ് തമാശരൂപേണയാണ് അത് പറഞ്ഞതെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

Read More: ‘ആദം ചെയ്‌ത പാപത്തിന് നമ്മളെന്തിന് അനുഭവിക്കണം, ദൈവം വിഡ്‌ഢിയാണ്’; ഫിലിപ്പീന്‍സ് പ്രസിഡന്റ്

നേരത്തെ ദക്ഷിണകൊറിയയില്‍ ജോലി ചെയ്യുന്ന ഫിലിപ്പീനിയന്‍ സ്വദേശികള്‍ക്കായി നടത്തിയ ഒരു പരിപാടിക്കിടെ യുവതിയെ ചുംബിച്ച പ്രസിഡന്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സമ്മാനമായി കൊടുത്ത പുസ്തകത്തിന് പകരമായി ഫിലിപ്പീനിയന്‍ യുവതിയെ ചുംബിച്ചതാണ് വിവാദത്തിലേക്ക് നയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook