ദുബായ്/ന്യൂഡല്‍ഹി: ദുബായ് വിമാനത്താവളത്തിലിറങ്ങിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡില്‍ പാമ്പിനെ കണ്ടെത്തി. സംഭവത്തെക്കുറിച്ച് അന്വേഷക്കുമെന്നു ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) അന്വേഷിക്കുന്നതായി മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു.
കോഴിക്കോട്ടുനിന്ന് എത്തിയ ബി 737-800 വിമാനത്തിന്റെ കാര്‍ഗോ ഹോള്ഡിലാണു പാമ്പിനെ കണ്ടത്. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി.
ദുബായ് വിമാനത്താവളത്തില്‍ എത്തിയ വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡില്‍ പാമ്പിനെ കണ്ടതായും വിമാനത്താവള അഗ്നിശമനസേനയെ വിവരമറിയിച്ചതായും ഡി ജി സി എയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സംഭവം ഗ്രൗണ്ട് ഹാന്ഡ്ലിങ് പാളിച്ചയാണെന്നും അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പി ടി ഐയോട് പറഞ്ഞു. സംഭവത്തില്‍ പ്രതികരണത്തിനായി എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍നിന്ന് ഇന്നു പുലര്‍ച്ചെ 2.20നു വിമാനം കോഴിക്കോട്ടേക്കു പുറപ്പെടാനിരിക്കെയാണു പാമ്പിനെ കണ്ടെത്തിയതെന്നാണു ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
യാത്രക്കാര്‍ വിമാനത്തിലേക്കു കയറാന്‍ ഒരുങ്ങുമ്പോഴായിരുന്നു പാമ്പിനെ കണ്ടതെന്നും എല്ലാവരെയും തിരിച്ചിറക്കി ഹോട്ടലിലേക്കു മാറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യാത്രക്കാരെ നാട്ടിലെത്തിക്കാന്‍ ബദല്‍ നടപടിയെടുത്തിട്ടില്ലെന്നും ആരോപണമുണ്ട്.